കോട്ടയം: നഗരമധ്യത്തിൽ കാടുകയറി അപകട ഭീതി ഉയർത്തി ഒരു വൈദ്യുതി പോസ്റ്റ്. 11 കെവി ലൈൻ കടന്നു പോകുന്ന വൈദ്യുതി പോസ്റ്റാണ് കാട് മൂടി കിടക്കുന്നത്. കോട്ടയം നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ റോഡിലുടെ പോകുമ്പോൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ പിൻഭാഗത്തായാണ് വൈദ്യുതി പോസ്റ്റ് പൂർണമായും കാട് മൂടിക്കിടക്കുന്നത്.
വൈദ്യുതി പോസ്റ്റിൽ മുകൾ ഭാഗം വരെ കാട് മൂടിക്കിടക്കുകയാണ്. വൈദ്യുതി ലൈനിലേയ്ക്കും കാട് പടർന്നു പിടിച്ചിട്ടുണ്ട്. മാസങ്ങളായി പ്രദേശത്തെ വൈദ്യുതി വിതരണ ലൈൻ സമ്പൂർണമായും കാട് മൂടി കിടന്നിട്ടും കെ.എസ്.ഇ.ബി അധികൃതർ ആരും തന്നെ ഈ പ്രദേശത്തേയ്ക്കു തിരിഞ്ഞ് നോക്കുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം നഗരത്തിൽ മഴക്കാല പൂർവ പ്രവർത്തനങ്ങളുടെ ഭാഗമായി ദിവസങ്ങളോളം കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി പോസ്റ്റിലേയ്ക്കും ലൈനിലേയ്ക്കും വീണു കിടന്ന മരക്കൊമ്പുകൾ അടക്കം വെട്ടിമാറ്റിയിരുന്നു. എന്നാൽ, ഈ പോസ്റ്റിനും വൈദ്യുതി ലൈനിനും മാത്രം ആ യോഗം ഉണ്ടായില്ല. അടിയന്തരമായി പോസ്റ്റ്മാറ്റിവയ്ക്കാൻ നടപടിയെടുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.