തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും.സിബിഐ അന്വേഷണത്തില്‍ അവിശ്വാസം രേഖപ്പെടുത്തി പിതാവ് ഉണ്ണിയാണ് കോടതിയെ സമീപിച്ചത്. കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം സിജെഎം കോടതി ഉച്ചക്ക് 2 മണിക്ക് കേസ് പരിഗണിക്കും. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ചത്. കുടുംബം കൈമാറിയ തെളിവുകളില്‍ പലതും അന്വേഷണസംഘം പരിശോധിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം.
ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ഇല്ലെന്നും വെറും അപകട മരണം മാത്രമായിരുന്നു എന്നുമാണ് സിബിഐ കണ്ടെത്തല്‍. സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ബാലഭാസ്ക്കറിന്റെ മരണത്തില്‍ പങ്കുണ്ടെന്നാണ് കുടുംബം സംശയിക്കുന്നത്. ബാലഭാസ്കറിന്റെ സഹായികളായ വിഷ്ണു സോമസുന്ദരം, പ്രകാശന് തമ്പി എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായതോടെയാണ് കുടുംബത്തിന്റെ സംശയം ബലപ്പെട്ടത്.