വമ്പൻമാർ കൊമ്പുകുത്തി ; പിള്ളേർ കളം പിടിച്ചു ; ഇനിയും സൂപ്പറാകാത്ത കിങ്‌സും , വീര്യം നഷ്ടപ്പെട്ട മുംബൈയും ; അടിച്ചു നേടി റോയൽസ് ; അതിവേഗ ക്രിക്കറ്റിൽ അരങ്ങുണർത്തുന്നത് പുതിയ കാലത്തിന്റെ നവ പ്രതീക്ഷകൾ ; ഉത്സവമേളങ്ങളുടെ ഈ ഐപിഎൽ പൂരത്തിൽ ആര് തിടമ്പേറ്റും

സ്‌പോർട്‌സ് ഡെസ്‌ക്ക്
കോവിഡിന് വിട നൽകി , ഉത്സവങ്ങൾ നാട് ആഘോഷങ്ങളാക്കി , പെരുന്നാളുകളും ഉത്സവങ്ങളും ആയിരങ്ങളെ വീണ്ടും ചേർത്തു നിർത്തി. ആനയും അമ്പാരിയും ആവേശമായി. പൂരപ്പറമ്പുകളിൽ പോയ കാലത്തിന്റെ ആവേശ നിമിഷങ്ങൾക്ക് വീണ്ടും തിരിതെളിഞ്ഞു. ആശയും ആശങ്കയും വീണ്ടും മത്സരിച്ചു നോക്കിയിട്ടും ഇക്കുറി വിജയം മനുഷ്യന്റെ എങ്ങുമൊടുങ്ങാത്ത ജീവിതാസക്തിക്കും ആശയ്ക്കും തന്നെയായിരുന്നു. ഉത്സവമേളങ്ങളുടെ ഈ താളപ്പെരുമയിൽ തന്നെയാണ് ലോക ക്രിക്കറ്റിന്റെ ഗതി വിഗതികൾക്ക് ചൂട്ട് കത്തിക്കുന്ന ഇന്ത്യൻ പ്രിമിയർ ലീഗെന്ന മെഗാ ക്രിക്കറ്റ് മാമാങ്കവും അരങ്ങുണർന്നത്.

Advertisements

സാധാരണ ഐ പി എല്ലുകളിൽ നിന്ന് വ്യത്യസ്തമായി രണ്ട് ടീമുകൾ കൂടി ഇടം പിടിച്ച പുതിയ അങ്കത്തട്ട് . മുൻനിര താരങ്ങൾ പലരും ലേല ഘട്ടത്തിൽ തന്നെ ചുവട് പിഴച്ച് പുറത്താക്കപ്പെട്ട പുതിയ കാലത്തിന്റെ പോരാട്ടം. പല അനിവാര്യ മാറ്റങ്ങളുടേയും , ചില അസാധാരണ സംഭവ വികാസങ്ങളുടെയും അനുഭവം പകർന്ന് തന്നെയാണ് ഇത്തവണ പച്ച പുൽ മൈതാനിയിൽ പൂരം കൊടിയേറിയത്.
എണ്ണം പറഞ്ഞ പല കൊമ്പൻമാരും തിടമ്പേറ്റിയ ആവേശത്തിന്റെ ആ ആഘോഷ പൂരത്തിന്റെ തുടക്കം പക്ഷെ പ്രതീക്ഷകൾക്ക് വിരുദ്ധമായി. പേര് കേട്ട കൊമ്പൻമാരുടെ നിലവ് അളക്കപ്പെട്ട ആദ്യ മത്സരങ്ങളിൽ തന്നെ പലരും കൊമ്പു കുത്തി വീണു തുടങ്ങിയിരിക്കുന്നു. പുതിയ കാലത്തിന്റെ പുതു നിരകൾ മസ്തകമുയർത്തി ഐ പി എൽ പൂരത്തിൽ നിലവ് അളക്കാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഇനി ആ ഐപിഎൽ തിടമ്പേറ്റുന്നത് ഏത് കൊമ്പന്റെ ശിരസ്റ്റാകുമെന്ന് കാത്തിരുന്ന് തന്നെ കാണണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐപിഎൽ പൂര വിശേഷങ്ങളിലേയ്ക്ക് …
സൺ റൈസേഴ്‌സിനെതിരായ തകർപ്പൻ ജയത്തോടെ തുടങ്ങിയ രാജസ്ഥാൻ . ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കളി ദുഷ്‌കരമെന്ന മുൻ വിധികളെ തിരുത്തിയെഴുതിയ എന്തിനും പോന്ന പിളേളർ .
കഴിഞ്ഞ മെഗാലേലത്തിലൂടെ രാജസ്ഥാൻ വരുത്തിയ അടിമുടിമാറ്റം അത് ആ ടീമിന്റെ പ്രകടനത്തിലും ഇന്ന് പ്രകടമാണ്.
റോയൽസിന്റെ ശക്തിയും ദൗർബല്യവും എല്ലാം സഞ്ജു ആയിരുന്ന കാലമെല്ലാം ഇനി പഴങ്കഥ. സഞ്ജുവിനും ബട്‌ലർക്കും പുറമെ പടിക്കലും ഹെറ്റ്മയറും വാൻഡർ ഡസനും ഒക്കെ എത്തിയതോടെ ബാറ്റിങ്ങിന് ആഴവും പരപ്പും കൈവന്നു. സഞ്ജുവിന്റെ മാത്രം തോളിലേറി പൂരപ്പറമ്പിൽ തിമിർത്താടാൻ എത്തിയ കൂട്ടം അല്ല ഇന്ന് അവരുടേത്.
ബൗളിംഗ് ഡിപ്പാർട്‌മെന്റിൽ ആരും കൊതിക്കുന്ന കോമ്പിനേഷൻ. ബോൾട്ടിന്റെ സ്വിങ്ങും പ്രസിദ്ദ് കൃഷ്ണയുടെ എക്‌സ്പ്രസ് വേഗവും ചാഹലും അശ്വിനും ചേരുന്ന ലെഗ്-ഓഫ് സ്പിൻ ജോഡിയും ആകുമ്പോൾ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ് ഇന്ന് റോയൽസ്. അത് തന്നെയാണ് മുംബൈയ്ക്ക് എതിരായ തങ്ങളുടെ രണ്ടാം മത്സരത്തിലും റോയൽസ് തെളിയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിജയം പിടിച്ചു വാങ്ങി ഉത്സവപ്പറമ്പിൽ തങ്ങളുടെ സ്വാധീനം വിളിച്ചു പറയുകയായിരുന്നു സഞ്ജുവും പിള്ളേരും.

ട്രോഫി തിടമ്പായി ശിരസ്സിൽ ഏറ്റിയതിൽ റെക്കോർഡുമായി പുരത്തിനിറങ്ങിയ മുംബൈ കൊമ്പൻ മാർക്ക് ഇത് നീരിളക്കിന്റെ കാലമാണ്. തുടക്കം മുതൽ അത് അവരിൽ പ്രകടമായിരുന്നു. മെഗാലേലം തന്നെ മുംബൈയെ ഒരല്പം തളർത്തി എന്ന് പറയാം.ബുമ്ര-ബോൾട്ട് ജോഡിയിലെ ‘ബോൾട്ട്’ ഇളകിയതോടെ ബൗളിങ്ങിന്റെ മൂർച്ച കുറഞ്ഞു.മുൻ സീസണുകളിൽ പൊള്ളാർഡിന്റെ കൂടെ ഫിനിഷിങ് ജോലിയിൽ നിർണായകമായിരുന്ന ഹാർദിക് പാണ്ട്യയെയും കൈവിട്ടു.പൊള്ളാർഡ് ആണെങ്കിൽ ബോൾ കണക്ട് ചെയ്യാൻ പാട് പെടുന്നു.
പ്രതീക്ഷിച്ച പോലെ അനായാസമായിരുന്നു മുംബൈക്കെതിരെയുള്ള രാജസ്ഥാന്റെ വിജയം.ഈ വിജയത്തോടെ റോയൽസ് പോയിന്റ് ടേബിളിൽ തലപ്പത്തെത്തുകയും മുംബൈയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാവുകയും ചെയ്തു.

ഹൈദരാബാദിനെ തച്ചു തകർക്കാൻ മുന്നിലുണ്ടായിരുന്നത് സഞ്ജു സാംസൺ ആയിരുന്നെങ്കിൽ മുംബൈയെ നിലം പരിശാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തത് ജോസ് ബട്‌ലറായിരുന്നു.66 പന്തിൽ തന്റെ രണ്ടാമത്തെ സെഞ്ചുറി കുറിച്ച ബട്‌ലർക്ക് ക്യാപ്റ്റൻ സഞ്ജുവും (21 പന്തിൽ 30) ഹെറ്റ്മയറും (14 പന്തിൽ 35) മികച്ച പിന്തുണ നൽകി.ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന് തോന്നിച്ച സ്‌കോറിനെ 193 ഇൽ ഒതുക്കിയത് സ്റ്റാർ ബൗളർ ജസ്പ്രീത് ബുമ്ര ആയിരുന്നു.മറ്റെല്ലാ ബൗളർമാരും ഓവറിൽ എട്ടിലേറെ റൺസ് വഴങ്ങിയപ്പോൾ 4 ഓവറിൽ 17 റൺസ് മാത്രം വഴങ്ങിയ ബുംറ ബട്‌ലരുടേതുൾപ്പെടെ 3 വിക്കറ്റുകളും വീഴ്ത്തി.ഓരോവറിൽ 26 റൺസ് വഴങ്ങിയ മലയാളി താരം ബേസിൽ തമ്പി നിരാശപ്പെടുത്തി.

മറുപടി ബാറ്റിങ്ങിൽ രോഹിത് നേരത്തെ പുറത്തായതോടെ ഇന്നിംഗ്‌സ് നേരെയാക്കാനുള്ള ചുമതല ഒരിക്കൽക്കൂടി ഇഷാൻ കിഷന്റെ ചുമലിൽ ആയി.കൗമാരക്കാരൻ തിലക് വർമ്മയിൽ (33 പന്തിൽ 61) മികച്ച കൂട്ടാളിയെ കിട്ടിയ കിഷൻ(43 പന്തിൽ 54) ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ട് പോയെങ്കിലും മത്സരം ഫിനിഷ് ചെയ്യാനുള്ള മസിൽ പവർ മുംബൈക്ക് ഇല്ലാതെ പോയി.മുംബൈയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നർമാരിൽ ഒരാളായ പൊള്ളാർഡിനെ അശ്വിനും ചാഹലും ചേർന്ന് വരിഞ്ഞ് മുറുകിയതോടെ മുംബൈ 20 ഓവറിൽ 170 റൺസിൽ ഒതുങ്ങി.24 പന്ത് നേരിട്ട പൊള്ളാർഡിന് 22 റൺസ് എടുക്കാൻ മാത്രമേ കഴിഞ്ഞുള്ളു.26 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തിയ ചഹാൽ ആയിരുന്നു റോയൽസ് ബൗളിംഗ് നിരയിൽ മികച്ച് നിന്നത്.
ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിയുടെ പേരിൽ മുംബൈയെ എഴുതിത്തള്ളുന്നത് മണ്ടത്തരമാണ്. കിഷനും രോഹിതും സൂര്യയും ചേരുന്ന ബാറ്റിംഗ് അവരുടെ ശക്തി തന്നെയാണ്.എങ്കിലും തിടമ്പ് ഏറ്റുന്നതിലേക്കുള്ള പോരാട്ടത്തിൽ തലയുയർത്തി മുംബൈ മുമ്പിൽ കാണുമോ എന്ന് കണ്ട് തന്നെ അറിയാം.

സൂപ്പറാകാനും മാസ് കാണിക്കുവാനും ഒരുങ്ങി തന്നെയാണ് ചെന്നൈ പുതിയ പൂരത്തിന് എത്തിയത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച ധോണി പക്ഷേ മികച്ച ബൗളിംഗ് നിരയെ റാഞ്ചിയെടുക്കുവാൻ മറന്നു പോയി. മികച്ച സ്‌കോർ നേടിയിട്ടും ആദ്യ കളിയിൽ പരാജയം. രണ്ടാം മത്സരത്തിലും തോൽവി ജഡേജ എന്ന ക്യാപ്റ്റനും മികച്ച ബാറ്റിംഗ് നിരയും വിജയം നേടുവാനുള്ള വഴിയായിരുന്നില്ല ചെന്നൈയ്ക്ക്.

കോഹ്ലിക്ക് പകരം ഫാഫ് എത്തിയിട്ടും ഇനിയും ഫാബുലസാകാൻ കഴിയാതെ പരക്കം പായുകയാണ് ബാഗ്ലൂർ. വമ്പൻ താര നിരയുടെ അകമ്പടിയിലും വിജയം നേടുവാൻ വിധിയില്ലാത്ത ശനി ദശയുടെ ശാപ കാലത്തിന്റെ കണ്ണീർ മാത്രമാണ് അവരുടെ വിധി. പോരായ്മകൾ പരിഹരിച്ച് മുന്നേറ്റം നടത്താൻ കഴിഞ്ഞാൽ തലയുയർത്തി തന്നെ ഡുപ്ലീസിക്കും കൂട്ടർക്കും മടങ്ങാം.

ലക്‌നൗവും, കൊൽക്കത്തയും, പഞ്ചാബും , സൂപ്പർ ജയിന്റ്‌സും എല്ലാം പുതിയ താരത്തിളക്കത്തിന്റെ കരുത്തും പേറിയാണ് പൂര പറമ്പിൽ വെടിക്കെട്ട് തീർക്കുന്നത്. അഗർവാളും, രാഹുലും, പാണ്ഡ്യയും , ശ്രേയസുമെല്ലാം പൂരമാമാങ്കത്തിൽ കളം വാഴുവാൻ ശേഷിയുള്ള താരങ്ങൾ തന്നെ. ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റി ടീമിനെ മുന്നിൽ നിന്ന് നയിച്ചാൽ വിജയം ഈ യുവ നിരയ്ക്കും ആഘോഷിക്കാം.

കളം പിടിക്കുന്ന പുത്തൻ താരോദയങ്ങൾ.
22, കാരനായ ആയുഷ് ബദോനി തന്നെയായിരുന്നു ഈ ഐപിഎല്ലിലെ പുതിയ താരം. കളിക്കുന്നത് തന്റെ ആദ്യ ഐപിൽ മത്സരം.ബാറ്റ് ചെയ്യാനിറങ്ങുന്നതാകട്ടെ ഒരു അരങ്ങേറ്റക്കാരന് ഏറ്റവും ദുഷ്‌കരമായ സാഹചര്യത്തിലും .തീ തുപ്പിയ മുഹമ്മദ് ഷമിക്കു മുന്നിൽ തകർന്നടിഞ്ഞപ്പോൾ ലക്നൗ 29 ന് 4 എന്ന ദയനീയ സ്ഥിതിയിലായിരുന്നു. ആകെ കളിച്ചിട്ടുള്ളത് വെറും 5 ആഭ്യന്തര മത്സരങ്ങൾ, അതിൽ വെറും 1 ഇന്നിങ്‌സ്, 8 റൺസ്. അതായിരുന്നു ഇന്നലെ വരെയുള്ള ആയുഷ് ബദോനി എന്നാൽ യുവ താരത്തിന്റെ സങ്കോചം ലവലേശമില്ലാതെ അയാൾ ബാറ്റേന്തി. ഈ ഐപിഎൽ യുവ പോരാളിയ്ക്ക് ആറാടുവാനുള്ള മികച്ച ഉത്സവ വേദി തന്നെയാകും തീർച്ച.

രവി ബിഷ്‌ണോയി, ഗിൽ , പൃഥ്വി ഷാ , പടിക്കൽ , യാഷ് ദൂൽ , തുടങ്ങി പുതിയ താര നിരകൾ കളി അവസരം കാത്ത് ഐപിഎൽ ഉത്സവ സീസണിൽ വെടിക്കെട്ട് തീർക്കുവാൻ മുമ്പിൽ തന്നെയുണ്ട്. കൊമ്പൻമാർ പലരും വീണ് പോകുന്ന കാലത്ത് പുതിയ നിര തീവട്ടി കയ്യിലേന്തി വെളിച്ചം പകരുന്ന ഉത്സവ പറമ്പിലെ ആവേശക്കാഴ്ചയ്ക്ക് ക്രിക്കറ്റ് ആരാധക ലോകത്തിന് കാത്തിരിക്കാം ……
ആര് തിടമ്പേറ്റും….. ഈ ഐപിഎൽ ….. ഉത്സവം ……

Hot Topics

Related Articles