പമ്പ: കർക്കടക മാസപൂജകൾക്കായി ശബരിമല നട ജൂലയ് 16 ന് തുറക്കും. 16 മുതൽ ഭക്തർക്ക് പ്രവേശനം.. 21 ന് നട അടയ്ക്കും. കർക്കടകമാസപൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട ജൂലയ് 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങൾ തെളിക്കും.
പിന്നേട് ഗണപതി, നാഗർ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കും.ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്‌നിപകരും. തുടർന്ന് അയ്യപ്പഭക്തർക്ക് പതിനെട്ടാം പടികയറിയുള്ള ദർശനത്തിന് അനുമതി നൽകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
16 മുതൽ 21 വരെയാണ് ശബരിമല നട തുറന്നിരിക്കുക. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം. കൂടാതെ നിലയ്ക്കലിൽ എത്തിച്ചേരുന്ന അയ്യപ്പഭക്തൻമാർക്ക് സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ മാസത്തെ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ രാവിലെ 10 മണിമുതൽ ആരംഭിക്കും.
കർക്കടകം ഒന്നായ 17.07.2022 ന് പുലർച്ചെ 5 മണിക്ക് തിരുനട തുറക്കും.ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും മറ്റ്പൂജകളും നടക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,
പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും