സ്പോർട്സ് ഡെസ്ക്ക്
ഐപിഎല്ലിലെ ആദ്യ ചില മത്സരങ്ങൾക്ക് ചൂണ്ടിക്കാട്ടുവാനുള്ളത് വരാനിരിക്കുന്ന അത്ഭുത കാലത്തിന്റെ പുത്തൻ തീ പറക്കുന്ന പോരാട്ടത്തിന്റെ മുഖവുര തന്നെ. നിറഞ്ഞ ആവേശവും , ഒരു പിടി റെക്കോർഡുകളും പിറന്ന ആരാധക ലോകത്തെ തുടക്കം തന്നെ ആവേശത്തിന്റെ മാസ്മരിക അനുഭവം സമ്മാനിച്ച ഒരു പിടി മത്സരങ്ങൾ. അതേ ഈ ഐപിഎൽ ഒരു സൂചന തന്നെയാണ് വരാനിരിക്കുന്നത് വിസ്മയം തീർക്കുന്ന വെടിക്കെട്ട് തന്നെ ആണെന്നതിനുള്ള സൂചന. അതിന് മുന്നോടിയായി നടന്നത് എണ്ണം പറഞ്ഞ ചില കളി മാതൃകയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെന്നൈ കൊൽക്കത്ത മത്സരം മാറ്റി നിർത്തിയാൽ പിന്നീട് നടന്ന മത്സരങ്ങളെല്ലാം ഒന്നിന് ഒന്ന് മെച്ചം തന്നെയായിരുന്നു. കോഹ്ലി മാറി ഡുപ്ലിസി ക്യാപ്റ്റനായ ബാഗ്ലൂർ വലിയ സ്കോർ പടുത്തുയർത്തിയിട്ടും പരാജയം വഴങ്ങി. ഒഡിയൻ സ്മിത്തിന്റെ ഒടിവിദ്യ നിറഞ്ഞ ആക്രമ ഇന്നിംഗ്സിൽ വിജയം മുന്നിൽ കണ്ട ആർസിബി പരാജയത്തിന്റെ കയ്പ്പുനീർ കുടിക്കുകയായിരുന്നു. എന്നാലും പുതിയ ക്യാപ്റ്റന്റെ നേതൃത്വത്തിൽ 2022 തങ്ങൾക്ക് പോരാട്ടങ്ങളുടെ വർഷം തന്നെയാകും എന്ന് അടിവരയിട്ട് ഉറപ്പിച്ചാണ് ആർ സി ബി കളം വിട്ടത്.
മറ്റൊരു ആവേശ മത്സരം മുംബൈ ഡെൽഹി മത്സരമായിരുന്നു. വിജയം കൈപ്പിടിയിലെന്ന് മുംബൈ താരങ്ങൾ വിശ്വസിച്ച മത്സരം ഡെൽഹി അനായാസം തിരിച്ചു പിടിക്കുകയായിരുന്നു. മത്സരത്തിൽ പിറന്നതാകട്ടെ ടി ട്വന്റി മത്സരത്തിലെ പുത്തൻ റെക്കോർഡും.
മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിനു വേണ്ടി 4 വിക്കറ്റ് ബാക്കി നിൽക്കെ 40 പന്തിൽ 74 റൺസ് ആവശ്യമുള്ളപ്പോളാണ് അക്സർ പട്ടേലും ലളിത് യാദവും ബാറ്റ് ചെയ്യാൻ ഒരുമിക്കുന്നത്.രണ്ട് പേരും കൂടി നേടുന്നത് 30 പന്തിൽ 75 റൺസാണ്, ഓവറിൽ 15 റൺസ് ആണ് ശരാശരി.
ടി ട്വന്റി ചരിത്രത്തിൽ ഏഴാം വിക്കറ്റോ അല്ലെങ്കിൽ അതിനു താഴെയോ ഉള്ള വിക്കറ്റുകളിലെ പാർട്ട്ണർഷിപ്പുകളിൽ കുറഞ്ഞത് 30 പന്ത് നേരിട്ട് വിജയകരമായി ചേസ് ചെയ്തതിൽ ഏറ്റവും ഉയർന്ന റൺറേറ്റിൽ ബാറ്റ് ചെയ്ത സഖ്യമായി മാറി ഇതോടെ അക്സറും ലളിതും..
ഇവർ മറികടന്നതാകട്ടെ ഈ ജനുവരിയിൽ വെല്ലിങ്ടണു വേണ്ടി സെൻട്രൽ ഡിസ്ട്രിക്സിനെതിരെ ഏഴാം വിക്കറ്റിൽ മൈക്കൽ ബ്രേസ്വെല്ലും ലോഗൻ വാൻ ബീക്കും കൂടി എടുത്ത 34 പന്തിലെ 79 (റൺ റേറ്റ് : 13.94) റൺസിന്റെ കൂട്ട് കെട്ടും.
അന്ന് മൈക്കൽ മൈക്കൽ ബ്രേസ്വെൽ പുറത്താകാതെ 65 പന്തിൽ 141 റൺസ് നേടിയിരുന്നു, വിജയകരമായ ചേസിൽ വിന്നിങ്ങ് റൺ നേടിയ താരങ്ങളിലെ ഏറ്റവുമുയർന്ന വ്യക്തികത സ്കോറാണത്.അന്ന് ബ്രേസ്വെൽ മറികടന്നത് മുംബൈക്കെതിരെ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയ 137 റൺസായിരുന്നു.
തുടക്കത്തിൽ മികച്ച രീതിയിൽ ആരംഭിച്ച ഡെൽഹിയുടെ വിക്കറ്റുകൾ തുടരെ വീഴ്ത്തി സിറാജ് വായുവിൽ ഉയർന്ന് ചാടിയപ്പോൾ ഒരു പക്ഷേ ഡൽഹി ആരാധകർ പോലും പരാജയം പ്രതീക്ഷിച്ചിരുന്നിരിക്കാം പക്ഷേ അക്സർ പട്ടേലും , ലളിത് യാദവും മനോഹരമായി തങ്ങളുടെ ജോലി നിറവേറ്റി.
ഐ പി എൽ 2022 പോരാട്ടങ്ങളുടെ പുതിയ വർഷം കൂടിയാണ് എന്ന് പറയാതെ പറഞ്ഞ ക്ലാസിക്കൽ ഇന്നിംഗ്സ് . പ്രവചനങ്ങൾക്ക് എന്നും ക്രിക്കറ്റിൽ സ്ഥാനമില്ല എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. അതേ ഈ ഐപിഎൽ മികച്ച ഒരു തുടക്കം തന്നെയാണ് ആരാധകർക്ക് വിരുന്നൊരുക്കുവാൻ കഴിയുന്ന മികച്ച പരമ്പരയിലേയ്ക്ക് കണ്ണും നട്ട് നമുക്കും കാത്തിരിക്കാം. മികച്ച ഷോട്ടുകളുടെ , മികച്ച ഫിനിഷിംഗിന്റെ , പോരാട്ടത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന മത്സരങ്ങൾക്കായി.