വണ്ടൂർ :
കരുവാരക്കുണ്ട് പഞ്ചായത്തിലെ മലയോര മേഖലയായ കുണ്ടോടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കടുവയും കുഞ്ഞിനെയും പിടികൂടുന്നതിനായി രണ്ടിടങ്ങളിൽ വനപാലകർ കൂട് സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ കടുവകളുടെ ചിത്രങ്ങൾ പതിഞ്ഞതിനെ തുടര്‍ന്നാണ് ഇവയെ പിടികൂടുന്നതിനുള്ള നടപടികൾ വനം വകുപ്പ് ഊർജിതമാക്കിയത്. കഴിഞ്ഞ
ഞായറാഴ്ചയാണ് പകല്‍ പന്നിയെ
വേട്ടയാടി കടുവ ജനവാസകേന്ദ്രത്തിലെത്തിയത്. പന്നിയെ പകുതി ഭക്ഷിച്ച കടുവ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വീണ്ടുമെത്തി അതിനെ പൂര്‍ണമായും തിന്നു. കടുവ കാടുകയറാത്തതിനെ തുടര്‍ന്ന് പ്രദേശത്തുകാര്‍ ഭീതിയിലാണ്. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ. പി പ്രവീണിൻ്റെ നേതൃത്വത്തിൽ കടുവകളുടെ സാന്നിധ്യം പ്രകടമായ കുണ്ടോട, തരിശ് എന്നിവിടങ്ങളിൽ പരിശോധന നടത്തി. കടുവകളെ നിരീക്ഷിക്കാൻ ഡ്രോൺ പറത്തിയെങ്കിലും ഫലമുണ്ടായില്ല. കാടിനോടു ചേർന്ന സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞുകിടക്കുന്ന കാടുമൂടിക്കിടക്കുന്ന സ്ഥലത്താണ് ഇവയെ കണ്ടിട്ടുള്ളത്.
പെൺകടുവ കുഞ്ഞിനെ വേട്ടയാടി പരിശീലിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെന്ന നിഗമനത്തിലാണ് വനപാലകർ. നാട്ടുകാരുടെ പരാതിയെ തുടർന്ന് രണ്ടിടങ്ങളിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. ഉടൻ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് വനപാലകർ.
കരുവാരക്കുണ്ടിൽ കടുവഭീഷണി ; രണ്ടിടങ്ങളിൽ വനപാലകർ കൂട് സ്ഥാപിച്ചു
Advertisements