മെസിക്കാലം
അയാൾ അണയ്ക്കുന്നുണ്ടായിരുന്നു..
അയാളുടെ മുഖത്തെ ഹർഷം പക്ഷേ ഒരു സ്റ്റേറ്റ്മെന്റായിരുന്നു..
അതൊരു അഗ്നിശരം പോലെ സാന്റിയാഗോ ബെർണാബ്യുവിലെ റയൽ മാഡ്രിഡ് ആരാധകരെ പൊള്ളിച്ചു.അയാളുയർത്തിക്കാണിച്ച ജെഴ്സിയിൽ ഒരു പേരും നമ്പറും മാത്രമായിരുന്നില്ല.അവർ കണ്ടുകൊണ്ടിരിക്കുന്ന കളിയിൽ ഒരേയൊരു രാജാവേയുള്ളൂവെന്നും അത് താനാണെന്നുമുള്ള നിശ്ശബ്ദമായ സ്റ്റേറ്റ്മെന്റായിരുന്നു അത്.ഒരിലവീണാൽ കേൾക്കാവുന്ന നിശ്ശബ്ദത വ്യാപിച്ച റയൽ ആരാധകരുടെ കണ്ണുകളിൽ ആ ഊരിപ്പിടിച്ച ജെഴ്സിയിങ്ങനെ വായിക്കപ്പെട്ടു.”നിങ്ങൾക്കെന്നെ ചോരയിൽ കുളിപ്പിക്കാം,നിങ്ങൾക്കെന്നെ മുറിവേൽപ്പിക്കാം,നിങ്ങൾക്കെന്റെ കാലുകൾ തകർക്കാൻ ശ്രമിക്കാം പക്ഷേ അവയൊക്കെയും അതിജീവിച്ച് ഞാൻ നിങ്ങളുടെ ഗോൾമുഖം തേടിവരിക തന്നെ ചെയ്യും,നിങ്ങളുടെ ആരവങ്ങളെ ഉറക്കിക്കിടത്തുക തന്നെ ചെയ്യും,എല്ലാ വെറുപ്പുകൾക്കുമപ്പുറത്ത് ആർട്ടെന്തെന്നും ആർട്ടിസ്റ്റാരെന്നും നിങ്ങളെക്കൊണ്ടു പറയിപ്പിക്കുകതന്നെ ചെയ്യും,ഭീതി വിട്ടൊഴിയാത്ത കണ്ണുകളാൽ സ്തുതിഗീതം പാടിക്കുക തന്നെ ചെയ്യും”മൈതാനത്ത് മാർസലോയും,കർവാലോയും മുഖം പൊത്തിക്കിടപ്പുണ്ട്.നിരാശനായ റൊണാൾഡോ തലയാട്ടി തന്റെ രോഷം പ്രകടിപ്പിക്കുന്നുണ്ട്.സിദാൻ സൈഡ് ലൈനിൽ നിസ്സഹായനായി നിൽപ്പുണ്ട്.സാന്റിയാഗോ ബർണാബ്യുവിലെ ശ്മശാനമൂകതയ്ക്കു മേലെ അയാൾ-ലയണൽ മെസ്സി-തന്റെ ജെഴ്സി അനശ്വരതയിലേക്കു പുതപ്പിച്ചു.ലോകം അയാളുടെ കാൽക്കീഴിലേക്കു ചുരുങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017ൽ ബെർണാബ്യുവിലേക്ക് എൽ ക്ലാസിക്കോയെത്തുമ്പോൾ ബാഴ്സലോണയ്ക്ക് നഷ്ടപ്പെടാൻ ഏറെയുണ്ടായിരുന്നു.യുവന്റസിന്റെ കയ്യിൽ നിന്നേറ്റ ചാമ്പ്യൻസ് ലീഗ് എക്സിറ്റിനൊപ്പം എൽ ക്ലാസിക്കോ നഷ്ടപ്പെട്ടാൽ ലാലിഗാ ടൈറ്റിൽ റേസിൽ നിന്നും പിന്തള്ളപ്പെടും എന്നു കൂടിയുള്ള തിരിച്ചറിവിലേക്കാണ് അന്ന് ബാഴ്സ ബൂട്ടു കെട്ടിയിറങ്ങിയത്.യു.സി.എൽ ക്വാർട്ടറിൽ ഡാനി ആൽവസിൽ നിന്നുമേറ്റ എൽബോ ബ്ലോയുടെ അടയാളം മെസ്സിയുടെ മുഖത്ത് അപ്പോഴും ബാക്കിയുണ്ടായിരുന്നു.”എന്താണോ ഞങ്ങൾ നിരന്തരം ചെയ്തുകൊണ്ടിരുന്നത് അത്ര തന്നെയേ ഇന്നും ചെയ്യേണ്ടതുള്ളൂ”പ്രീമാച്ച് കോൺഫറൻസിൽ ഇനിയസ്റ്റയ്ക്ക് കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല.33 എൽ ക്ലാസിക്കോകളിൽ നിന്ന് 20 ഗോളുകളും 13 അസിസ്റ്റുകളും രജിസ്റ്റർ ചെയ്തിരുന്ന ഇനിയസ്റ്റയുടെ ഗോ-ടു മാന് കൂടുതൽ പ്രചോദനത്തിന്റെ ആവശ്യവുമുണ്ടായിരുന്നില്ല.പക്ഷേ റയലിനും,സിദാനും കൃത്യമായ പദ്ധതികളുണ്ടായിരുന്നു.ആദ്യത്തെ ഇരുപത് മിനിറ്റുകൾക്കുള്ളിൽ തന്നെ ലിയോ രണ്ടു തവണ മാരകമായി മാൻ ഹാൻഡിൽ ചെയ്യപ്പെട്ടു.കാസമിറോ കമ്മിറ്റ് ചെയ്ത ഒരു വൈൽഡ് സിസർ ചാലഞ്ചിനു പിന്നാലെ മാർസലോയുടെ ഒരു എൽബോ ചാലഞ്ചും.മന:പൂർവ്വമെന്നു തന്നെ തോന്നിച്ച മാർസലോ ഫൗളിനു ശേഷം രക്തരൂഷിതമായ മുഖത്തോടെ മൈതാനത്തു കമിഴ്ന്നു കിടക്കുന്ന ലിയോയെ ഇപ്പോഴും ഓർമ്മയുണ്ട്.അയാളുടെ നോട്ടം അക്ഷരാർത്ഥത്തിൽ,മുറിവേറ്റ മുഖത്തിനെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.ഫുട്ബാൾ ഗ്രൗണ്ടിൽ നമ്മൾ നിരന്തരം കണ്ടുകൊണ്ടിരുന്ന ലിയോയെയല്ല,ചോരയിൽ ചുവന്ന ആ മൂക്കും,ഇടിയുടെ ആഘാതത്താൽ ചുരുങ്ങിയ കണ്ണും അടയാളപ്പെടുത്തിയത്;മറിച്ച് ഒരു പ്രൊഫഷണൽ ബോക്സിംഗ് റിംഗിലെ ഏറ്റവും നിർണായകമായ അവസാനറൗണ്ടുകളിലൊന്നിനെയാണ്.
മിനിറ്റുകൾക്കു ശേഷം ബെർണാബ്യുവിനെ കോരിത്തരിപ്പിച്ചു കൊണ്ട് കാസമിറോയുടെ ഒരു ക്ലോസ് റേഞ്ച് സ്ക്രാപ്പറിലൂടെ റയൽ ലീഡെടുത്തു.അപ്പോഴും പല്ലുകൾക്കിടയിൽ വെച്ച ലിയോയുടെ ടിഷ്യൂ ചോരയിൽ കുതിരുന്നുണ്ടായിരുന്നു.പക്ഷേ അവയ്ക്കു മുകളിലെ കണ്ണുകളിൽ നിശ്ചയദാർഢ്യം സ്ഫുരിക്കുന്നുണ്ടായിരുന്നു.നിമിഷങ്ങൾ കഴിഞ്ഞു.മെസ്സി സാധാരണയിൽ കൂടുതൽ തവണ ഡീപ്പിലേക്കിറങ്ങി വന്ന് പന്തു സ്വീകരിക്കുന്നുണ്ടായിരുന്നു.അത്തരമൊരു നിമിഷം.ഡീപ് ലെഫ്റ്റിൽ നിന്നും പന്തെടുത്ത് അയാൾ ബുസ്കറ്റ്സിന് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നു.ബുസ്കറ്റ്സിൽ നിന്നും റാക്കിറ്റിച്ചിലേക്ക്.റാക്കിറ്റിച്ചിൽ നിന്നും പന്ത് സ്വീകരിച്ച് ബോക്സിലേക്കെത്തുന്ന മെസ്സിയെ കാത്ത് മോഡ്രിച്ചും,കർവാലോയുമുണ്ട്.ഇടങ്കാൽ കൊണ്ടുള്ള ഒരു ക്ലിനിക്കൽ ബാൾ റിസപ്ഷൻ,പിന്നെ ഒരു പെർഫക്ട് റണ്ണിൽ മാത്രം സാധ്യമാവുന്ന പുൾ ഇൻ,ഒപ്പം അവസാനനിമിഷത്തെ കുതിപ്പ്..മോഡ്രിച്ചും,കർവാലോയും നിസ്സഹായരാവുന്നു.അപകടം മണത്ത് അഡ്വാൻസ് ചെയ്യുന്ന കയ്ലർ നവാസിനെ കാഴ്ച്ചക്കാരനാക്കിക്കൊണ്ട് അത്രമേൽ ക്ലിനിക്കൽ പ്രസിഷനോടു കൂടിയ ഒരു ലെഫ്റ്റ് ഫൂട്ടഡ് ഡ്രൈവും.ബർണാബ്യു വീണ്ടും സമനിലയിൽ.
അങ്കം തീപിടിച്ചു തുടങ്ങി.ഒരു വശത്ത് ലിയോയും,മറുവശത്ത് ക്രിസ്റ്റ്യാനോയും അവരുടെ നിലവാരത്തിനൊത്ത് സിറ്ററുകളെന്നു വിശേഷിപ്പിക്കാവുന്ന ഓരോ അവസരങ്ങൾ പാഴാക്കുന്നു.മെസ്സിക്കെതിരെ തങ്ങളുടെ ഫിസിക്കൽ ഫുട്ബോൾ പുറത്തെടുക്കാൻ റയൽ ഡിഫൻസ് ഒരു മടിയും കാണിക്കുന്നില്ല.രണ്ടാം പകുതി ഏതാണ്ട് മധ്യത്തോടടുക്കുന്നു.നിരുപദ്രവകരമെന്നു തോന്നിക്കുന്ന ഒരു ഡിഫൻസീവ് റിഫ്ലക്ഷൻ റയൽ ബോക്സിനു വെളിയിൽ റാക്കിറ്റിച്ച് സ്വീകരിക്കുന്നു.വലതുകാൽ കൊണ്ട് സ്വീകരിച്ച പന്തിനെ ഇടതുകാലിലേക്കു മാറ്റുന്ന ബോൾ ട്രാൻസിഷനിടെ മൂവ്മെൻറ്റിനാൽ ടോണി ക്രൂസ് വഞ്ചിക്കപ്പെടുന്നുണ്ട്.പിന്നെ ഒരു ലെഫ്റ്റ് ഫൂട്ടഡ് റിഫ്ളർ.നവാസിന്റെ ഒരു ഫുൾസ്ട്രെച്ച്ഡ് ഡൈവിനും സ്പർശിക്കാനാവാത്ത ആംഗിളിൽ പന്ത് പോസ്റ്റിന്റെ വലതുമോന്തായം ചുംബിക്കുന്നു.അഡ്വാന്റേജ് ബാഴ്സ.നാലു മിനിറ്റിനു ശേഷം മെസ്സിയുടെ സ്പ്രിന്റിനെ തടയാൻ റാമോസ് ഓടിയടുക്കുന്നു.പന്തും,മെസ്സിയുടെ സ്പ്രിന്റിംഗും കണക്കിലെടുത്തു തന്നെയാണ് റാമോസ് പന്തിലേക്കുള്ള ക്ലിയറിംഗ് ഡൈവ് പ്ലാൻ ചെയ്യുന്നത്.പക്ഷേ മെസ്സിയുടെ പൊസിഷനിംഗിനേയും,വേഗത്തെയും കണക്കുകൂട്ടുന്നതിൽ അയാൾക്കൊരു മാത്ര പിഴച്ചു.തന്റെ ഡൈവിംഗ് ഒരു മില്ലിസെക്കൻഡ് വൈകിപ്പോകുന്നതും,പന്തിനു പകരം മെസ്സിയുടെ കാലുകളിലേക്കതെത്തുന്നതും നിസ്സഹായതയോടെയാവണം അയാൾ കണ്ടിട്ടുണ്ടാവുക.മെസ്സിയാൽ ഭൂതാവേശിതനായി സ്വയം കമ്മിറ്റ് ചെയ്ത എക്സിറ്റ് ചുവപ്പുകാർഡിന്റെ രൂപത്തിൽ റാമോസ് ഏറ്റുവാങ്ങുമ്പോൾ മറുവശത്ത് ഗോളിനും,അസിസ്റ്റിനും അപ്പുറം തന്റെ സാന്നിദ്ധ്യത്താൽ തന്നെയും റയലിനെ നോവിക്കുന്ന ഒരു മനുഷ്യൻ ഇനിയുമവസാനിച്ചിട്ടില്ലാത്ത തന്റെ മാസ്റ്റർക്ലാസ് എക്സിബിഷന്റെ ഫൈനൽ ഷോയ്ക്ക് ചിന്തേരിടുകയായിരുന്നു.
12 മിനിറ്റ്.ഒരു ഗോൾ ലീഡ്,അതും പത്താളായി ചുരുങ്ങിയ എതിരാളികൾക്കെതിരെ.ഏതു മത്സരവും ഏകപക്ഷീയമായിപ്പോയേക്കാവുന്ന ഘട്ടം.പക്ഷേ ഇത് എൽ ക്ലാസിക്കോയാണ്.അവസാനനിമിഷം വരെ ഒന്നും പ്രവചിക്കാൻ കഴിയാത്ത തൊണ്ണൂറു മിനിറ്റുകളുടെയും അധികസമയത്തിന്റെയും ഫ്രെൻസി പെർകഷൻ.എൺപത്തിയാറാം മിനിറ്റ്. ലെഫ്റ്റ് ഫ്ലാങ്കിൽ നിന്നും മാർസലോയുടെ ഒരു ഷോർട്ട് ക്രോസ് ആരാലും മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന റോഡ്രിഗസിലേക്ക്.നിയർ പോസ്റ്റിലേക്ക് ക്ലോസ് റേഞ്ചിൽ നിന്നുമുള്ള അയാളുടെ ലോബ് ടെർസ്റ്റീഗനെ കീഴ്പ്പെടുത്തിക്കൊണ്ട് വല കുലുക്കുന്നു.ബെർണാബ്യു ഉന്മാദത്തിന്റെ ഉച്ചസ്ഥായിയിലെത്തുന്നു.റയൽ ആരാധകരുടെ ഇരമ്പലുകളിൽ അപ്രതീക്ഷിതമായ ഒരു റയൽ വിജയത്തിന്റെ സ്വപ്നം പടരുന്നു.കളി തീരാൻ 33 സെക്കൻഡുകൾ മാത്രം.സ്വന്തം ഹാഫിൽ ബാഴ്സ ഒരു ത്രോ ഇൻ തേടുന്നു.തീർത്തും നിരുപദ്രവകരമായ നിമിഷം.പക്ഷേ ഒരു ഓൾ ഔട്ട് അറ്റാക്കിന്റെ ഭ്രാന്തിൽ റയൽ നിരയ്ക്ക് അതിന്റെ രൂപഭദ്രത നഷ്ടപ്പെടുന്നു.സെർജി റോബർട്ടോ എവിടെ നിന്നറിയാതെ ഊർജപ്രസാരണത്തിന്റെ സംഹാരവേഗമാർജിക്കുന്നു.സ്വതന്ത്രമാക്കപ്പെട്ട മിഡ്ഫീൽഡിനെ ഒറ്റക്കുതിപ്പിനാൽ അയാൾ പിന്നിടുന്നു.മോഡ്രിച്ചും,മാഴ്സലോയും ആ വെലോസിറ്റിക്കു കീഴ്പ്പെടുന്നു.പന്ത് ആന്ദ്രേ ഗോമസിലേക്ക്.അവിടെ നിന്നും ജോർഡി ആൽബയിലേക്ക് ഒരു ബാക്ക് പാസ്.റഫറിക്കൊപ്പം,ഒരു പാക്ക്ഡ് ബർണാബ്യുവും ക്ലോക്കിലേക്കു നോക്കുന്നു.പതിനഞ്ചു സെക്കൻഡ്.ആൽബ ലെഫ്റ്റ് വിംഗിൽ നിന്നും ബോക്സിന്റെ അഗ്രത്തിലെ സ്പേസിലേക്ക് പന്ത് കൈമാറുന്നു.ആ സ്പേസ്!ആ സ്പേസിനൊരുടയോനുണ്ട്.അയാൾ ആരാലും ശ്രദ്ധിക്കപ്പെടാതെ,ആരാലും മാർക്ക് ചെയ്യപ്പെടാതെ അവിടെ എത്തിയിട്ടുമുണ്ട്.അരങ്ങൊരുങ്ങിക്കഴിഞ്ഞിരുന്നു.ഇനി ആട്ടത്തിന്റെ നിമിഷമാണ്.പ്രതിഭയുടെ സമസ്തസത്തയും ഊറ്റിയെടുത്ത്,സമർപ്പണത്തിന്റെ ഫലശ്രുതിയിലേക്ക് ഒരു മാജിക്കൽ ലെഫ്റ്റ് ഫൂട്ടഡ് സ്വിഷ്.നവാസിനെ നിസ്സഹായനാക്കിക്കൊണ്ട് അത് വല ചുംബിക്കുന്നു.
ആർത്തുവിളിച്ച സാന്റിയാഗോ ബെർണാബ്യു ഒരിക്കൽ കൂടി ആ കുറിയ മനുഷ്യനു മുമ്പിൽ നിശ്ശബ്ദമാകുന്നു.പിളർന്ന മുറിവായിലേക്ക് ചുളുചുളെ കുത്തുന്ന അവരുടെ ആത്മപീഢയുടെ നോവായി അയാൾ തന്നെ താനാക്കിയ ആ ജെഴ്സിയൂരിക്കാണിക്കുന്നു.സൈലന്റ്,എലഗന്റ്&ബ്രൂട്ടൽ!അവർക്കൊളിച്ചോടാൻ മറ്റൊരു ലോകമോ,നാമമോ ഉണ്ടായിരുന്നില്ല അപ്പോൾ.ഏറ്റവും മികച്ചവനാരെന്ന ചോദ്യത്തിനുള്ള ഉത്തരം ഹൃദയഭേദകമായ ആ മാച്ച് ഡേയുടെ കൂടെ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.യെസ്,ലിയോ വാസ് സൈലന്റ് & എലഗന്റ്.പക്ഷേ അയാളുടെ ഉത്തരം ബ്രൂട്ടൽ കൂടിയായിരുന്നെന്ന് അന്ന് ബർണാബ്യൂ മനസ്സിലാക്കി.
അയാളുടെ രക്തമേറ്റുവാങ്ങിയ ബെർണാബ്യുവിലെ പുൽത്തകിടി അന്തിമാനന്ദത്തിൻറെ അതിരേകത്തിൽ പൂത്തുലയുന്നു.ലോകം അയാളിലേക്കു ചുരുങ്ങുന്നു.അയാളാൽ മാത്രം അനുഭവിക്കപ്പെട്ടിട്ടുള്ള ഹർഷോന്മാദത്തിൽ ഞാനേതോ ബിന്ദുവായലിയുന്നു.
സ്വർഗ്ഗം=എൽ ക്ലാസിക്കോ 2017 92ാം മിനിറ്റ് 💙❤️