തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എല്‍സി പാസ്സായ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
പ്ലസ് വണ്‍ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കാന്‍ കുട്ടികളുടെ കൈവശമുള്ള എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മതിയാവും. അതില്‍ വിലാസവും ജാതിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസഡയറക്ടര്‍ പറഞ്ഞു. പ്രത്യേക സംവരണ സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ ഉള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികളും ഒ.ഇ.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളും മാത്രം വില്ലേജ് ഓഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് അഡ്മിഷനായി ഹാജരാക്കിയാല്‍ മതി.