സേതുരാമയ്യർ
സേതുരാമയ്യരുടെയും,സി.ബി.ഐ.യുടെയും ഐക്കണിക് ലെഗസി അതിന്റെ അഞ്ചാം ഭാഗവുമായി വരുന്നെന്നു കേട്ടപ്പോൾ ഞാൻ പ്രതീക്ഷിച്ചത് അയ്യർ,അഗതാ ക്രിസ്റ്റിയുടെ ‘കർട്ട’നിലൂടെ ഹെർക്യൂൾ പൊയ്റോട്ട് നടത്തുന്നതു പോലെയുള്ള ഏറ്റവും പൂർണ്ണമായ ഒരു ഹംസഗാനം തന്റെ കരിയറിന് നൽകുമെന്നായിരുന്നു. ഭീഷ്മപർവ്വത്തിലൂടെ മമ്മൂട്ടി കണ്ടെത്തിയ പുതിയൊരു റിഥമിക് ഗ്രേസിൽ അയ്യരുടെ അവസാനകേസ് സമാനതകളില്ലാത്ത വിധം ഉദ്വേഗഭരിതവും, വൈകാരികവുമായിരിക്കുമെന്ന പ്രതീക്ഷകളെല്ലാം പക്ഷേ തീർത്തും അമേച്വറിഷായ ടീസറും,ട്രെയിലറും കൊണ്ട് അവസാനിച്ചിരുന്നു.എന്നിരിക്കിലും അയ്യരുടെ കുറ്റാന്വേഷണ രീതികളുടെയും,ആ ഫ്രാഞ്ചൈസിയുടെ തന്നെയും കടുത്തൊരാധകനെന്ന നിലയിൽ ആദ്യദിവസം തന്നെ സിനിമ കാണണമെന്നും തീർച്ചപ്പെടുത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയാളത്തിലെ കുറ്റാന്വേഷണസിനിമകളുടെ ചരിത്രത്തിലെത്തന്നെ ഒരു നാഴികക്കല്ലാണ് 1988 ൽ റിലീസ് ചെയ്ത ഒരു സി.ബി.ഐ.ഡയറിക്കുറിപ്പ്.മോളിവുഡിൽ പിന്നീട് വന്നിട്ടുള്ള ആ ഴോണർ സിനിമകളൊക്കെ അബോധപൂർവ്വമെങ്കിലും സി.ബി.ഐ.ഡയറിക്കുറിപ്പിനാൽ സ്ട്രക്ചറൽ പാറ്റേണുകളിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.വ്യക്തിപരമായ കാഴ്ച്ചപ്പാടിൽ അതിന്റെ സീക്വലായ ജാഗ്രതയാണ് ഈ ഫ്രാഞ്ചൈസിയിലെ ഏറ്റവും പ്രിയപ്പെട്ട സിനിമ.സേതുരാമയ്യർ സി.ബി.ഐയും അതിന്റെ ലെഗസിയോട് പരമാവധി നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്.
ആ സീരീസിൽ ഏറ്റവും നിരാശപ്പെടുത്തിയ ചിത്രം നേരറിയാൻ സി.ബി.ഐയായിരുന്നു.അവിടെ നിന്നും സി.ബി.ഐ 5 ലേക്കെത്തുമ്പോൾ അങ്ങേയറ്റം ഔട്ട് ഡേറ്റഡായ ഒരു തിരക്കഥാകൃത്തിനേയും,സംവിധായകനെയുമാണ് കാണാൻ കഴിയുക.ട്വിസ്റ്റുകൾ നൽകാൻ വേണ്ടി ഒരുക്കുന്ന സന്ദർഭങ്ങൾ മെയിൻ പ്ലോട്ടിൽ നിന്നുള്ള വിരസമായ സബ് പ്ലോട്ടുകളാവുന്നുണ്ട്. അവയ്ക്കിടയിലുള്ള കണക്ഷനുകളും അപ്രതീക്ഷിതമാം വിധം ദുർബലങ്ങളും,പ്രവചനീയങ്ങളുമാകുന്നുണ്ട്.അവിഹിതങ്ങളും,മെലോഡ്രാമാറ്റിക് പ്രതികാരപശ്ചാത്തലവും ഒക്കെ ചേർന്നൊരുക്കുന്ന പാതിവെന്ത കഥാപരിസരത്തിന് കൈയടി കിട്ടാൻ ആ ഐക്കണിക് ബാക്ക് ഗ്രൗണ്ട് സ്കോറും,പിന്നെ സേതുരാമയ്യരുടെ ഇൻടാക്റ്റായ ലെഗസിയും പോരാതെ വരുമെന്ന് കണക്കുകൂട്ടാൻ എസ്.എൻ.സ്വാമിക്കും,കെ മധുവിനും കഴിഞ്ഞില്ല എന്നിടത്താണ് സി.ബി.ഐ.5 വീണു പോകുന്നത്.
സത്യദാസിന്റെ സീരീസ് കാരക്ടർ ആർക്ക് എന്നെ പലപ്പോഴും ഹരിഹർ നഗർ സീരീസിലെ അപ്പുക്കുട്ടനെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.ഡയറിക്കുറിപ്പിലെ സത്യദാസിൽ നിന്നും,ഈ സിനിമയിലെ സത്യദാസിലേക്കെത്തുമ്പോൾ അത് മിക്കപ്പോഴും സുകുമാരനെ അനുകരിക്കുന്ന സായ് കുമാർ എന്ന രീതിയിൽ ബാലിശമാകുന്നുണ്ട്.മറുഭാഗത്ത് പ്രായമേൽപ്പിക്കുന്ന കേടുപാടുകൾക്ക് അധികം പിടികൊടുക്കാതെ സേതുരാമയ്യർ അങ്ങേയറ്റം ഗ്രേസ്ഫുളായിത്തന്നെ സ്ക്രീനിൽ കാണപ്പെടുന്നുണ്ട്. പക്ഷേ അയ്യരുടെ ഷാർപ്നസ്സ് ഷോകേസ് ചെയ്യാൻ പറ്റുന്ന ഒന്നും സ്വാമിയുടെ തിരക്കഥയിലോ,അന്വേഷണസങ്കേതങ്ങളിലോ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.സ്വാമിയുടെ തന്നെ മറ്റൊരു മമ്മൂട്ടിച്ചിത്രത്തിലേതു പോലുള്ള ആന്റി ഹീറോ കാരക്ടർ&പ്ലോട്ട് ഡെവലപ്മെന്റ് ഈ സിനിമയും പിന്തുടരുന്നുണ്ട്.
എന്നാൽ ആദ്യത്തേതിലുള്ള രൂപഭദ്രതയുടെ അഭാവം ഇവിടെ ദൃശ്യമാണ്.മുകേഷും,ആശാ ശരത്തും,രഞ്ജി പണിക്കരും താന്താങ്ങളുടെ റോളുകളോട് നീതി പുലർത്തിയപ്പോൾ ട്രാൻസിലെയും,ഇരുളിലേയും പ്രകടനങ്ങളെ അനുസ്മരിപ്പിക്കുമാറ് തീർത്തും അൺഫിറ്റായ ഒരു സൗബിനെയാണ് ഈ ചിത്രത്തിൽ കണ്ടത്.ജഗതി ശ്രീകുമാറിനെ ഒരിക്കൽ കൂടി സ്ക്രീനിൽ കണ്ടത് മനസ്സിൽ സന്തോഷത്തിന്റെ ഒരു വേലിയേറ്റമുണ്ടാക്കിയെങ്കിലും ആ കഥാപാത്രത്തിന്റെ അവതരണവും,പശ്ചാത്തലവുമൊക്കെ തീർത്തും പ്രവചനീയമായാണ് അനുഭവപ്പെട്ടത്.
വളരെ ഫ്ലാറ്റായ തിരക്കഥയെ എലവേറ്റ് ചെയ്യാൻ പറ്റുന്ന ഒന്നും കെ.മധുവിന്റെ കയ്യിലും ഉണ്ടായിരുന്നില്ലെന്നു വേണം കരുതാൻ.ഷാജി കൈലാസിന്റെ പൊലീസ് നായകൻമാരെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ മമ്മൂട്ടിയെ 360 ഡിഗ്രിയിൽ വാഹനത്തിൽ നിന്നിറങ്ങുമ്പോൾ പ്രദർശിപ്പിക്കുന്ന സ്വിഷ് ഷോട്ടൊക്കെ ആ കഥാപാത്രത്തിനോട് കാണിക്കുന്ന നീതികേടായാണ് തോന്നിയത്.മലയാളിയുടെ സേതുരാമയ്യർക്ക് ഹീറോയിക് സ്വഭാവം കിട്ടാൻ അതിന്റെയൊന്നും ആവശ്യമില്ല സാർ.അതൊന്നുമില്ലാതെത്തന്നെ തന്റെ സെറീൻ മാനറിസങ്ങളാൽ അയാൾ ഞങ്ങൾക്കൊരു സൂപ്പർഹീറോയാണ്.
സി.ബി.ഐ.5 പുതുതായി യാതൊന്നും ഓഫർ ചെയ്യാത്ത ഒരു സാധാരണ കുറ്റാന്വേഷണ ചിത്രം മാത്രമാണ്;സേതുരാമയ്യരുടെയും അയാളെയവതരിപ്പിച്ച മമ്മൂട്ടിയുടെയും,ശ്യാമിന്റെ ബാക്ക് ഗ്രൗണ്ട് സ്കോറിന്റെയും ലെഗസിയെ,അവയോടുള്ള മലയാളിയുടെ ഒടുങ്ങാത്ത ആസക്തിയെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന,മേൽപറഞ്ഞ കാരണങ്ങൾ കൊണ്ടുമാത്രം ഒടുക്കം വരെ പ്രേക്ഷകൻ സീറ്റിലിരുന്നു പോകുന്ന ഒരു മീഡിയോക്കർ ത്രില്ലർ.