അക്ഷയ ഊർജ പാർക്കിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു ,വൈദ്യുതി ഉപയോഗം സൗരോർജ കേന്ദ്രീകൃതമാകണം : എം.എം. മണി എംഎൽഎ

രാമക്കൽമേട് : വൈദ്യുതി ഉപയോഗം കൂടി വരികയും ജലവൈദ്യുതിയുടെ സാധ്യത കുറഞ്ഞു വരികയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം സൗരോർജ കേന്ദ്രീകൃതമാകണമെന്ന് എം. എം. മണി എംഎൽഎ.
സൗരോർജ്ജവും, കാറ്റിൽ നിന്നുള്ള ഊർജവും പ്രയോജനപ്പെടുത്തി ബാറ്ററി സംഭരണ സംവിധാനത്തോടുകൂടി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് രാമക്കൽമേട്ടിൽ അനർട്ട് സ്ഥാപിക്കുന്ന അക്ഷയ ഊർജ പാർക്കിന്റെ ആദ്യ ഘട്ട ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

വൈദ്യുതി ഇല്ലാതെ ഒരു മിനിറ്റ് പോലും ജീവിക്കാനാവില്ലെന്ന സ്ഥിതിയാണ് ലോകം മുഴുവൻ. നാനാ തരത്തിലുള്ള ആവശ്യങ്ങൾക്ക് ഊർജം വേണം. നിലവിൽ ജലവൈദ്യുതിക്കായി വീണ്ടും ഒരു നിലയം സ്ഥാപിച്ചാലും ആവശ്യത്തിനുള്ള വൈദ്യുതി കണ്ടെത്താൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
കായംകുളത്തെയും ബ്രഹ്മപുരത്തെയും നിലയങ്ങൾ നഷ്ടത്തിലാണുള്ളത്. അതിന്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ മുതൽ മുടക്കേണ്ട അവസ്ഥയാണ്. അതിനാൽ ബദൽ സംവിധാനങ്ങളായ സൗരോർജവും കാറ്റിൽ നിന്നുള്ള ഊർജവും കണ്ടെത്തി ഉപയോഗിക്കാൻ സർക്കാർ തലത്തിൽ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും എംഎൽഎ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ടി കുഞ്ഞ് അധ്യക്ഷത വഹിച്ചു. ഗവേഷണ സ്ഥാപനമായ സി ഡാക്ക്, കെൽട്രോൺ എന്നീസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി നിർമ്മിച്ച ഗ്രിഡ് ഇൻവർട്ടർ ആണ് സൗരോർജ്ജ പവർ പ്ലാന്റിൽ സ്ഥാപിച്ചിരിക്കുന്നത്. ഉയർന്ന ശേഷിയുള്ള ഇൻവെർട്ടർ നിർമ്മാണത്തിന് തദ്ദേശീയമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നത് രാജ്യത്ത് ആദ്യമായാണ്. അക്ഷയ ഊർജ്ജ പാർക്കിന്റെ ആദ്യ ഘട്ടമായി നിർമ്മാണം പൂർത്തിയായ ഒരു മെഗാ വാട്ട് ശേഷിയുള്ള ഈ സൗരോർജ്ജ പവർ പ്ലാന്റിൽ നിന്ന് പ്രതിവർഷം ഏകദേശം 13 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും.

ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ,അനെർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നരേന്ദ്രനാഥ്‌ വേളൂരി ,നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭന വിജയൻ, കരുണാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി പ്രിൻസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ സജ്ന ബഷീർ, വിജയകുമാരി എസ്. ബാബു, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്‌ അംഗം വിജിമോൾ വിജയൻ കെ, കരുണാപുരം ഗ്രാമപഞ്ചായത്ത് അംഗം ലത ഗോപകുമാർ, സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികളും, പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Hot Topics

Related Articles