കൊല്‍ക്കത്ത : എഎഫ്സി ഏഷ്യന്‍ കപ്പ്- 2023 യോഗ്യതാ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യക്ക് ജയം.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ജയം. കൊല്‍ക്കത്തയിലെ വിവൈബികെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാനനിമിഷങ്ങളിലാണ് ഗോളുകള്‍ പിറന്നത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മലയാളിയായ സഹല്‍ അബ്ദുൾ സമദുമാണ് ഗോൾ വല കുലുക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ കംബോഡിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസവുമായാണ് അഫ്ഗാനെ നേരിടാന്‍ ഇന്ത്യയിറങ്ങിയത്. 85-ാം മിനുട്ടിലാണ് സുന്ദരമായ ഫ്രീകിക്കിലൂടെ ഛേത്രി അഫ്ഗാന്റെ വലകുലുക്കിയത്. എന്നാൽ തൊട്ടടുത്ത മിനുട്ടുകളില്‍ അഫ്ഗാന് ഗോള്‍ മടക്കി സമനില നേടി. പക്ഷേ അധിക സമയത്ത് ആശിഖിന്റെ പാസില്‍ സഹല്‍ വിജയഗോള്‍ ഇന്ത്യയെ മുന്നിലെത്തിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ പാതി ഗോള്‍ രഹിതമായിരുന്നു. ഏഴാം മിനുട്ടില്‍ മന്‍വീര്‍ സിംഗിന് നല്ല അവസരം ലഭിച്ചെങ്കിലും അഫ്ഗാന് പ്രതിരോധം അത് തകര്‍ത്തു. 24ാം മിനുട്ടില്‍ അഫ്ഗാന്റെ ഫര്‍ഷാദ് നൂറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 45ാം മിനുട്ടില്‍ മന്‍വീറും സുനില്‍ ഛേത്രിയും ചേര്‍ന്ന് മികച്ച നീക്കം നടത്തിയെങ്കിലും ഫര്‍ഷാദ് നൂര്‍ തട്ടിയകറ്റുകയായിരുന്നു. 50ാം മിനുട്ടില്‍ ആശിഖ് നല്കിയ പാസ് മന്‍വീര്‍ ബോക്സിലേക്ക് തൊടുത്തുവിടുകയും ഛേത്രി ഹെഡര്‍ നടത്തുകയും ചെയ്തെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയില്ല. 59ാം മിനുട്ടില്‍ അഫ്ഗാന്റെ ഫര്‍ഷാദ് നൂര്‍ ഇടതുവശത്ത് നിന്നെടുത്ത കോര്‍ണര്‍ കിക്ക് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് തട്ടിയകറ്റി. 63ാം മിനുട്ടില്‍ ഹൈദരിയും അഫ്ഗാന് വേണ്ടി മികച്ച ഗോളവസരം ഒരുക്കി. ഈ മത്സരത്തിലും ജയിച്ചതോടെ ഇന്ത്യക്ക് മൂന്ന് പോയിന്റുകള്‍ കൂടി ലഭിച്ചു.