ഗരുഡയുടെ മരണത്തിന് ശേഷം എന്ത് സംഭവിച്ചു? അഗ്‌നീപഥില്‍ ഋത്വിക് റോഷനെ ഇടിച്ച് പഞ്ചറാക്കിയ കാഞ്ചനയെ ഓര്‍മ്മയില്ലേ? കാന്‍സറിനോട് വരെ പൊരുതി, കട്ടവില്ലനിസം തിരികെപ്പിടിക്കാന്‍ അധീരയായി എത്തുന്നത് സാക്ഷാല്‍ സഞ്ജയ് ദത്ത്; കെജിഎഫ് 2 എത്തുമ്പോള്‍ ഘടികാരങ്ങള്‍ നിലയ്ക്കുമെന്നുറപ്പ്..! ട്രെയിലര്‍ വീഡിയോ കാണാം

കെജിഎഫ് ചാപ്റ്റര്‍ 2-എസ്എസ്എല്‍സി പരീക്ഷയുടെ റിസള്‍ട്ടിന് വേണ്ടി പോലും ഞാനിത്രയും കാത്തിരുന്നിട്ടില്ല. ഭംഗി വാക്ക് പറഞ്ഞതല്ല, സത്യമാണ്. സൗത്ത് ഇന്ത്യയില്‍ മലയാളം- തമിഴ് സിനിമകള്‍ക്ക് മാത്രമേ നിലവാരമുള്ളൂവെന്നും ലാലേട്ടനും മമ്മൂക്കയും രജനീകാന്തും അജിത്തുമൊക്കെയാണ് സൂപ്പര്‍സ്റ്റാറുകളെന്നും ബാക്കിയുള്ളവരൊക്കെ വെറും തൃണമാണെന്നുമായിരുന്നു ധാരണ. എത്ര ബജറ്റില്‍ എന്ത് ചെയ്ത് വച്ചാലും ഇവന്മാരുടെയൊക്കെ മുഖത്ത് വല്ല എക്സ്പ്രഷനും വരുമോ എന്ന പരമ പുച്ഛം, മുന്‍കാല തെലുങ്ക്- കന്നട നടന്മാര്‍ സീരിയസായി കാണിച്ചുകൂട്ടിയിരുന്ന കോമഡിയും സെന്റിമെന്റല്‍ ഡ്രാമയും ആ പുച്ഛത്തെ മുഖത്ത് ഫിക്സ് ചെയ്തുവെന്ന് വേണം പറയാന്‍. അവരുടെയൊക്കെ ആരാധകരോട് അതിലേറെ പുച്ഛം, നമ്മുടെ ബിഗ് ‘എം’സിനെ പോലെ ക്ലാസായിട്ട് മാസ് കാണിക്കുന്ന നടന്മാരും നമ്മുടേത് പോലെയുള്ള സിനിമകളും അവര്‍ക്കില്ലല്ലോ, നമ്മുടേതെല്ലാം നല്ലതാണല്ലോ… പുച്ഛത്തോട് പുച്ഛം. അങ്ങനെ പുച്ഛം ഫിക്സ് ചെയ്ത മുഖത്ത് ആദ്യപ്രഹരം തന്നത് ബാഹുബലിയാണ്. അന്ന് അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ തിയേറ്ററില്‍ നിന്നിറങ്ങിയ എന്നെ ഒരിറ്റ് കണ്ണീരോടെയല്ലാതെ എനിക്ക് ഓര്‍ക്കാനാകുന്നില്ല.

Advertisements

ബാഹുബലി തന്ന പ്രഹരത്തിന്റെ പതിന്മടങ്ങാണ് പിന്നാലെ എത്തിയ റോക്കിഭായ് തന്നത്. വെറും ‘തന്താരി താനേ’ മാത്രമല്ല സാന്‍ഡല്‍വുഡ് എന്ന് അരക്കിട്ടുറപ്പിച്ചു, പ്രശാന്ത് നീലിന്റെ ‘കെ.ജി.എഫ്’. വലിയ സസ്പെന്‍സ് എന്‍ഡൊന്നുമായിരുന്നില്ല ആദ്യഭാഗത്തിന്, എന്നിട്ടും രണ്ടാംഭാഗത്തിന് വേണ്ടി ഇത്രയധികം കാത്തിരിക്കുന്നുണ്ടെങ്കില്‍ ഒരുകാര്യം ഉറപ്പിക്കാം, മലയാളം സിനിമകള്‍ക്ക് തരാന്‍ സാധിക്കാത്ത ചടുലതയും വിഷ്വല്‍സും തെലുങ്ക്- കന്നട ചിത്രങ്ങള്‍ നമ്മുക്ക് തരുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാഹുബലിയും കെജിഎഫും പുഷ്പയും ആര്‍ആര്‍ആറും കാണുമ്പോള്‍, അവിടുത്തെ യുവതാരങ്ങളുടെ പെര്‍ഫോമന്‍സും ഫ്ളക്സ്ബിലിറ്റിയും ആക്ഷന്‍ മികവും ഗ്രേസും സ്‌ക്രീന്‍ പ്രെസന്‍സും കാണുമ്പോള്‍ തിയേറ്ററിനുള്ളിലിരുന്ന് വൗ എന്ന് അറിയാതെ പറഞ്ഞു പോകുന്നുണ്ട്. പുറത്തിറങ്ങുമ്പോള്‍ സങ്കടവും തോന്നും, 70ല്‍ എത്തിയ മമ്മൂക്കയും 60കളില്‍ ആറാടുന്ന ലാലേട്ടനും ശേഷം അധികം മലയാളം സിനിമകള്‍ കാണേണ്ടി വരില്ല. കാരണം, യഷും പ്രഭാസും അല്ലു അര്‍ജുനും രാം ചരണും ജൂനിയര്‍ എന്‍ടിആറും പോലെ നമ്മുക്കാരുണ്ട്? പൃഥ്വിയും ടൊവിനോയും ഫഹദുമോ? കണ്ടറിയണം… പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിക്കാത്തതുകൊണ്ട് കാശ് മുടക്കി സിനിമ കാണുന്നവന് ഒന്നും പറയാനും പറ്റില്ലല്ലോ ഇവിടെ..!

ചത്ത കുഞ്ഞിന്റെ ജാതകം വായിച്ച് നേരം കളയാതെ നമുക്ക് കെഎജിഎഫിലേക്ക് തിരികെ വരാം. സത്യം പറഞ്ഞാല്‍ റോക്കി ഭായിയേക്കാളും കെജിഎഫില്‍ കാത്തിരിക്കുന്നത് മറ്റൊരാളെയാണ്. അഗ്നീപഥില്‍ ഋത്വിക് റോഷനെ ഇടിച്ച് പഞ്ചറാക്കിയ കാഞ്ചനയെ.. പുഷ്പ പറഞ്ഞ ‘ഫയര്‍’ കണ്ണിലുള്ള ഇന്ത്യന്‍ സിനിമയിലെ ഒരേയൊരാള്‍, സാക്ഷാല്‍ സഞ്ജയ് ദത്ത്. ഒരു നോട്ടം മതി എതിരെ നില്‍ക്കുന്നവന്റെ ചങ്ക് പിളര്‍ക്കാന്‍..! കമല്‍ഹസനും ഇര്‍ഫാന്‍ ഖാനും ശേഷം കണ്ട ഏറ്റവും ആഴമുള്ള കണ്ണുകളുടെ ഉടമ. റോക്കി ഭായിയും അധീരയും.. എന്റെ ദൈവമേ എന്തൊരു ‘ക്ലാസ് വയലന്‍സാ’വും കാത്തിരിക്കുന്നത്. കെജിഎഫ് 2വിന്റെ ചിത്രീകരണത്തിനിടയില്‍ കാന്‍സര്‍ ചികില്‍സയ്ക്കായി പോകേണ്ടി വന്നിരുന്നു സഞ്ജയ് ദത്തിന്. അഗ്‌നീപഥില്‍ കണ്ട കാഞ്ചനയെ, കട്ടവില്ലനിസത്തിന്റെ തിരിച്ചുവരവിനെ, കെജിഎഫ് ആരാധകര്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്നുണ്ട്. ഈ പ്രായത്തിലും സിനിമയോടും ജീവിതത്തോടും അടങ്ങാത്ത ആവേശമുള്ള മനുഷ്യന്‍ കൂടിയാണല്ലോ അയാള്‍…

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി തവണ റിലീസ് ചെയ്യാനിരുന്ന കെജിഎഫ് 2 ഈ വര്‍ഷം ഏപ്രിലില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കേരളത്തില്‍ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രാഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. രവീണ ടണ്ഡന്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉള്‍പ്പടെയുള്ള ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക. രണ്ടാം ഭാഗത്തിലും പടത്തിന്റെ ജീവനാഡിയായ ബിജിഎം ഞെട്ടിക്കുമെന്നുറപ്പാണ്. ടെലിഗ്രാമില്‍ വരുമ്പോള്‍ കെജിഎഫ് കാണാനിരിക്കുന്നവരോരോട് ഒന്നേ പറയാനുള്ളൂ, നഷ്ടം നിങ്ങള്‍ക്ക് മാത്രമായിരിക്കും. ഒരു കള്‍ട്ടിന്റെ തുടര്‍ച്ചയാണ് വരാനിരിക്കുന്നത്, അത് തിയേറ്ററില്‍ തന്നെ അനുഭവിക്കണം..!

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.