മുംബൈ: അതിവേഗ അര സെഞ്ച്വറിയുമായി അഴിഞ്ഞാടിയ പാറ്റ് കമ്മിൻസ് എന്ന ഒറ്റയാനു മുന്നിൽ സർവം അടിയറവച്ച് മുംബൈ. കമ്മിൻസ് ഇറങ്ങുന്നതിനു മുൻപുള്ള 15 പന്തുകൾ വരെ വിജയം മുംബൈയുടെ കൈവെള്ളയിലായിരുന്നു. കമ്മിൻസിന് തൊട്ടുമുൻപ് റസലിനെ പുറത്താക്കിയ ആ നിമിഷത്തെ മുംബൈ ഇപ്പോൾ ശപിക്കുന്നുണ്ടാകും. ആറു സിക്‌സും നാലു ഫോറുമായി അഴിഞ്ഞാടിയ കമ്മിൻസിന്റെ ഇന്നിംങ്‌സ് സത്യത്തിൽ മുംബൈയുടെ കയ്യിൽ നിന്നും മത്സരം തട്ടിപ്പറിച്ചെടുക്കുകയായിരുന്നു.
13 ആം ഓവറിന്റെ ഒന്നാം പന്തിലാണ് ആേ്രന്ദ റസൽ എന്ന കൂറ്റനടിക്കാരനെ മുംബൈ സംഘം മടക്കുന്നത്്്്്്്്്്്്്്്്്്്. തൈമൽ മിൽസായിരുന്നു ബൗളർ. റസലിന്റെ മസിൽഷോയിൽ നിന്നും രക്ഷപെട്ട മുംബൈ അപ്പോൾ വിജയത്തിന്റെ തൊട്ടടുത്ത് എത്തിയിരുന്നു. താരതമ്യേന പരിചയം കുറവുള്ള വെങ്കിടേഷ് അയ്യറെ ക്രീസിൽ നിർത്തി ബാക്കിയല്ലാവരെയും കീറിമുറിക്കാനായിരുന്നു മുംബൈയുടെ പദ്ധതി. എന്നാൽ, പാറ്റ് കമ്മിൻസ് എന്ന അന്തകൻ കയ്യിൽ അയുധവുമായി യുദ്ധ ഭൂമിയിലേയ്ക്കു ഇറങ്ങുന്ന വിവരം പക്ഷേ ആരും അറിഞ്ഞിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരിട്ട ആദ്യ പന്തിൽ സിംഗിൾ എടുത്ത കമ്മിൻസ് സ്‌ട്രൈക്ക് വെങ്കിടേഷിനു കൈമാറി. 13 ആം ഓവറിന്റെ അഞ്ചാം പന്തിൽ പിന്നെ തുടങ്ങുകയായിരുന്നു വെടിക്കെട്ട്. മിൽസിന്റെ പന്തിനെ ഒരു സിക്‌സറിലൂടെ സ്വീകരിച്ച കമ്മിൻസ്, ആ ഓവറിന്റെ അവസാന പന്തിനെ മനോഹരമായി തഴുകിത്തലോടി ബൗണ്ടറി വര കടത്തി. ബുംറയെറിഞ്ഞ പതിനഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ വെങ്കിടേഷ് സിംഗിളിട്ട് കമ്മിൻസിന് കൈമാറി. പിന്നീടുള്ള രണ്ടു പന്തുകൾ ശ്രദ്ധാപൂർവം നേരിട്ട കമ്മിൻസ് നാലാം പന്തിനെ കൗ കോർണറിലേയ്ക്ക് സിക്‌സിനു പറത്തി. അഞ്ചാം പന്തിനെ അൽപം വൈഡിൽ എറിഞ്ഞ ബുംറയെ കബളിപ്പിച്ച് കമ്മിൻസ് ബാറ്റ് വച്ചതോടെ പന്ത് നിന്നത് ബൗണ്ടറി ലൈനിൽ. അവസാന പന്തിൽ സിംഗിൾ കൂടി വീണതോടെ പിന്നീട് കാണാനുണ്ടായിരുന്നത് പൊടിപൂരമായിരുന്നു.
ഡാനിയേൽ സാംസ് എറിഞ്ഞ പതിനഞ്ചാം ഓവറിൽ ചറപറാ സിക്‌സറുകളുടെ ബഹളമായിരുന്നു. ഒരു നോബോൾ അടക്കം 35 റണ്ണാണ് കൊൽക്കത്ത വാരിക്കൂട്ടിയത്. ഇതിൽ 34 ഉം കമ്മിൻസിന്റെ ബാറ്റിൽ നിന്നും. ആദ്യ നാലു പന്തുകളിൽ മൂന്നും സിക്‌സ്, ഒരു ഫോറും. തൊട്ടടുത്ത പന്ത് ബൗണ്ടറിയിൽ സൂര്യകുമാർ യാദവ് പറന്നു പിടിച്ചെങ്കിലും അമ്പയർ നോബോൾ വിളിച്ചു. ഈ പന്തിൽ മൂന്നു റൺ. അവസാന രണ്ടുപന്തുകളിൽ ഒരു ഫോറും സിക്‌സും പിറന്നതോടെ കൊൽക്കത്തയ്ക്ക് ഉജ്വല വിജയം.
സ്‌കോർ
മുംബൈ -161/4
കൊൽക്കത്ത – 162/5
ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കു വേണ്ടി മുൻനിര ബാറ്റ്‌സ്മാൻമാർ എല്ലാം നിറംമങ്ങിയപ്പോഴും സൂര്യകുമാർ യാദവും (52), തിലക് വർമ്മയും (38) മികച്ച പ്രകടനം നടത്തി. അഞ്ചു പന്തിൽ 22 റണ്ണടിച്ച കിറോൺ പൊള്ളാർഡാണ് ടീമിനെ വൻ അപകടത്തിൽ നിന്നും രക്ഷിച്ചത്.