മുംബൈ: അവസാന ഓവറിലെ അവസാന പന്ത് വരെ നാടകീയമായി തുടർന്ന മത്സരത്തിനൊടുവിൽ കൊൽക്കത്ത 2022 ഐപിഎല്ലിൽ നിന്ന് പുറത്തേയ്ക്ക്. അവസാന ഓവറിൽ 21 റണ്ണും രണ്ടു വിക്കറ്റും പിറന്ന അത്യന്തം നാടകീയ മത്സരത്തിനൊടുവിലാണ് ലഖ്നൗ കൊൽക്കത്തയെ തോൽപ്പിച്ചത്. ഇതോടെ 18 പോയിന്റുമായി ലഖ്നൗ രണ്ടാം സ്ഥാനത്തോടെ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ചു.
വിജയിക്കാൻ 21 റൺ വേണ്ട അവസാന ഓവറിലെ ആദ്യ നാലു പന്തുകളിൽ നിന്ന് റിങ്കു സിങ് അടിച്ചെടുത്തത് 18 റണ്ണായിരുന്നു. വിജയിക്കാൻ രണ്ടു പന്തിൽ മൂന്നു റൺ വേണ്ടപ്പോൾ റിങ്കു ഔട്ടായി. ഇതോടെ വീണ്ടും സാധ്യതകളുടെ മത്സരമായി ക്രിക്കറ്റ്. പിന്നീട്, ഒറ്റ പന്തിൽ മൂന്ന് റൺ. അതുവരെ അടിവാങ്ങിക്കൂട്ടിയ മാർക്കസ് സ്റ്റോണിസ് ഒറ്റപ്പന്തിൽ ഹീറോയായി മാറി. അവസാന പന്തിൽ ഉമേഷ് യാദവിനെ ഇതേ സ്റ്റോണിസ് ക്ലീൻ ബൗൾ ചെയ്യുക കൂടി ചെയ്തതോടെ കൊൽക്കത്ത പുറത്ത്. ലഖ്നൗ പ്ലേ ഓഫ് ഉറപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ഒറ്റ വിക്കറ്റ് പോലും നഷ്ടമാക്കാതെയാണ് 210 എന്ന മികച്ച സ്കോർ നേടിയത്. ഡിക്കോക്ക് 70 പന്തിൽ നേടിയ 140 ഉം, രാഹുലിന്റെ മികച്ച പ്രകടനവുമാണ് ലഖ്നൗവിനെ സഹായിച്ചത്. മറുപടി ബാറ്റിംങിൽ കൊൽക്കത്തയേക്ക് വേണ്ടി നിതീഷ് റാണ (42), ശ്രേയസ് അയ്യർ (50), ബില്ലിംങ്സ് (36) എന്നിവർ മികച്ച പ്രകടനം നടത്തിയെങ്കിലും, റിങ്കു സിംങ് (15 പന്തിൽ 40) സുനിൽ നരൈൻ ( ഏഴ് പന്തിൽ 21) എന്നിവരുടെ പ്രകടനമാണ് നിർണ്ണായകമായത്. ലഖ്നൗവിന്റെ 210 നെതിരെ കൊൽക്കത്ത 208 ന് പുറത്തായി. രണ്ടു റണ്ണിന്റെ ഉജ്വല വിജയം.