ബംഗളൂരു: ആദ്യ രണ്ടു മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക, അടുത്ത രണ്ടു കളികളിൽ ഇന്ത്യ. നാലു മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിൽ ടീമുകൾ ഒപ്പത്തിനൊപ്പം. പരമ്പരജേതാക്കളെ നിർണയിക്കുന്ന കളിയാണ് ഞായറാഴ്ച ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ അരങ്ങേറുന്നത്.
അവസാന രണ്ടു മത്സരങ്ങളിലെ ജയം നൽകുന്ന മാനസിക മുൻതൂക്കത്തിലായിരിക്കും ഋഷഭ് പന്തും കൂട്ടരുമിറങ്ങുക. എന്നാൽ, നായകന്റെ മോശം ഫോം തന്നെയാവും ഇന്ത്യക്ക് വലിയ തലവേദന. അതേസമയം, മറ്റു ബാറ്റർമാർ ഫോമിലാണെന്നത് ടീമിന് നേട്ടമാണ്. ഭുവനേശ്വർ കുമാറിന്റെ നേതൃത്വത്തിലുള്ള ബൗളർമാരും തരക്കേടില്ലാതെ പന്തെറിയുന്നു. ആദ്യ മത്സരങ്ങളിൽ വിക്കറ്റെടുക്കാനാവാതെ വിഷമിച്ച ആവേശ് ഖാൻ കഴിഞ്ഞ കളിയിൽ നാലു വിക്കറ്റ് വീഴ്ത്തി ഫോം കണ്ടെത്തിയിരുന്നു.
ദക്ഷിണാഫ്രിക്കൻ നിരയിൽ കഴിഞ്ഞ കളിക്കിടെ കൈക്ക് പരിക്കേറ്റ നായകൻ തെംബ ബാവുമ കളിക്കുന്ന കാര്യം ഉറപ്പില്ല. ബാവുമ പുറത്തിരുന്നാൽ റീസ ഹെൻഡ്രിക്‌സ് തിരിച്ചെത്തും. ക്വിന്റൺ ഡികോക്, ഡേവിഡ് മില്ലർ, റാസി വാൻഡെർ ഡ്യൂസൻ, ഹെന്റിച് ക്ലാസൻ തുടങ്ങിയവരിലാണ് പ്രോട്ടീസിന്റെ ബാറ്റിങ് പ്രതീക്ഷ.
സാധ്യത ടീം
ഇന്ത്യ: ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്‌സർ പട്ടേൽ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ.
ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡികോക്, റീസ ഹെൻഡ്രിക്‌സ്, റാസി വാൻഡർ ഡ്യൂസൻ, ഡേവിഡ് മില്ലർ, ഹെന്റിച് ക്ലാസൻ, ഡൈ്വൻ പ്രിട്ടോറിയസ്, മാർകോ യാൻസൺ, വെയ്ൻ പാർനൽ, കാഗിസോ റബാദ, കേശവ് മഹാരാജ്, ആന്റിച് നോർട്യെ.
നിർണ്ണായകമായ അഞ്ചാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു; പോരാട്ട വീര്യം പുറത്തെടുക്കാൻ ദക്ഷിണാഫ്രിക്ക
Advertisements