പള്ളിക്കത്തോട് : ചരിത്ര ദൂരം നടന്ന് തീർത്ത് അവർ മടങ്ങിയെത്തി. പള്ളിക്കത്തോട്ടിലെ വാക്കിംഗ് ഇന്ത്യൻ കപ്പിൾസായ ബെന്നിയും ഭാര്യ മോളിയുമാണ് താരങ്ങൾ. കന്യാകുമാരി മുതൽ കാശ്മീർ വരെയും തിരിച്ച് കന്യാകുമാരി വരെയും കാൽനടയായി സഞ്ചരിച്ച ദമ്പതികൾ എന്ന നേട്ടവുമായാണ് ഇരുവരുടേയും മടക്കം. ചരിത്രത്തിലാദ്യമായി ഇന്തയൊട്ടാകെ കാൽനടയായി സഞ്ചരിച്ച പ്രഥമ ദമ്പതികൾ എന്ന യൂണിവേഴ്സൽ റെക്കോർഡും ഇനി ഇവർക്ക് സ്വന്തം. പള്ളിക്കത്തോട് കൊട്ടാരത്തിൽ ബെന്നി എന്ന സൈക്കിൾ ബെന്നിയും (54) ഭാര്യ മോളിയും (45) 2021 ഡിസംബർ ഒന്നിനാണ് കന്യാകുമാരിയിൽ നിന്ന് യാത്ര ആരംഭിച്ചത്. എട്ട് മാസം കൊണ്ട് പൂർത്തിയാക്കാം എന്ന് കരൂതിയ യാത്ര 7 മാസം കൊണ്ട് ദമ്പതികൾ പൂർത്തിയാക്കി.
യാത്രയിൽ ഒപ്പം ലഭിച്ച ഒട്ടനവധി അനുഭവങ്ങളും കരുത്തായി. 216 ദിവസങ്ങളിലായി 17 സംസ്ഥാനങ്ങൾ പിന്നിട്ട യാത്രയിൽ ഒട്ടേറെ പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നു. ഗുജറാത്തിലെ ഓടയിൽ നിന്ന് രക്ഷപെടുത്തിയ നായ്കുട്ടിയെ യാത്രയിൽ ഒപ്പം ചേർത്തെങ്കിലും, പാതിവഴിയിൽ മറ്റൊരാൾക്ക് കൈമാറി. എന്നാൽ ഇരുവരുടേയും നായ് സ്നേഹം അറിയാമായിരുന്ന മൃഗ ഡോക്ടറായ വിദ്യാർത്ഥി ഗുരുദക്ഷിണയായി മറ്റൊരു നായ് കുട്ടിയെ സമ്മാനിക്കുകയായിരുന്നു. തുടർന്നുള്ള യാത്രയിൽ വിക്കി എന്ന നായ്കുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ഏറെ പ്രയാസകരമായ യാത്രയിൽ മരണം മുന്നിൽ കണ്ട നിമിഷവും, മറ്റ് പലരിൽ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങളും ഇപ്പോൾ ആവേശപൂർവ്വം ഓർത്തെടുക്കുകയാണ് ബെന്നിയും മോളിയും. ബെന്നിയുടെ ഓരോ യാത്രക്ക് പിന്നിലും വ്യക്തമായ ലക്ഷ്യങ്ങളും സാമൂഹിക പ്രതിബദ്ധത നിറഞ്ഞ സന്ദേശങ്ങളും ഉൾച്ചേർന്നിരിക്കും. വാക്കിംഗ് ഇന്ത്യൻ കപ്പിൾസ് എന്ന് പേരിട്ട ഈ യാത്രയുടെ പിന്നിലുമുണ്ട് വ്യക്തമായ സന്ദേശം. ഇരുവരുടെയും വിവാഹം കഴിഞ്ഞ് 19 വർഷം ആയെങ്കിലും കുട്ടികളില്ല. എന്നാൽ കുട്ടികളില്ല എന്ന വിഷമത്തിൽ ജീവിതം തള്ളി നീക്കുവാൻ ഇരുവരും തയ്യാറായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരസ്പരം താങ്ങാവുക എന്ന സന്ദേശവുമായായിരുന്നു ഇത്തവണത്തെ യാത്ര. യാത്രാ വിശേഷങ്ങൾ പങ്ക് വെയ്ക്കാൻ യൂ ട്യൂബിൽ വാക്കിംഗ് ഇന്ത്യൻ കപ്പിൾസ് എന്ന പേരിൽ ചാനൽ തുടങ്ങിയെങ്കിലും ചാനൽ ഹാക്ക് ചെയ്യപ്പെട്ടു. ആന്ധ്രാപ്രദേശിൽ അദ്യാപകരായിരുന്ന ഇരുവരും കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടാണ് നാട്ടിലെത്തിയത്. തുടർന്ന് ബെന്നി സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റിയായി ജോലി നോക്കി. ഹൃദയസംബന്ധമായ അസുഖങ്ങൾ യുവാക്കളുടെ മരണത്തിന് കൂടുതൽ കാരണമാകുന്നു എന്ന് തിരിച്ചറിഞ്ഞത് ഇക്കാലത്താണ്. തുടർന്ന് യുവാക്കൾക്ക് പ്രചോദനമാവുക എന്ന ലേേക്ഷ്യത്തോടെ സൈക്കിൾ യാത്ര എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. സൈക്കിളിൽ രണ്ട് തവണ ബെന്നി ഇന്ത്യയൊട്ടാകെ ചുറ്റി സഞ്ചരിച്ചു. സൈക്കിളിൽ ആദ്യം കേരളം മുതൽ കാശ്മീർ വരെ യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയ ആൾ എന്ന നേട്ടവും ബെന്നിക്കുണ്ട്. സ്പോൺസർ ചെയ്യാൻ ആളുണ്ടെങ്കിൽ ഇനിയും യാത്രകൾ ചെയ്യുവാൻ ഇനിയും യാത്രകൾ ചെയ്യുവാനുള്ള ഒരുക്കത്തിലാണ് ഇരുവരും.