മധ്യപ്രദേശ്: മുഖ്യമന്ത്രിക്ക് നൽകിയ ചായ തണുത്തുപോയതിന്റെ പേരിൽ വെട്ടിലായി ഉദ്യോഗസ്ഥൻ. മധ്യപ്രദേശിലാണ് സംഭവം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നൽകിയ ചായ തണുത്തുപോയി എന്ന പേരിൽ സർക്കാർ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്. ജൂനിയർ സപ്ലൈ ഓഫീസർ രാകേഷ് കനൗഹയോടാണ് വിശദീകരണം തേടിയത്. വി.ഐ.പി ഡ്യൂട്ടിയിലെ പ്രോട്ടോക്കോൾ ലംഘിച്ചെന്നാണ് ആരോപണം. അതേസമയം സംഭവം വാർത്തയായതോടെ പ്രതിപക്ഷം രംഗത്തെത്തി. രൂക്ഷമായ വിമർശനം ഉയർന്നതോടെ നോട്ടീസ് അധികൃതർ പിൻവലിച്ചു.നഗരസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ശേഷം പ്രഭാത ഭക്ഷണത്തിനായി ഖജുരാഹോ വിമാനത്താവളത്തിലെത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയാണ് ജീവനക്കാരൻ മുഖ്യമന്ത്രിയ്ക്ക് തണുത്ത ചായ നൽകിയതെന്നാണ് ആരോപണം. ജീവനക്കാരന്റെ ‘അനാസ്ഥ’യ്ക്കു നൽകിയ നോട്ടീസ് മറ്റ് ജീവനക്കാർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ചായയും പ്രഭാത ഭക്ഷണവും നൽകേണ്ടത് രാകേഷിന്റെ ചുമതലയായിരുന്നുവെന്നും അതിൽ വരുത്തിയ അശ്രദ്ധ വി.ഐ.പി ഡ്യൂട്ടി പാലിക്കുന്നത് സംബന്ധിച്ച് പ്രോട്ടോക്കോളുകളുടെ ലംഘനമായിരുന്നുവെന്നുമാണ് രാകേഷിന് അയച്ച നോട്ടീസിൽ പറഞ്ഞിരുന്നു.
സംഭവം വാർത്തയായതോടെ കടുത്ത വിമർശനവുമായി പ്രതിപക്ഷം കോൺഗ്രസ് രംഗത്തെത്തുകയായിരുന്നു. സാധാരണക്കാരന് റേഷൻ കിട്ടിയില്ലെങ്കിലും ആംബുലൻസ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ മുഖ്യമന്ത്രിയ്ക്ക് തണുത്ത ചായ കൊടുത്തതാണ് രാജ്യത്തെ ‘ഗുരുതര പ്രശ്നം’ എന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജെ പ്രതികരിച്ചു.