ആംസ്റ്റര്‍വീല്‍ : ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന് ഉടമകളായി ഇംഗ്ലണ്ട്. ഹോളണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 498 റണ്ണെടുത്താണ് ഇംഗ്ലണ്ട് റെക്കോഡിട്ടത്. മൂന്ന് ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍മാര്‍ മത്സരത്തില്‍ സെഞ്ചുറി കുറിച്ചു. ഇംഗ്ലണ്ട് തന്നെ കുറിച്ച റെക്കോഡാണു പഴങ്കഥയായത്. 2018 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ട്രെന്റ് ബ്രിഡ്ജ് ഏകദിനത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 481 റണ്ണെടുത്തായിരുന്നു നിലവിലെ റെക്കോഡ്.
കന്നി സെഞ്ചുറിയടിച്ച ഓപ്പണര്‍ ഫില്‍ സാള്‍ട്ട് (93 പന്തില്‍ മൂന്ന് സിക്‌സറും 14 ഫോറുമടക്കം 122), ഡേവിഡ് മാലാന്‍ (109 പന്തില്‍ മൂന്ന് സിക്‌സറും ഒന്‍പത് ഫോറുമടക്കം 125), ജോസ് ബട്ട്‌ലര്‍ (70 പന്തില്‍ 14 സിക്‌സറും ഏഴ് ഫോറുമടക്കം പുറത്താകാതെ 162) എന്നിവര്‍ അടിച്ചു തകര്‍ത്തതോടെ ഡച്ച് പട തകര്‍ന്നു. രണ്ട് റണ്‍ കൂടി നേടിയിരുന്നെങ്കില്‍ ഏകദിനത്തില്‍ ആദ്യമായി ഒരു ഇന്നിങ്‌സില്‍ 500 പിറക്കുമായിരുന്നു. രണ്ടാം വിക്കറ്റില്‍ 222 റണ്‍ കൂട്ടുകെട്ടാണ് മാലാനും സാള്‍ട്ടും കൂടി സൃഷ്ടിച്ചത്. അപ്പോഴൊന്നും ലോക റെക്കോഡ് പ്രതീക്ഷ ഇംഗ്ലണ്ടിനില്ലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാള്‍ട്ട് പുറത്തായതോടെ ക്രീസിലെത്തിയ ബട്ട്‌ലര്‍ ബൗളര്‍മാരോട് ഒരു ദയയും കാണിച്ചില്ല. 27 പന്തിലാണു ബട്ട്‌ലര്‍ അര്‍ധ സെഞ്ചുറി കടന്നത്. തന്റെ തന്നെ റെക്കോഡ് മറികടക്കാന്‍ അദ്ദേഹത്തിനായില്ല. 47 പന്തിലായിരുന്നു സെഞ്ചുറി. പാകിസ്താനെതിരേ 46 പന്തില്‍ സെഞ്ചുറിയടിക്കാന്‍ ബട്ട്‌ലറിനായി.
ഏകദിനത്തിലെ ഇംഗ്‌ളീഷ് താരങ്ങളുടെ വേഗമേറിയ സെഞ്ചുറി റെക്കോഡില്‍ ആദ്യ മൂന്ന് സ്ഥാനത്തും ബട്ട്ലറായിരുന്നു. മാലാനെ ഡീ ലീഡിന്റെ കൈയിലെത്തിച്ച് സീലാര്‍ ഹോളണ്ടിന് നേരിയ ആശ്വാസം നല്‍കി.തൊട്ടടുത്ത പന്തില്‍ നായകന്‍ ഒയിന്‍ മോര്‍ഗാനെയും (0) സീലാര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. മോര്‍ഗാന്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ 407 റണ്ണിലെത്തിയിരുന്നു. ബട്ട്‌ലറിനു കൂട്ടായെത്തിയ ലിയാം ലിവിങ്‌സ്റ്റണും (22 പന്തില്‍ ആറ് സിക്‌സറും ആറ് ഫോറുമടക്കം 66) വെടിക്കെട്ട് നടത്തിയതോടെയാണ് ഇംഗ്ലണ്ട് ലോക റെക്കോഡിലെത്തിയത്.
17 പന്തുകളിലാണ് ലിവിങ്സ്റ്റന്‍ അര്‍ധ സെഞ്ചുറിയടിച്ചത്. മോര്‍ഗന്‍ 2018 ല്‍ ഓസ്ട്രേലിയക്കെതിരേ 21 പന്തില്‍ കുറച്ച അര്‍ധ സെഞ്ചുറിയുടെ റെക്കോഡാണ് തിരുത്തിയത്.