തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനുനേരെ സ്ഫോടക വസ്തു എറിഞ്ഞ സ്ഥലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. രാവിലെ തന്നെ മുഖ്യമന്ത്രി എ.കെ.ജി സെന്‍ററിലേക്ക് എത്തുകയായിരുന്നു.
അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന സ്ഫോടക വസ്തു ഉപയോഗം തടയൽ നിയമപ്രകാരമാണ് കേസെടുത്തത്. കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.
വ്യാഴാഴ്ച രാത്രി 11.35ഓടെയാണ് ബൈക്കിലെത്തിയ യുവാവ് എ.കെ.ജി സെന്‍ററിന്‍റെ പ്രവേശനകവാടത്തിന് മുന്നിലെ ചുമരിൽ സ്ഫോടകവസ്തു എറിഞ്ഞത്.
ഉഗ്രശബ്ദം കേട്ട് പ്രധാനഗേറ്റിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തിയെങ്കിലും അക്രമി കുന്നുകുഴി ഭാഗത്തേക്ക് രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ സി.പി.എം നേതാവ് പി.കെ.ശ്രീമതി എ.കെ.ജി സെന്‍ററിലുണ്ടായിരുന്നു.