” സകലകലാവല്ലഭൻ ; പക്ഷേ വകതിരിവ് വട്ടപ്പൂജ്യം “! പരാജയങ്ങളിലൂടെ മണ്ണിലുറച്ച് നിന്ന തോമസ് ചാക്കോ എന്ന ആട് തോമ : സ്ഫടികത്തിന്റെ 27 ആം വർഷത്തിൽ ജിതേഷ് മംഗലത്ത് എഴുതുന്നു

ഒരേയൊരു സ്ഫടികം

Advertisements
ജിതേഷ് മംഗലത്ത്

ഓർമ്മ❤️❤️
” സകലകലാവല്ലഭൻ ; പക്ഷേ വകതിരിവ് വട്ടപ്പൂജ്യം “
ശങ്കരാടി അവതരിപ്പിക്കുന്ന മജിസ്ട്രേട്ടിന്റെ കഥാപാത്രം പ്രതിക്കൂട്ടിൽ നിൽക്കുന്ന മോഹൻലാലിന്റെ ആടു തോമയോട് ഈ ഡയലോഗ് ഉച്ചരിക്കുമ്പോൾ, അയാൾ ആടുതോമയ്ക്ക് ഒരു ശിക്ഷ വിധിക്കാൻ പോകുകയാണെന്നും, അക്കാരണം കൊണ്ട് തോമയ്ക്ക് തന്റെ പെങ്ങളുടെ മനസ്സമ്മതം കൂടാൻ പറ്റില്ലെന്നും നമ്മൾ വിചാരിക്കുന്നേയില്ല. നമ്മൾ കരുതുന്നത്, മുട്ടനാടിന്റെ ചോര കുടിക്കുന്ന, മെയ്ക്കരുത്തിലാരെയും വെല്ലുന്ന നമ്മുടെ നായകൻ സകല പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ലക്ഷ്യസ്ഥാനത്തെത്തുമെന്നു തന്നെയാണ്. പക്ഷേ സംഭവിച്ചത് അങ്ങനെയല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തോമസ് ചാക്കോ ഏലിയാസ് ആടുതോമ ഒരു വിശ്വവിജയി ആയിരുന്നില്ല. അയാൾക്ക് വിജയങ്ങളോളമോ അതിലേറെയോ പരാജയങ്ങളായിരുന്നു ക്രെഡിറ്റിലുണ്ടായിരുന്നത്. കോടതിയിൽ പരാജയപ്പെടുന്നതു പോലെ നിരവധിയിടങ്ങളിൽ അയാൾ തോൽക്കുന്നുണ്ട്. താൻ കോമ്പസ് കൊണ്ടു കുത്തിയ ബാലുവിന്റെ അച്ഛന്റെ സ്നേഹത്തിനു മുൻപിൽ അയാൾ നിസ്സഹായനായി തോൽക്കുന്നുണ്ട്. മനസ്സമ്മതം കഴിഞ്ഞ് തന്നെക്കാണാൻ വരുന്ന ഭാവി അളിയന്റെയടുത്ത് അയാൾ തോൽക്കുന്നുണ്ട്. പൊന്നമ്മച്ചിയുടെ മുമ്പിലോരോ തവണയും അയാൾ ദയനീയമായി തോറ്റുകൊണ്ടേയിരിക്കുന്നുണ്ട്. ആ കറുത്ത കണ്ണടക്കുള്ളിൽ ഒളിപ്പിച്ചു വെച്ചതിനെയൊക്കെയും തിരിച്ചറിയുന്ന തുളസിക്കു മുമ്പിലും അയാളുടെ വിധി മറ്റൊന്നല്ല.

മലയാള സിനിമയിലെ എക്കാലത്തെയും കൾട്ട് മാസ് ആക്ഷൻ ഹീറോ കഥാപാത്രമായിട്ടും എങ്ങനെയാണ് ആടുതോമയെ ഭദ്രനെന്ന സംവിധായകൻ ഇത്രമേലാഴത്തിൽ മണ്ണിലുറപ്പിച്ചു നിർത്തിയതെന്ന കാര്യം ഇപ്പോഴും അത്‌ഭുതപ്പെടുത്തുന്നു. ഈ ഴോണറിൽ പിന്നീടു വന്ന പല ചിത്രങ്ങളെയും പോലെ ഇതിലെ നായകൻ തോമസ് ചാക്കോയിൽ നിന്നും ആടുതോമയാകാൻ നാടു വിട്ടിട്ടില്ല. അയാൾ ഗ്വാളിയറിൽ നിന്ന് സംഗീതം പഠിച്ചിട്ടില്ല. അയാൾക്ക് പല നാടുകളിൽ പല പേരുകളില്ല. അയാൾ സ്വയം ഒരു പ്രസ്ഥാനവുമായിട്ടില്ല. ആ നാട്ടുകാർക്ക് മുമ്പിൽ കൂടിയാണ് അയാൾ ആടു തോമയായത്. അപ്പോഴും അവർക്കയാൾ ഒരു നായകനായതുമില്ല. ജഗന്നാഥനെപ്പോലെയോ, ഇന്ദുചൂഢനെപ്പോലെയോ നെടുനീളൻ ഡയലോഗുകൾ അയാൾ ഉരുവിട്ടിട്ടുമില്ല. പക്ഷേ ” ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്. ഇതു ചവിട്ടിപ്പൊട്ടിച്ചാൽ നിന്റെ കാലു ഞാൻ വെട്ടും ” എന്ന് അയാൾ കുറ്റിക്കാടനോടു പറയുമ്പോൾ തിയേറ്റർ പ്രകമ്പനം കൊള്ളുന്ന ബാക്ക് ഗ്രൗണ്ട് സ്കോറോ, ക്യാമറ സൂം ചെയ്തു കൊണ്ടുള്ള ഗിമ്മിക്കുകളോ എന്തിന് ഒരു സ്ളോമോഷൻ ഷോട്ട് ഡിവിഷൻ പോലുമില്ല. പക്ഷേ ഇതൊന്നുമില്ലാതിരുന്നിട്ടും, സ്ക്രിപ്റ്റെത്തിച്ചേർന്നിരിക്കുന്ന ഡയമൻഷന്റെ വ്യാപ്തി കൊണ്ടും, മോഹൻലാലെന്ന നടന്റെ ഓൺ സ്ക്രീൻ കരിസ്മ കൊണ്ടും ആ രംഗവും, സംഭാഷണവും കൊമേഴ്സ്യൽ മോളിവുഡിന്റെ എക്കാലത്തെയും ത്രസിപ്പിക്കുന്ന അനുഭവങ്ങളിലൊന്നായി മാറുന്നുണ്ട്.

തിലകനും, ലളിതയും മത്സരിച്ചു തകർക്കുമ്പോൾ മോഹൻലാൽ ചിലയിടങ്ങളിലെങ്കിലും രണ്ടാമനായിപ്പോകുന്നുണ്ട്. “ഊതിക്കാച്ചിയ പൊന്ന് കരിക്കട്ടയാക്കിയില്ലേ ” എന്നു ചോദിക്കുന്നിടത്ത് ലളിത സാക്ഷാൽ തിലകനെ വരെ നിഷ്പ്രഭനാക്കുന്നുമുണ്ട്.കൃത്യവും, അളന്നു തൂക്കിയതുമായ രാജേന്ദ്ര ബാബുവിന്റെ സംഭാഷണങ്ങളും, അതിനൊത്ത രീതിയിലുള്ള എസ്.പി.വെങ്കിടേഷിന്റെ പശ്ചാത്തലസംഗീതവും സ്ഫടികത്തെ അക്ഷരാർത്ഥത്തിൽ സ്ഫടികസമാനമാക്കുന്നുണ്ട്. ” കുറ്റിക്കാടാ, നിന്റെ കേസ് തോമ അവധിക്കു വെച്ചിരിക്കുന്നു ” എന്ന ഒരു സാധാരണ ഡയലോഗിന്റെ ടെലിവിഷൻ ഇമ്പാക്ട് പോലും ഇന്നത്തെ മാസ് സിനിമകളിലെ ഹൈ വോൾട്ടേജ് ഡയലോഗുകളുടെ ഡോൾബി അറ്റ്മോസ് ഇഫക്ടിനു തരാൻ കഴിയില്ല. അതേ മോഹൻലാൽ തന്നെ എൻ.എഫ്.വർഗീസിന്റെ കൈ മുത്തുന്ന രംഗത്ത് മുഖത്തു വരുത്തുന്ന അവ്യാഖ്യേയമായ ഒരു എക്സ്പ്രഷനുണ്ട്; എന്തൊരു ജീനിയസായിരുന്നു ആ മനുഷ്യനെന്ന് അടിവരയിടുന്ന ഒരു മാസ്റ്റർ ആക്ട്.

സ്ഫടികത്തെപ്പോലെ ഒരു ചിത്രം ആ ഴോണറിൽ അതിനു മുമ്പോ അതിനു ശേഷമോ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെയാണ് 27 വർഷങ്ങൾക്കിപ്പുറവും സ്ഫടികം ഹൃദയത്തോട് അത്രമേൽ ചേർന്നു നിൽക്കുന്നതും.

ഒരേയൊരു സ്ഫടികം💗

27 years of Sphadikam

Hot Topics

Related Articles