കോട്ടയം: കോടിമത നാലുവരിപ്പാതയിൽ വീണ്ടും വാഹനാപകടം. മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ച കാറിടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ഡ്രൈവറെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.
ബുധനാഴ്ച രാത്രി 7.45 ന് കോടിമത നാലുവരിപ്പാതയിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ബജിക്കടയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും, പെട്ടി ഓട്ടോറിക്ഷ ഭാഗീകമായും തകർന്നു. കൊണ്ടോടി പമ്പിനു സമീപത്തെ ബജിക്കടയ്ക്കു മുന്നിലാണ് അപകടം ഉണ്ടായത്. അപകട വിവരം അറിഞ്ഞെത്തിയ കൺട്രോൾ റൂം പൊലീസ് സംഘം ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു.