പന്തളം ∙ ശബരിമല തീർഥാടനം തുടങ്ങാൻ 3 ആഴ്ച മാത്രം ശേഷിക്കെ, വലിയ കോയിക്കൽ ക്ഷേത്രത്തിൽ കാര്യമായ തയാറെടുപ്പുകൾ തുടങ്ങിയില്ല. സാധാരണഗതിയിൽ ഒരു മാസം മുൻപ് ചേരുന്ന മന്ത്രിതല അവലോകന യോഗവും ഇതുവരെ നടന്നില്ല. യോഗം എന്നു നടത്തണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.ക്ഷേത്രത്തിലും മറ്റും നടത്തേണ്ട ജോലികളുടെ രൂപരേഖ ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം രൂപരേഖ സമർപ്പിച്ചെങ്കിലും ഇനിയും അനുമതി ലഭിച്ചില്ല.
12 ലക്ഷം രൂപയുടെ രൂപരേഖയാണ് സമർപ്പിച്ചിട്ടുള്ളത്. ചുറ്റുവിളക്ക് വൃത്തിയാക്കൽ, പെയിന്റിങ്, ശുചിമുറിയുടെയും ഓഫിസിന്റെ മേൽക്കൂരയുടെയും അറ്റകുറ്റപ്പണി എന്നിവയാണ് രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.പുതിയ തീർഥാടക വിശ്രമകേന്ദ്രം ഇത്തവണയും പൂർണ സജ്ജമാകാത്ത സാഹചര്യത്തിൽ പഴയ വിശ്രമ കേന്ദ്രം ഉപയോഗിക്കേണ്ടി വരും. എന്നാൽ, ഇതിന്റെ പെയിന്റിങ് ഉൾപ്പെടെ ജോലികൾ തുടങ്ങിയിട്ടില്ല. ക്ഷേത്രക്കടവിൽ തീർഥാടകരുടെ സുരക്ഷയ്ക്കായി വേലി സ്ഥാപിക്കുന്നതും വൈകും. ആറ്റിലെ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതാണ് ഇതിനു കാരണം. ശുചിമുറികളുടെ അകവും പുറവും വൃത്തിയാക്കേണ്ടതുമുണ്ട്. അധികൃതരുടെ അനുമതി വൈകിയാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ജോലികൾ പൂർത്തിയാക്കുക ശ്രമകരമായി മാറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീർഥാടക വിശ്രമകേന്ദ്രം അടഞ്ഞു തന്നെ പുതിയ തീർഥാടക വിശ്രമകേന്ദ്രം നിർമാണം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും തുറക്കാനായില്ല. വൈദ്യുതീകരണ ജോലികൾ മുടങ്ങിയതാണ് കാരണം. ഇത് മൂലം തീർഥാടനകാലത്തേക്ക് ഇത്തവണയും താൽക്കാലികമായി വൈദ്യുതി നൽകാനാണ് തീരുമാനം.ക്ഷേത്ര പരിസരത്ത് നിന്നു വിശ്രമ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള പാലം ഉൾപ്പെടെ കെട്ടിട നിർമാണം കഴിഞ്ഞ ഒക്ടോബറിൽ പൂർത്തിയായി. 4.28 കോടി രൂപയാണ് പദ്ധതി തുക. പാർക്കിങ് ഉൾപ്പെടെ 12,000 ചതുരശ്രയടി വിസ്തീർണത്തിൽ 3 നിലകളാണ് കെട്ടിടത്തിലുള്ളത്. ഒരേ സമയം 1500 പേർക്ക് ഇരിക്കാവുന്ന അന്നദാന മണ്ഡപവും 1000 പേർക്ക് വിരിവയ്ക്കാവുന്ന ഹാളും കേന്ദ്രത്തിലുണ്ട്.
തീർഥാടന കാലത്തൊഴികെ വിവാഹം ഉൾപ്പെടെ ചടങ്ങുകൾക്ക് ഹാൾ വാടകയ്ക്ക് നൽകുന്നത് ദേവസ്വം ബോർഡിന്റെ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, വൈദ്യുതി ലഭിക്കാത്തതിനാൽ ഇതിനു കഴിഞ്ഞില്ല. 2017 ഓഗസ്റ്റിലാണ് നിർമാണം തുടങ്ങിയത്. 2018ലെ പ്രളയം, 2019ലെ വെള്ളപ്പൊക്കം എന്നിവ നിർമാണം വൈകിയിരുന്നു. സാധനസാമഗ്രികൾ നശിച്ചു 25 ലക്ഷത്തോളം രൂപയുടെ നഷ്ടവുമുണ്ടായി.