കുടിവെള്ളം ചോദിച്ചെത്തി വീട്ടമ്മയേയും മകനേയും കുത്തി പരിക്കേൽപ്പിച്ചു ; പശ്ചിമ ബംഗാൾ സ്വദേശിയെ പിടികൂടി പൊലീസ്

കുട്ടനാട്: കുടിവെള്ളം ചോദിച്ചെത്തിയ പശ്ചിമബംഗാള്‍ സ്വദേശി വീട്ടമ്മയെയും മകനെയും മാരകമായി കുത്തിപ്പരിക്കേല്‍പിച്ചു. തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡ് നീരേറ്റുപുറം കറുകയില്‍ വിന്‍സി കോട്ടേജില്‍ അനു ജേക്കബിന്‍റെ ഭാര്യ വിന്‍സി (50), മകന്‍ അന്‍വിന്‍ (25) എന്നിവരെയാണ് അയൽ സംസ്ഥാന തൊഴിലാളി കുത്തിപ്പരിക്കേല്‍പിച്ചത്.

Advertisements

സംഭവത്തില്‍ ബംഗാള്‍ സ്വദേശി സത്താറിനെ (36) എടത്വ പൊലീസ് പിടികൂടി. ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം.
കുടിവെള്ളം ചോദിച്ച്‌ സത്താര്‍ ബഹളം വെച്ചതോടെ വീട്ടുകാര്‍ വാതില്‍ അടച്ച്‌ അകത്തുകയറി. കതക് ഇടിച്ചും ചവിട്ടിയും തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വീടിന് മുറ്റത്ത് പൂട്ടിയിട്ട നായെ ആക്രമിച്ചു. നായുടെ കഴുത്തില്‍ കയറിട്ട് മുറുക്കുന്നതുകണ്ട അന്‍വിന്‍ പുറത്തിറങ്ങി തടയാന്‍ ശ്രമിച്ചു. ഈ സമയം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ അന്‍വിന്‍റെ നെഞ്ചിന് താഴെ കുത്തുകയായിരുന്നു. മകനെ കുത്തുന്നതുകണ്ട് ഓടിയെത്തിയ വിന്‍സിയുടെ നേരെയും സത്താര്‍ തിരിഞ്ഞു. വിന്‍സിയുടെ കൈയിലാണ് കുത്തേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാറിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സത്താറിനെ തടഞ്ഞുവെച്ച്‌ പൊലീസിനെ അറിയിക്കുകയായിരുന്നു. കുത്തേറ്റ ഇരുവരും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കുത്തേറ്റ വിന്‍സി എടത്വ ട്രഷറി ഓഫിസ് ജീവനക്കാരിയാണ്. എടത്വ എസ്.ഐ സി.പി. കോശി, എ.എസ്.ഐ സജികുമാര്‍, സീനിയര്‍ സി.പി.ഒ പ്രദീപ് കുമാര്‍, സി.പി.ഒ മാരായ സനീഷ്, കണ്ണന്‍, ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Hot Topics

Related Articles