ജനീവ: യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും സ്പെയിനിനും ജയം. ഇന്നലെ നടന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണു സ്പാനിഷ് പട വിജയവഴിയിലെത്തിയത്.പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ രണ്ടു ഗോളിന് ചെക് റിപ്പബ്ലിക്കിനെ തകര്‍ത്ത് ഗ്രൂപ്പില്‍ ആദ്യസ്ഥാനക്കാരായി.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ഗ്രീസ് എതിരില്ലാത്ത മൂന്നു ഗോളിന് സൈപ്രസിനെയും കൊസോവ 3-2 ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെയും ജോര്‍ജിയ ഏകപക്ഷീയമായ മൂന്നു ഗോളിന് നോര്‍ത്ത് മാസിഡോണിയയെയും എസ്തോണിയ 2-1 ന് മാള്‍ട്ടയെയും തോല്‍പ്പിച്ചു. ജിബ്രാള്‍ട്ടര്‍-ബള്‍ഗേറിയ മത്സരം 1-1 ന് സമനിലയില്‍ കലാശിച്ചു.
ബെര്‍ണാര്‍ഡോ സില്‍വയുടെ മികവാണു ചെക് റിപ്പബ്ലിക്കിനെ വീഴ്ത്താന്‍ പോര്‍ച്ചുഗലിനെ തുണച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യപകുതിയില്‍ പിറന്ന രണ്ടു ഗോളുകള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനും വിജയമൊരുക്കി.
33-ാം മിനിറ്റില്‍ ജാവോ കാന്‍സെലോ പോര്‍ച്ചുഗലിന്റെ ആദ്യഗോളിന് അവകാശിയായി. കഴിഞ്ഞ മൂന്നു കളിയില്‍ രണ്ടാമത്തെ ഗോളാണ് കാന്‍സെലോ നേടിയത്. അഞ്ചു മിനിറ്റിനുള്ളില്‍ ഗൊണ്‍സാലോ ഗ്വിഡെസിലൂടെ അവര്‍ പട്ടിക പൂര്‍ത്തിയാക്കി. രണ്ടുവട്ടവും അസിസ്റ്റ് സില്‍വയുടേതായിരുന്നു.
ലീഗ് എ-ഗ്രൂപ്പ് 2-ല്‍ മൂന്നു മത്സരങ്ങളില്‍ രണ്ടു ജയവുമായി എഴു പോയിന്റോടെ പോര്‍ച്ചുഗലാണ് ഒന്നാമത്.
ഇത്രയും കളിയില്‍ അഞ്ചു പോയിന്റുമായി സ്പെയിന് രണ്ടാമതും നാലു പോയിന്റുള്ള ചെക് റിപ്പബ്ലിക് മൂന്നാമതുമാണ്. അക്കൗണ്ട് തുറക്കാത്ത സ്വിറ്റ്സര്‍ലന്‍ഡാണ് അവസാന സ്ഥാനത്ത്.
ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ പാബ്ലോ സറാബിയ ആദ്യപകുതിയില്‍ നേടിയ ഗോളാണു വിജയികളെ നിര്‍ണയിച്ചത്. ഗ്രൂപ്പ് എ 2 വില്‍ സ്പെയിന് ആദ്യമായാണു മുഴുവന്‍ പോയിന്റും നേടുന്നത്. സ്വിസ് ടീമിനാകട്ടെ തുടര്‍ച്ചയായ മൂന്നാം പരാജയവും.
സ്വിറ്റ്സര്‍ലന്‍ഡിനെതിരേ സ്പെയിന് ആധിപത്യം പുലര്‍ത്തിയ മത്സരത്തിന്റെ 13-ാം മിനിറ്റിലാണു സറാബിയ ഗോളടിച്ചത്. മാര്‍ക്കോസ് യോറന്റെയുടെ പാസില്‍നിന്നായിരുന്നു ഗോള്‍.
ഇതിനുശേഷവും വല ലക്ഷമിട്ട് ഇരുടീമുകളും ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍മാത്രം പിറന്നില്ല. മത്സരത്തിന്റെ 66 ശതമാനം സമയവും പന്ത് സ്പാനിഷ് താരങ്ങളുടെ പക്കലായിരുന്നു. ഇരുടീമും എഴുതവണ വീതം ഷോട്ടുതിര്‍ത്തപ്പോള്‍ സ്പെയിനിന്റെ മൂന്നെണ്ണവും സ്വിറ്റ്സര്‍ലന്‍ഡിന്റെ ഒരെണ്ണവും ലക്ഷ്യത്തിലേക്കുള്ളതായിരുന്നു.