മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും നാണക്കേടിന്റെ മറ്റൊരു റെക്കോർഡ് എഴുതിച്ചേർത്ത ബംഗളൂരുവിന് മേൽ ഉദയസൂര്യൻ കത്തിക്കയറി. നൂറിൽ താഴെ റണ്ണിന് ബംഗളൂരു വീണ്ടും പുറത്താക്കിയ ഹൈദരാബാദ് ഒൻപത് വിക്കറ്റിന്റെ ഉജ്വല വിജയമാണ് സ്വന്തമാക്കിയത്. വിരാട് കോഹ്ലി അടങ്ങിയ കൂറ്റനടിക്കാരുടെ ടീമാണ് 68 റണ്ണിന് എല്ലാവരും പുറത്തായത്. എട്ടാം ഓവറിൽ ഹൈദരാബാദ് ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി സ്‌കോർ മറികടന്നു.
ടോസ് നേടിയ ഹൈദരാബാദ് ബൗളിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിന്റെ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തോടെ ബംഗളൂരു തവിട് പൊടിയായി. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഹൈദരാബാദിനു വേണ്ടി കെയൻ വില്യംസണും, അഭിഷേക് വർമ്മയും ചേർന്ന് നിഷ്പ്രയാസം വിജയം സ്വന്തമാക്കുകയായിരുന്നു. വിജയത്തിന് അഞ്ചു റൺ അകലെ സിക്‌സ് പറത്തി, ടീമിനെ വിജയത്തിൽ എത്തിക്കാനായിരുന്നു അഭിഷേകിന്റെ ശ്രമം. എന്നാൽ, പന്ത് ബൗണ്ടറി ലൈനിൽ അനൂജ് റാവത്തിന്റെ കൈകളിൽ അവസാനിച്ചു. 28 പന്തിൽ 47 റണ്ണെടുത്താണ് അഭിഷേക് പുറത്തായത്. ഏഴാം ഓവറിന്റെ അഞ്ചാം പന്തിൽ അഭിഷേകിന് പകരം വന്ന തൃപാതി പറത്തിയ സിക്‌സിലൂടെ ഹൈദരാബാദിന് ഉജ്വലമായ വിജയം സ്വന്തമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം ബാറ്റ് ചെയ്ത ബംഗളൂർ ബാറ്റിംങ് നിരയിൽ അഞ്ച് റൺ സ്‌കോർ ബോർഡിൽ എത്തിയപ്പോൾ ഫാഫ് ഡുപ്ലിസ് പുറത്തായതിനു പിന്നാലെ ബംഗളൂരുവിന്റെ കൂട്ടത്തകർച്ച തുടങ്ങി. നേരിട്ട ആദ്യ പന്തിൽ തന്നെ വിരാട് കോഹ്ലിയും മൂന്ന് റൺ കൂടി കൂട്ടിച്ചേർത്ത് അനൂജ് രാവത്തും പുറത്തായതോടെ പത്ത് റൺ തികച്ച് സ്‌കോർ ബോർഡിൽ എത്തും മുൻപ് മൂന്നു ബാറ്റ്‌സ്മാൻമാർ തിരികെ മടങ്ങിയെത്തി.
20 ൽ ഗ്ലെൻ മാക്‌സ് വെല്ലും, 47 ൽ സുയൂഷ് എസ്.പ്രഭൂദേശായിയും പുറത്തായി. അവസാന പ്രതീക്ഷയായ ദിനേശ് കാർത്തിക്ക് 47 ൽ മൂന്നു ബോൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ പുറത്തായത് ടീമിന് വെള്ളിടിയായി മാറി. 49 ൽ ഷബ്ബാസ് അഹമ്മദും 55 ൽ ഹർഷൽ പട്ടേലും അതിവേഗം തന്നെ മടങ്ങി. 65 ൽ ഹസരങ്കയും, 68 ൽ മുഹമ്മദ് സിറാജും പുറത്തായതോടെ 68 ൽ ബംഗളൂരു ബാറ്റ് താഴ്ത്തി. ഈ ടൂർണമെന്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറിനാണ് ഇപ്പോൾ ബംഗളൂരു പുറത്തായിരിക്കുന്നത്.
ഹൈദരാബാദിനു വേണ്ടി മാർക്കോ ജാനിസനും, ടി നടരാജനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. സുചിത്ത് രണ്ടു വിക്കറ്റും, ഭുവനേശ്വർ കുമാറും ഉമ്രാൻ മാലിക്കും ഒരോ വിക്കറ്റും വീതം വീഴ്ത്തി.