പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മൂന്നാമത്തെ ഡെക്ക് നേരിട്ട് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകന്‍ കെ എല്‍ രാഹുല്‍.കെകെആറിനെതിരായ മത്സരത്തില്‍ ഒരു പന്ത് പോലും നേരിടാതെ ഡയമണ്ട് ഡെക്കായാണ് താരം പുറത്തായത്. മിന്നും ഫോമിലായിരുന്ന രാഹുല്‍ റണ്ണൗട്ടായാണ് പുറത്തായതെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം. കെകെആര്‍ നായകന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലാണ് രാഹുലിന് മടക്ക ടിക്കറ്റ് ലഭിച്ചത്.
സീസണിലെ ആദ്യ മത്സരത്തിലും രാഹുല്‍ പൂജ്യത്തിനാണ് പുറത്തായത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഗോള്‍ഡന്‍ ഡെക്കായാണ് രാഹുല്‍ പുറത്തായത്. സീസണില്‍ ഇത് മൂന്നാമത്തെ ഡെക്കാണ് രാഹുല്‍ നേരിട്ടത്. ഇതോടെ ഒരു സീസണില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യന്‍ നായകന്മാരുടെ പട്ടികയിലേക്ക് രാഹുലിന്റെയും പേര് ചേര്‍ക്കപ്പെട്ടു. 2012ല്‍ ഹര്‍ഭജന്‍ സിങ്, 2014ല്‍ ഗൗതം ഗംഭീറും വിരാട് കോലി, 2018ല്‍ ആര്‍ അശ്വിന്‍, രോഹിത് ശര്‍മ, ഇപ്പോഴിതാ ഈ പട്ടികയിലേക്ക് രാഹുലിനും എത്തിപ്പെടേണ്ടി വന്നിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് തവണ പൂജ്യത്തിന് പുറത്തായിട്ടും ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ കെ എല്‍ രാഹുല്‍ രണ്ടാം സ്ഥാനത്തുണ്ട്. 11 മത്സരങ്ങളില്‍ നിന്ന് 451 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 38 ഫോറും 20 സിക്‌സുമാണ് രാഹുല്‍ പറത്തിയത്. 50.11 എന്ന മികച്ച ശരാശരിയും 145.01 എന്ന മികച്ച സ്‌ട്രൈക്കറേറ്റും ഇത്തവണ രാഹുലിന്റെ പേരിലുണ്ട്.
അവസാന സീസണില്‍ പഞ്ചാബിന്റെ നായകനായിരുന്ന രാഹുല്‍ ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്കെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിയത്. പഞ്ചാബിനൊപ്പവും ഗംഭീര ബാറ്റിങ് പ്രകടനം നടത്താന്‍ രാഹുലിനായിരുന്നെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ പ്ലേ ഓഫിലേക്കെത്തിക്കാന്‍ രാഹുലിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ലഖ്‌നൗ സജീവ പ്ലേ ഓഫ് പ്രതീക്ഷയിലാണ്. 10 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്താണ്. നാല് മത്സരം ശേഷിക്കെ രണ്ട് ജയം നേടിയാല്‍ ലഖ്‌നൗവിന് ഇത്തവണ പ്ലേ ഓഫിലേക്കെത്താനാവും.
രാഹുലാണ് ലഖ്‌നൗവിന്റെ നട്ടെല്ലെങ്കിലും ഒറ്റയാള്‍ പ്രകടനങ്ങളെ ആശ്രയിച്ച് മാത്രമല്ല ലഖ്‌നൗവിന്റെ കുതിപ്പ്. ഒന്നിലധികം മാച്ച് വിന്നര്‍മാര്‍ ഇതിനോടകം ലഖ്‌നൗ ടീമിനായി ഉയര്‍ന്നുവന്നിട്ടുണ്ട്. മാര്‍ക്കസ് സ്‌റ്റോയിനിസ്, ജേസന്‍ ഹോള്‍ഡര്‍, ക്രുണാല്‍ പാണ്ഡ്യ, ആയുഷ് ബധോനി, ദീപക് ഹൂഡ, ക്വിന്റന്‍ ഡീകോക്ക് എന്നിവരെല്ലാം ലഖ്‌നൗവിന് വിജയം നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ളവരാണ്.