മഞ്ചേരി: സ്വന്തം മൈതാനത്ത് പഞ്ചാബിനെയും കെട്ടുകെട്ടിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിയിൽ. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. 12-ാം മിനിറ്റിൽ മാൻവീർ സിങ്ങിലൂടെ ആദ്യം മുന്നിലെത്തിയത് പഞ്ചാബാണെങ്കിലും 16-ാം മിനിറ്റിലും 86-ാം മിനിറ്റിലും ഗോൾ നേടിക്കൊണ്ട് നായകൻ ജിജോ ജോസഫ് കേരളത്തെ വിജയസോപാനത്തിലെത്തിച്ചു. 10 പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്മാരായാണ് കേരളം സെമി ഉറപ്പിച്ചത്. മത്സരം തുടങ്ങി ആദ്യ മിനിറ്റ് പിന്നിടും മുന്‍പ് തന്നെ കേരളം പഞ്ചാബ് ഗോള്‍മുഖം വിറപ്പിച്ചു. മുഹമ്മദ് സഹീഫ് നീട്ടിയ പന്ത് തൊടാതെ കാലുകള്‍ക്കിടയിലൂടെ സോയല്‍ ജോഷി വിട്ടുകൊടുത്തത് പിടിച്ചെടുത്ത ഷിഗില്‍ ബോക്സില്‍ പ്രവേശിച്ചെങ്കിലും പഞ്ചാബ് ഗോളി പന്ത് നെഞ്ചോടുചേര്‍ത്തു.
12-ാം മിനിറ്റില്‍ പഞ്ചാബ് ലീഡ് നേടി. മന്വിര്സിങ്ങാണ് നല്ലൊരു ഹെഡ്ഡറിലൂടെ കേരള വല കുലുക്കിയത്. 15-ാം മിനിറ്റില്‍ നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ ബോക്സിന്റെ വലതുമൂലയില്‍ നിന്ന് ഷിഗില്‍ പായിച്ച ഷോട്ട് പഞ്ചാബ് ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. വീണ്ടും കേരളത്തിന്റെ മുന്നേറ്റം. മുന്നേറ്റത്തിനൊടുവില്‍ അര്ജുന് ജയരാജ് ഷോട്ട് പായിച്ചെങ്കിലും പഞ്ചാബ് പ്രതിരോധനിര കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
18-ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാറാടിച്ച് കേരളത്തിന്റെ സമനില ഗോള്‍. കോര്‍ണറിനൊടുവിലായിരുന്നു ഗോള്‍. അര്ജുന് ജയരാജ് കോര്‍ണറില്‍ നിന്ന് പന്ത് തട്ടിക്കൊടുത്തത് ഷിഗിലിന്. ഷിഗില്‍ അത് ബോക്സിലേക്ക് സുന്ദരമായി ഉയര്‍ത്തിക്കൊടുത്തു. ഉയര്‍ന്നുവന്ന പന്തിനൊപ്പം തലപ്പൊക്കത്തില്‍ ചാടിയ നായകന് ജിജോയുടെ വെടിയുണ്ട കണക്കെയുള്ള ഹെഡ്ഡര്‍ പഞ്ചാബ് വലയില്‍ കയറി.
29-ാം മിനിറ്റില്‍ കേരള ഗോളി മിഥുന് പരിക്കേറ്റ് പിന്‍വാങ്ങി. പകരം ഇറങ്ങിയത് ടീമിലെ രണ്ടാം ഗോളിയായ എസ്. ഹജ്മല്‍. 33-ാം മിനിറ്റില്‍ കേരളത്തിന് ലഭിച്ച ഫ്രീകിക്ക് എടുത്തത് അര്ജുന് ജയരാജ്. അര്‍ജുനെടുത്ത കിക്ക് പോസ്റ്റ് ലക്ഷ്യമാക്കി പറന്നിറങ്ങിയെങ്കിലും പഞ്ചാബ് ഗോളി ഹര്‍പ്രീത് സിങ് കോര്‍ണറിന് വഴങ്ങി കുത്തിയകറ്റി. ആദ്യ പകുതി 1-1ന് സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സല്‍മാനെ പിന്‍വലിച്ച് നൗഫലിഃനെ കേരളം കളത്തിലിറക്കി.
ഇരു ബോക്സിലേക്കും പന്ത് തുടര്‍ച്ചയായി കയറിയിറങ്ങിയതോടെ കളി ആവേശക്കൊടുമുടിയിലെത്തി. 63-ാം മിനിറ്റില്‍ വിഘ്നേഷിനെ പിന്‍വലിച്ച് ടി.കെ. ജെസിനെ കേരളം മൈതാനത്തിറക്കി. 71-ാം മിനിറ്റില്‍ വലതുവിങ്ങില്‍ക്കൂടി പന്തുമായി ബോക്സില്‍ പ്രവേശിച്ചശേഷം നൗഫല്‍ പായിച്ച ഷോട്ട് പഞ്ചാബ് ഗോളി കോര്‍ണറിന് വഴങ്ങി കുത്തിപ്പുറത്താക്കി. ഒടുവില്‍ 86-ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി ആരാധകരെ ആവേശത്തിലാറാടി ബോക്സിലേക്ക് ലഭിച്ച പന്ത് നായകന് ജിജോ ജോസ് ഉഗ്രനൊരു ഷോട്ടിലൂടെ പഞ്ചാബ് ഗോള്‍കീപ്പറെ കീഴടക്കി വലയിലെത്തിച്ചു (2-1). ടൂര്‍ണമെന്റില്‍ കേരള ക്യാപ്റ്റന്റെ അഞ്ചാം ഗോളായി ഇത്.