കൊൽക്കത്ത: ഐ ലീഗ് കിരീടത്തിന് തൊട്ടരികിലെത്തി ഗോകുലം കേരള. ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ഗോകുലം കിരീട നേട്ടത്തിന് അടുത്തെത്തിയത്. ലീഗിൽ ഇനി ബാക്കിയുള്ള രണ്ട് മത്സരത്തിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടിയാൽ ഗോകുലം കേരളക്ക് ഐ ലീഗ് കിരീടം നിലനിർത്താൻ സാധിക്കും. അല്ലെങ്കിൽ രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻസ് അടുത്ത ഏതെങ്കിലും മത്സരത്തിൽ തോറ്റാലും മത്.
ഇന്നലെ നടന്ന മത്സരത്തിൽ 27ാം മിനിട്ടിൽ ജോർദാൻ ഫ്ളെച്ചറുടെ വകയായിരുന്നു ഗോകുലത്തിന്റെ വിജയ ഗോൾ. ലീഡ് നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗോകുലം കേരള രാജസ്ഥാന്റെ ഗോൾ മുഖത്തേക്ക് തുടരെ അക്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. എന്നാൽ മലബാറിയൻസിന്റെ മുന്നേറ്റങ്ങളെല്ലാം രാജസ്ഥാന്റെ പ്രതിരോധത്തിൽ തട്ടി തകർന്നു. ഗോളെന്നുറച്ച അവസരം രാജസ്ഥാന് രണ്ട് തവണ ലഭിച്ചെങ്കിലും ഗോകുലം ഗോൾ കീപ്പർ രക്ഷിത് ദഗർ രക്ഷകനാവുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകുതിയിൽ പുതു ഊർജവുമായി എത്തിയ ഗോകുലം മികച്ച മുന്നേറ്റങ്ങൾ നടത്തി. പല സമയത്തും രാജസ്ഥാൻ ഗോൾമുഖത്ത് ഗോകുലം ഭീതി വിതച്ചുകൊണ്ടിരുന്നു. മത്സരം പുരോഗമിക്കുന്നതിനിടെ 89ാം മിനിട്ടിൽ രാജസ്ഥാൻ താരം മൗറോ സാന്റോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ ഗോകുലത്തിന് വീണ്ടും ശക്തികൂടി. ഈ സമയത്ത് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി പരിശീലകൻ അന്നീസെ ജിതിനെ പിൻവലിച്ച് മദ്ധ്യനിര താരമായ സോഡിങ്‌ലാനയെ കളത്തിലിറക്കി.
അവസാന മിനിട്ടുകളിൽ രാജസ്ഥാൻ ലോംഗ് ബോളുകൾ കളിച്ച് നോക്കിയെങ്കിലും പ്രതിരോധ താരം അമിനോ ബൗബയുടെ അവസരോചിത ഇടപെടലായിരുന്നു രാജസ്ഥാന്റെ ജയം നിഷേധിച്ചത്. ഫൈനൽ വിസിൽ ഉയർന്നതോടെ ഗോകുലം കേരള ഒരു ഗോളിന്റെ ജയവുമായി കളംവിട്ടു. 16 മത്സരത്തിൽ നിന്ന് 40 പോയിന്റാണ് ഇപ്പോൾ ഗോകുലത്തിന്റെ സമ്പാദ്യം. ഇനി ഒരു പോയിന്റ് കൂടി ലഭിച്ചാൽ വീണ്ടും ദേശീയ കിരീടം കേരളത്തിലെത്തും. മെയ് 10ന് ശ്രീനിധി എഫ്.സിക്കെതിരേയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.