ഫുട്ബോൾ കാലം
“ഹരികൃഷ്ണസ് ഈ കേസിൽ ഗബ്രിയേലിനു വേണ്ടി അപ്പിയർ ചെയ്യുന്നു എന്ന് കേട്ടാൽ നമ്മൾ പേടിക്കേണ്ടതില്ല അവർ അയാൾക്ക് ജാമ്യം എടുത്തു കൊണ്ടത് കൊണ്ട് പൊയ്ക്കോളും പക്ഷെ അവർ ഈ കേസിൽ നിന്നും പിന്മാറുന്നു എന്ന് കേട്ടാൽ നമ്മൾ ഭയക്കണം ! യഥാർത്ഥ പ്രതികളെ പുറത്തു കൊണ്ട് വന്നിട്ടേ അവന്മാർ അടങ്ങു “
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫാസിലിന്റെ ഹരികൃഷ്ണൻസിൽ കുഞ്ഞൂട്ടന്റെ വക്കീൽ കുഞ്ഞൂട്ടനെ ഉപദേശിക്കുന്ന രംഗമാണ് ഇന്നലെ അർജെന്റിന വെസ് ഇറ്റലി മത്സരം കണ്ടപ്പോൾ ഓർമയിൽ തെളിഞ്ഞത് ….
കളിതുടങ്ങി ആദ്യ കുറച്ചു നിമിഷങ്ങളിൽ മുന്നേറ്റനിരയിൽ കളിച്ച ശേഷം ആ പത്താം നമ്പറുകാരൻ പതിയെ മിഡിലേക്കു പിന്മാറുന്നത് കണ്ടപ്പോഴേ ഇറ്റലിയിലെ കുഞ്ഞിക്കുട്ടന്മാർക്കും അവരുടെ വക്കീലന്മാർക്കും കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് തോന്നിക്കാണണം !
ഇറ്റാലിയൻ ഡിഫെൻസിനെയാകെ ചിതറിച്ചു കളഞ്ഞു കൊണ്ടൊരു സോളോ റൺ 28 ആം മിനിറ്റിൽ വരുകയാണ് , കൂടെയൊടുന്നവരെയും ഗോളിയെയും കാഴ്ചക്കാരാക്കികൊണ്ടു വീണ്ടുമാ ഇടങ്കാലിലെ മായാജാലം വെംബ്ലിയിലെ കാണികൾക്കു മുന്നിൽ പുനരാവർത്തിക്കുകയാണ് മാർട്ടിനെസിന്റിന്റെ സ്ഥാനം കൃത്യമായി അളന്നെടുത്തുകൊണ്ടൊരു സിക്സ് സിഗ്മ ക്രോസ്സ് !!
മാർട്ടിനെസിന് നിന്നിടത്തു നിന്നും ഒന്നനങ്ങുക പോലും വേണ്ടായിരുന്നു , അയാളുടെ കാലുകളെ ലക്ഷ്യമാക്കി ഉരുണ്ടു വന്ന പന്ത് കാലിലൊന്നു ഉരുമ്മികൊണ്ടു നേരെ ഇറ്റാലിയൻ വലയിലേക്ക് !!
മിശിഹാ പൂർണരൂപത്തിൽ പ്രത്യക്ഷ്യപ്പെട്ട രാവിൽ ദൈവത്തിന്റെ പ്രിയ മാലാഖയും കരുത്തു തെളിയിച്ചതോടെ ഇറ്റലിയുടെ ഗോൾ വലയുടെ കവിൾത്തടങ്ങളിൽ അർജന്റീനിയൻ തുകൽപ്പന്തിന്റെ രണ്ടാമത്തേ ചുംബനവും പതിഞ്ഞു കഴിഞ്ഞിരുന്നു …….
ഇഞ്ചുറി ടൈമിൽ ഡൈബാലയും ഇറ്റാലിയൻ വല കുലുക്കി ആ വിശുദ്ധ രാത്രിയെ ആഘോഷമാക്കുമ്പോൾ അതിന്റെ പിന്നിലും ദൈവത്തിന്റെ കാലൊപ്പ് പതിഞ്ഞത് തികച്ചും യാദ്ര്ശ്ചികമാകാം ……
ഇറ്റലി 0- അർജെന്റിന 3…..
എതിരാളികളെ , അഞ്ചു മാസങ്ങൾക്കപ്പുറെ ഖത്തറിൽ നിങ്ങളെയും കാത്തൊരു പത്താം നമ്പറുകാരൻ ഇരിപ്പുണ്ട് ….
തന്റെ ആരാധകരോട് ” നിങ്ങളെന്റെ എത്ര കളികൾ കണ്ടതാ ഈ ഒടുക്കത്തെ കളികൾ കൂടെയൊന്നു കാണു ” എന്നും പറഞ്ഞു കൊണ്ട് ……….