വെംബ്ലി : യൂറോ കപ്പ് – കോപ്പ അമേരിക്ക ചാമ്പ്യന്മാരുടെ പോരാട്ടമായ ‘ഫൈനലിസിമ’യില്‍ വിജയം നേടി അര്‍ജന്റീന. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീന കിരീടമുയര്‍ത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരം അര്‍ജന്റീനയുടെ ഏകപക്ഷീയമായ വിജയത്തിന് വേദിയായി.
ഫൈനലിസിമയിലും വിജയികളായതോടെ തുടര്‍ച്ചയായി 32 മത്സരങ്ങള്‍ പരാജയമറിയാതെ പൂര്‍ത്തിയാക്കിയ ടീമായി അര്‍ജന്റീന മാറി. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോപ്പ-യൂറോ കപ്പ് ജേതാക്കള്‍ തമ്മിൽ ഏറ്റുമുട്ടുന്നത്.
യൂറോ കപ്പ് ജേതാക്കളാണെങ്കിലും തുടക്കത്തില്‍ തന്നെ ഇറ്റലിക്ക് അടിപതറി. തുടക്കം മുതല്‍ തന്നെ അര്‍ജന്റീന നിയന്ത്രണമേറ്റെടുത്ത കളിയില്‍ ഇറ്റലിക്ക് മിക്ക സമയവും കാഴ്ചക്കാരുടെ റോളായിരുന്നു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി കോച്ച് റോബര്‍ട്ടോ മാന്‍ചീനി ഇറക്കിയ ഇറ്റാലിയന്‍ ടീമിനെതിരേ 28-ാം മിനിറ്റില്‍ തന്നെ ലൗറ്റാരോ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന മുന്നിലെത്തി. ലയണല്‍ മെസ്സി മികച്ച മുന്നേറ്റത്തിനൊടുവില്‍ നല്‍കിയ പന്ത് മാര്‍ട്ടിനസ് ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ ആദ്യ പകുതിയുടെ അധികസമയത്ത് ഏയ്ഞ്ചല്‍ ഡി മരിയ കോപ്പ ജേതാക്കളുടെ ലീഡുയര്‍ത്തിക്കൊണ്ട് ഇറ്റലിയുടെ ഗോൾ വല കുലുക്കി. മാര്‍ട്ടിനസ് നല്‍കിയ പാസ് സ്വീകരിച്ച ഡി മരിയ ഇറ്റാലിയന്‍ ഗോളി ഡൊണ്ണരുമ്മയെ കാഴ്ചക്കാരനാക്കി പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ നിരവധി തവണ അര്‍ജന്റീന ഗോളിനടുത്തെത്തിയെങ്കിലും പലപ്പോഴും ഫിനിഷിങ്ങിലെ പിഴവും ഗോളി ഡൊണ്ണരുമ്മയുടെ മികവും അവര്‍ക്ക് തിരിച്ചടിയായി. ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ മെസ്സിയുടെ ഒരു മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച പൗലോ ഡിബാല അര്‍ജന്റീനയുടെ ഗോള്‍പട്ടിക തികച്ചു. 3-0 എന്ന ഏകപക്ഷീയ വിജയവുമായി ലാറ്റിനമേരിക്കൻ വിശ്വാസങ്ങൾക്ക് കാൽപ്പന്തുകളിയുടെ ആരാധക ലോകത്തിന് അർജന്റീന സന്തോഷത്തിന്റെ കപ്പ് സമ്മാനിച്ചു.