സുപ്രഭാതം സീനിയർ സബ് എഡിറ്റർ യു.എച്ച് സിദ്ദിഖിന്റെ ഖബറടക്കം മെയ് 14 ശനിയാഴ്ച രാവിലെ 9ന്

കോട്ടയം: സുപ്രഭാതം സീനിയർ സബ് എഡിറ്ററും സ്പോർട്സ് റിപ്പോർട്ടറുമായ ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പുപാലം ഉരുണിയിൽ യു.എച്ച് സിദ്ദീഖ് (എച്ച്. അബൂബക്കർ- 43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
കോഴിക്കോട് നിന്നും കാസർക്കോട്ടേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ കാഞ്ഞങ്ങാട് അരിമല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Advertisements

ഖബറടക്കം മെയ് 14 ശനിയാഴ്ച രാവിലെ ഒൻപതിന് വണ്ടിപ്പെരിയാർ മുസ്ലിം ജമാഅത്ത് മസ്ജിദുന്നൂർ ഖബർസ്ഥാനിൽ. മംഗളം, തേജസ് എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് സുപ്രഭാതത്തിലെത്തിയത്. 2014 ജൂൺ മുതൽ സുപ്രഭാതത്തിൽ പ്രവർത്തിക്കുന്ന സിദ്ദീഖ് കോട്ടയം, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം ബ്യൂറോകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സുപ്രഭാതം സ്പോർട്സ് ഡെസ്‌കിന്റെ ചുമതല വഹിച്ചുവരികയാണ്. ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പ്, ദക്ഷിണേഷ്യൻ ഗെയിംസ്, അണ്ടർ 17 ലോകകപ്പ്, ഐ.എസ്.എൽ, ഐ.പി.എൽ മാച്ചുകൾ, കഴിഞ്ഞമാസം സമാപിച്ച സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പ് എന്നിവ ഉൾപ്പെടെ നിരവധി ദേശീയ, അന്തർദേശീയ കായിക മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കായികരംഗത്തെ മികച്ച റിപ്പോർട്ടിങ്ങിനുള്ള സ്പോർട്സ് കൗൺസിലിന്റെ 2017ലെ ജി.വി രാജ സ്പോർട്സ് അവാർഡ് നേടി. കേരളത്തിലെ പാരാലിംപിക് കായിക താരങ്ങൾ നേരിടുന്ന അവഗണനയുടെ നേർചിത്രം വരച്ചുകാട്ടിയ ‘പരിമിതികളില്ലാത്ത ആവേശം, പക്ഷെ’ എന്ന തലക്കെട്ടിൽ സുപ്രഭാതത്തിൽ പ്രസിദ്ധീകരിച്ച പരമ്പരയ്ക്കായിരുന്നു പുരസ്‌കാരം. 2012, 2018 വർഷങ്ങളിൽ സംസ്ഥാന സ്‌കൂൾ അത്ലറ്റിക് ചാംപ്യൻഷിപ്പിലെ മികച്ച കായിക റിപ്പോർട്ടിങ്ങിനുള്ള അവാർഡുകളും നേടിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കായികരംഗത്തെ ചതിക്കുഴികളും അഴിമതികളും ചൂണ്ടിക്കാണിക്കുന്ന ഒട്ടേറെ വാർത്തകൾ റിപ്പോർട്ട് ചെയ്തു. ദേശീയ ഗെയിംസ് ജേതാക്കൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ജോലി വൈകിയത് സംബന്ധിച്ച വാർത്തയും ഏറെ ശ്രദ്ധ നേടിയിരുന്നു.
സുപ്രഭാതം ജേണലിസ്റ്റ് യൂനിയൻ സെക്രട്ടറിയും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
പരേതനായ ഉരുണിയിൽ ഹംസയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: നിസ. മക്കൾ: ഫിദ ഫാത്വിമ, ഫാദിയ ഫാത്വിമ. കാഞ്ഞങ്ങാട്ടുനിന്ന് രാത്രിയോടെ മൃതദേഹം കോഴിക്കോട്ടെത്തിച്ചു.
സുപ്രഭാതം ഓഫിസ് കോംപൗണ്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ആദരാഞ്ജലി അർപ്പിച്ചു.

Hot Topics

Related Articles