തൃശൂര്‍: കുടമാറ്റം നടക്കുമ്പോള്‍ ഒരു തരിമ്പ് ഇടമില്ലാത്തിടത്ത് യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവും ആസ്വാദനത്തിനിടയില്‍ ആനന്ദക്കണ്ണീരണിയുന്ന യുവതിയുടെയും മനോഹരമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരാണ് ഇരുവരുമെന്ന ചോദ്യവുമായി പലരും രംഗത്തെത്തിയിരുന്നു. ഒടുവില്‍ അവരെ മാധ്യമങ്ങൾ കണ്ടെത്തി. തൃശൂര്‍ നടത്തറ സ്വദേശി കൃഷ്ണപ്രിയയും എല്തുരുത്തി സ്വദേശിയായ സുദീപ് മാടമ്പിയുമാണ് ആ മനോഹര ദൃശ്യങ്ങളിലുണ്ടായിരുന്നത്. കാണാന്‍ കഴിയില്ല എന്ന് കരുതിയ പൂരം അടുത്തു നിന്ന് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കണ്ണുകള്‍ നിറഞ്ഞൊഴുകിയതെന്ന് കൃഷ്ണപ്രിയ പറഞ്ഞു.
പൂരം കാണാന്‍ സുഹൃത്തായ കൃഷ്ണപ്രിയ, രേഷ്മ, ബിയാമി എന്നിവര്‍ രാവിലെ തന്നെ ഗ്രൗണ്ടില്‍ എത്തിയിരുന്നു. തിക്കിലും തിരക്കിലും പൂരം നടക്കുന്നതിന്റെ മുന്‍ഭാഗത്ത് എത്തിപ്പെട്ടു. അവിടെ പൊലീസ് വലിയ ബാരിക്കേഡുകള്‍ വച്ച് തടഞ്ഞു. എങ്കിലും തെക്കോട്ടിറങ്ങുന്ന സമയത്ത് മുന്‍ഭാഗത്ത് നിന്നു കാണാന്‍ കഴിഞ്ഞു. എന്നാല്‍ അല്‍പ്പം സമയം കഴിഞ്ഞപ്പോള്‍ അവിടെ നിന്ന പൊലീസുകാര്‍ മൂന്ന് പെണ്‍കുട്ടികള്‍ ഉള്ളതിനാല്‍ ബാരിക്കേഡിന് അപ്പുറം നിന്നു പൂരം കാണാന്‍ അനുവാദം നല്കി. ഇതോടെ സൗകര്യപ്രദമായി പൂരം കാണാമെന്ന സന്തോഷത്തോടെ അവിടേക്ക് എത്തിയപ്പോള്‍ അവിടെ നിന്ന പൊലീസുകാര്‍ ഞങ്ങളെ തടഞ്ഞു. അവിടെ നില്ക്കാന് കഴിയില്ല എന്ന് പറഞ്ഞു പുറത്തേക്ക് വിട്ടു. മുന്നില്‍ നിന്ന ഞങ്ങളെ പൂരം സൗകര്യപ്രദമായി കാണാന്‍ അവിടെ നിന്ന പൊലീസുകാരാണ് ഇവിടേക്ക് പറഞ്ഞു വിട്ടതെന്നുമൊക്കെ പറഞ്ഞെങ്കിലും അവര്‍ അതു കേള്‍ക്കാന്‍ തയ്യാറായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ മുന്നില്‍ നിന്ന ഞങ്ങള്‍ ഏറ്റവും പിന്നിലേക്ക് പോയി. മണിക്കൂറുകളായി കാത്തു നിന്നിട്ട് ഒടുവില്‍ പൂരം കാണാന്‍ കഴിയാതെ മടങ്ങേണ്ടി വരുമല്ലോ എന്നോര്‍ത്തപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ഒന്നുകൂടി മുന്നിലേക്ക് പോയാലോ എന്ന് അപ്പോഴാണ് കൃഷ്ണപ്രിയ പറഞ്ഞത്. എങ്കില്‍ ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി. അങ്ങനെ ഉന്തി തള്ളി മുന്നിലേക്കെത്തി. പൊലീസ് വീണ്ടും തടഞ്ഞു. ഞങ്ങള്‍ മുന്നില്‍ നിന്നതാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞ് മുന്നിലേക്ക് വിട്ടപ്പോള്‍ അവിടെ നില്ക്കാന് സമ്മതിക്കാത്തതിനെതുടര്ന്നാണ് പിന്നിലേക്ക് പോയതെന്നും വീണ്ടും അവരോട് പറഞ്ഞു. പറയുമ്പോള്‍ ഞങ്ങളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അത് മനസ്സിലാക്കിയാവണം ആ ഉദ്യോഗസ്ഥന് ഞങ്ങളെ പൂരം കാണാന്‍ സൗകര്യപ്രദമായ സ്ഥലത്തേക്കു നിര്‍ത്തി. പൂരം നന്നായി കാണാന്‍ കൃഷ്ണപ്രിയയെ തോളില്‍ കയറ്റിയിരുത്തുകയും ചെയ്തു- സുദീപ് പറഞ്ഞു.
തോളില്‍ കയറ്റിയപ്പോള്‍ പൂരം നന്നായി കാണാന്‍ കഴിഞ്ഞു. കാണാന്‍ കഴിയില്ലെന്ന് കരുതിയ പൂരം അടുത്തു നിന്നു കാണാന്‍ വീണ്ടും അവസരം ലഭിച്ചതോടെ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു പോയി. ഇതിനിടയില്‍ സുദീപ് ചെണ്ടമേളത്തിനൊപ്പം ചുവടു വയ്ക്കാനും തുടങ്ങി. ഈ സമയം ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പൂരം കാണാന്‍ സൗകര്യമൊരുക്കി തന്ന പേരറിയാത്ത ആ പൊലീസുദ്യോഗസ്ഥന് നന്ദി പറയുകയാണ് എന്നും കൃഷ്ണ പ്രിയ പറഞ്ഞു.
മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാനലിന്റെ അവതാരകയാണ് കൃഷ്ണപ്രിയ. ഹ്യൂണ്ടായിയുടെ സെയില്‍സ് ഡിപ്പാര്ട്ടമെന്റിലാണ് സുദീപ് ജോലി ചെയ്യുന്നത്. നാലു വര്‍ഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പലരും ഇവരെ അന്വേഷിച്ചു കൊണ്ടിക്കുകയായിരുന്നു. ഇതിനിടയിലാണ് മാധ്യമങ്ങൾ ഇവരെ കണ്ടെത്തിയത്. വീഡിയോ പകര്‍ത്തിയത് നിഥിന് വിജയന് എന്നയാളാണ്.