തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിങ്കളാഴ്ച 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികയുളള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്.ഒഡീഷക്കും മുകളിലായുള്ള ന്യൂനമര്‍ദ്ദവും ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂന മര്‍ദ്ദ പാത്തിയുമാണ് കാലവര്‍ഷക്കാറ്റുകളെ ശക്തമാക്കുന്നത്. മലയോര മേഖലയിലും മണ്ണിടിച്ചില്‍- ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള ഇടങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം.ഇന്ന് കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ അങ്കണവാടികള്‍ക്കും എല്ലാ സ്ക്കൂളുകള്‍ക്കുമാണ് അവധി. കോളേജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി പ്രഖ്യാപിച്ച എസ്‌എസ്‌എല്‍സി സേ പരീക്ഷ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. കാസര്‍കോട് തേജസ്വിനി, മധു വാഹിനി, ചന്ദ്രഗിരി പുഴകള്‍ കരകവിഞ്ഞൊഴുകി. ജില്ലയില്‍ 2 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു.