ചെന്നൈ : നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു .ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏതാനും വർഷങ്ങളായി ശ്വാസകോശ രോഗബാധിതനായിരുന്നുവെന്നും പ്രാവിന്റെ കാഷ്ഠം ബാധിച്ച വായു ശ്വസിച്ചപ്പോൾ ഉണ്ടായ അലർജിയാണിതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം ജനുവരിയിൽ മുഴുവൻ കുടുംബത്തിനും കൊവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന് അണുബാധ കൂടുതൽ രൂക്ഷമായി.
ഏതാനും ആഴ്ചകൾക്ക് മുമ്പ് വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവെക്കാൻ ഡോക്ടർമാർ തീരുമാനിച്ചിരുന്നുവെങ്കിലും മസ്തിഷ്ക മരണം സംഭവിച്ച രോഗികളിൽ നിന്ന് മാത്രമേ ഇത് സാധ്യമാകൂ എന്നതിനാൽ ദാതാവിനെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും കാത്തിരിക്കുന്നവരുടെ പട്ടിക വലുതാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. തുടർന്ന് ഡോക്ടർമാർ മരുന്ന് നൽകി ഭേദമാക്കാൻ ശ്രമിച്ചെങ്കിലും നിർഭാഗ്യവശാൽ അന്ത്യം സംഭവിക്കുകയായിരുന്നു.