സി.പി.എം ലോക്കൽ സമ്മേളനത്തിൽ മത്സരവും വിഭാഗീയതയും: കവിയൂർ സി.പി.എം ലോക്കൽ സമ്മേളനം നിർത്തി വച്ചു

തിരുവല്ല: മത്സരവും വിഭാഗീയതയും അതിരൂക്ഷമായ തർക്കവും ഉണ്ടായതിനെ തുടർന്നു സി.പി.എം കവിയൂർ ലോക്കൽ സമ്മേളനം നിർത്തി വച്ചു. പാർട്ടി നിർദേശിച്ച പാനലിനെതിരെ സമ്മേളന പ്രതിനിധികൾ ഒറ്റക്കെട്ടായി അഞ്ചു പേരുകൾ നിർദേശിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്. മത്സരത്തിനായി മുന്നോട്ടെത്തിയവർ ആരും തന്നെ പിന്മാറാൻ തയ്യാറാകാതെ വന്നതിനെ തുടർന്നു ലോക്കൽ സമ്മേളനം തന്നെ സി.പി.എമ്മിനു നിർത്തി വയ്‌ക്കേണ്ടി വന്നു. പത്തനംതിട്ടജില്ലയിൽ ആദ്യമായാണ് ഒരു ലോക്കൽ സമ്മേളനം വിഭാഗീയതയെ തുടർന്നു നിർത്തി വയ്‌ക്കേണ്ടി വരുന്നത്.

Advertisements

സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യത്തിലാണ് ഞായറാഴ്ച കവിയൂരിൽ സി.പി.എം ലോക്കൽ സമ്മേളനം ആരംഭിച്ചത്. ഇരുവിഭാഗങ്ങൾ തമ്മിൽ അതിരൂക്ഷമായ വിഭാഗീയത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാർട്ടി സംസ്ഥാന ജില്ലാ കമ്മിറ്റി അംഗങ്ങൾ നേരിട്ട് സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിന്റെ പേരിലാണ് ആദ്യം തർക്കം തുടങ്ങിയത്. തുടർന്നു, ഈ തർക്കം പരിഹരിക്കാതെ തന്നെ സമ്മേളനം മുന്നോട്ടു പോയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെയാണ് കമ്മിറ്റിയിലേയ്ക്കുള്ള പാനൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം അവതരിപ്പിച്ചത്. പതിനഞ്ച് അംഗ പാനലിൽ പാർട്ടിയിലെ ഒരു വിഭാഗം പരസ്യമായി എതിർക്കുന്ന രണ്ട് നേതാക്കളും ഉണ്ടായിരുന്നു. ഇവരെ പാനലിൽ വീണ്ടും ഉൾപ്പെടുത്തിയതിന് എതിരെയാണ് അഞ്ചു പേർ മത്സര രംഗത്ത് എത്തിയത്. തുടർന്നു, ഇവർ മത്സരിക്കാൻ സമ്മേളന പ്രതിനിധികളിൽ ഭൂരിഭാഗത്തിന്റെയും പിൻതുണയോടെ എത്തുകയായിരുന്നു. ഇതോടെ കാര്യങ്ങൾ കൂടുതൽ ഗുരുതരമായി. സംസ്ഥാന നേതാക്കളും, ജില്ലാ നേതാക്കളും അടങ്ങിയ സംഘം ഒത്തു തീർപ്പ് ശ്രമം നടത്തിയെങ്കിലും മത്സരിക്കാൻ തയ്യാറായവർ പിന്മാറിയില്ല. ഇതേ തുടർന്നാണ് സമ്മേളനം തന്നെ നിർത്തി വയ്ക്കുന്ന സ്ഥിതിയുണ്ടായത്.

ജനപ്രതിനിധികളിൽ നിന്നുള്ള ജനകീയരെയും, വർഗ ബഹുജന സംഘടനകളിൽ നിന്നുള്ളവരെയും, യുവജന സംഘടനകളിൽ നിന്നുള്ളവരെയും ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തയ്യാറാകാതിരുന്ന പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നടപടിയാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സമ്മേളനം നിർത്തി വയ്‌ക്കേണ്ട സാഹചര്യം ഉണ്ടായത്.

Hot Topics

Related Articles