മുംബൈ: ബട്‌ലറുടെ വെടിക്കെട്ടിന് കലാശക്കൊട്ടുമായി സഞ്ജു സാംസൺ കൂടി അഴിഞ്ഞാടിയതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരുനൂറ് കടന്ന റണ്ണുമായി സഞ്ജുവിനും സംഘത്തിനും ഉജ്വല വിജയം. ബൗളർമാർ കൂടി തങ്ങളുടെ ജോലി ഭംഗിയായി നിർവഹിച്ചതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരുമായുള്ള അകലം കുറയ്ക്കാനും രാജസ്ഥാന് സാധിച്ചു.
മത്സരത്തിൽ ആദ്യമായി ബാറ്റ് ചെയ്ത രാജസ്ഥാൻ , ജോസ് ബട്‌ലറുടെ പ്രളയസമാനമായ സെഞ്ച്വറിയുടെ ബലത്തിലാണ് പടുകൂറ്റൻ സ്‌കോർ സ്വന്തമാക്കിയത്. 65 പന്തിൽ ഒൻപത് തവണ വീതം സിക്‌സും ഫോറും പറത്തായ ജോസ് ബട്‌ലർ എന്ന ഇംഗ്ലീഷുകാരൻ പുറത്താകുമ്പോഴേയ്ക്കും ടീം സ്‌കോർ 200 കടന്നിരുന്നു. ബട്ട്‌ലർക്ക് അങ്കത്തിന് തുണ നിന്ന മലയാളിതാരം ദേവ്ദത്ത് പടിക്കലും തെല്ലും മോശമാക്കിയില്ല. രണ്ടു സിക്‌സും ഏഴു ഫോറും സഹിതം 35 പന്തിൽ 54 എന്ന വെടിക്കെട്ടിന്റെ തിരിയ്ക്കാണ് ദേവ്ദത്ത് തിരികൊളുത്തിവച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേവ്ദത്ത് പുറത്തായതിനു പിന്നാലെയാണ് യഥാർത്ഥ വെടിക്കെട്ടുണ്ടായത്. 155 ൽ ദേവ്ദത്ത് പുറത്തായതിനു പിന്നാലെ വൺഡൗണായി ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസൺ എത്തി. പിന്നീട് നടന്നത് ചരിത്രമായിരുന്നു. ഇതിനു ശേഷം കൂട്ടിച്ചേർക്കപ്പെട്ട 67 റണ്ണിൽ 46 ഉം പിറന്നത് സഞ്ജുവിന്റെ ബാറ്റിൽ നിന്നായിരുന്നു. ബട്ട്‌ലർ പുറത്തായിട്ട് പോലും അടിനിർത്താൻ സഞ്ജു തയ്യാറായില്ല. മൂന്നു തവണയാണ് കാണികളുടെ തലയ്ക്കു മുകളിലൂടെ സഞ്ജുവിന്റെ തീപ്പൊരി ഷോട്ടുകൾ ബൗണ്ടറി വലയ്ക്കു പുറത്തേയ്ക്കു പറന്നത്. അഞ്ചു തവണ നിലംപറ്റെയും പന്തിനെ ബൗണ്ടറി കടത്താൻ സഞ്ജുവിനായി.
മറുപടി ബാറ്റിംങിൽ പൃഥ്വി ഷായും വാർണറും ചേർന്ന് ഡൽഹിയ്ക്കു മികച്ച തുടക്കം നൽകിയെങ്കിലും ഇത് മുതലാക്കാൻ ഡൽഹിയ്ക്കു സാധിച്ചില്ല. വിക്കറ്റുകൾ ഒരു വശത്ത് കൊഴിയുമ്പോഴും കൂറ്റൻ അടിയുമായി നിലയുറപ്പിച്ച പന്ത് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, പന്ത് കൂടി മടങ്ങിയതോടെ സഞ്ജുവിനും സംഘത്തിനുമായി വിജയത്തിന്റെ സ്വപ്നം. എന്നാൽ, അവസാന ഓവറിൽ 36 റൺ വേണമെന്നിരിക്കെ അവസാനത്തെ മൂന്ന് പന്ത് സിക്‌സർ പറത്തി റോമൻ പവൽ ഒന്നു വിറപ്പിച്ചു. എന്നാൽ, പിന്നീടുള്ള മൂന്ന് പന്തുകളിൽ പവലിന്റെ വിക്കറ്റടക്കം കൊയ്ത് മക്കോയ് രാജസ്ഥാന്റെ വിജയം ഉറപ്പിച്ചു.