മുംബൈ: ഫിനിഷിംങ് മികവിൽ പിഴവുണ്ടായപ്പോൾ ചെന്നൈയ്ക്ക് തോൽവി. അവസാന ഓവറിൽ വേണ്ടിയിരുന്ന 24 റൺ അടച്ചെടുക്കാൻ ഫിനിഷിംങ് മികവുമായി ധോണി കളത്തിലുണ്ടായിരുന്നിട്ടും , മൂന്നു പന്തു മുൻപ് ധോണിയെ നഷ്ടമായ ചെന്നൈയ്ക്ക് വൻ തിരിച്ചടി. അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ 11 റണ്ണിന്റെ തോൽവി.
മത്സരത്തിലെ ഇരുപതാം ഓവറിന്റെ ആദ്യ പന്തിൽ ഋഷി ധവാനെ സിക്്സിനു പറത്തിയാണ് മഹേന്ദ്ര സിംങ് ധോണി തുടങ്ങിയത്. എന്നാൽ, രണ്ടാം പന്തിൽ വൈഡ് കൂടി ലഭിച്ചതോടെ ചെന്നൈ ആരാധകരുടെ ആവേശം ഇരട്ടിച്ചു. എന്നാൽ, തൊട്ടടുത്ത പന്തിൽ റൺ വഴങ്ങാതെ ഋഷി ധവാൻ ധോണിയെ പ്രതിരോധിച്ചു. അടുത്ത പന്തിൽ സിക്സിനു പറത്തിയ ധോണിയ്ക്കു പിഴച്ചു. പന്ത് ജോണി ബ്രയ്സ്റ്റോയുടെ കയ്യിൽ അവസാനിച്ചു. ഇതോടെ ചെന്നൈയുടെ വിജയ പ്രതീക്ഷകളും തീർന്നു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ശിഖർ ധവാന്റെ വെടിക്കെട്ടിന്റെ ബലത്തിലാണ് മാന്യമായ ടോട്ടൽ പടുത്തുയർത്തിയത്. 59 പന്തിൽ രണ്ടു സിക്സും ഒൻപത് ഫോറും സഹിതമാണ് ധവാൻ 88 റൺ അടിച്ചെടുത്തത്. രാജ്പക്സ (42) റണ്ണെടുത്ത് ധവാനൊപ്പം സ്കോർ ചലിപ്പിച്ചു. ഓപ്പണർ മായങ്കിനെ ആദ്യം നഷ്ടമായെങ്കിലും മികച്ച പ്രകടനം നടത്തിയാണ് ശിഖർ ധവാൻ ടീമിനെ മുന്നോട്ടു നയിച്ചത്. മറുപടി ബാറ്റിംങിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും ഇത് മുതലാക്കാനായില്ല. ആവസാനം എത്തിയ തലയ്ക്കു പിഴച്ചതും ചെന്നൈയ്ക്ക് തിരിച്ചടിയായി.
സ്കോർ
പഞ്ചാബ് – 187-4
ചെന്നൈ – 176 – 6