പോർട്ട് ഓഫ് സ്പെയിൻ : ബാറ്റ് കൊണ്ട് നിരാശപ്പെടുത്തിയെങ്കിലും ഫീൽഡിൽ ഇറങ്ങിയ സഞ്ജു ഇന്ത്യക്കുവേണ്ടി മരിച്ചു കളിച്ചപ്പോൾ എതിരായ ഏകദിനത്തിൽ ഇന്ത്യയ്ക്ക് മൂന്ന് റണ്ണിന്റെ നിർണായക വിജയം. സഞ്ജുവിന്റെ മുഴുനീള ഡൈവിൽ ഒരു ബൗണ്ടറി തടഞ്ഞതാണ് അവസാന ഓവറിലെ മരണ കളിയിൽ ഇന്ത്യയ്ക്ക് വിജയത്തിൽ നിർണായകമായി മാറിയത്. അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തിൽ സഞ്ജു തടഞ്ഞിട്ട ബൗണ്ടറിക്ക് ഇന്ത്യയുടെ വിജയത്തിന്റെ വിലയുണ്ടായിരുന്നു. അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ട പോരാട്ടത്തില്‍ മൂന്ന് റണ്‍സിനാണ് ഇന്ത്യ വിജയത്തിച്ചത്.
ബാറ്റ്സ്മാന്മാരും ബൗളര്‍മാരും മികവ് പുലര്‍ത്തിയെങ്കിലും അവസാന ഓവറില്‍ ഇന്ത്യയെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത് വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസന്റെ തകര്‍പ്പന്‍ സേവായിരുന്നു. അവസാന ഓവറില്‍ വിജയിക്കാന്‍ 15 റണ്‍സായിരുന്നു വെസ്റ്റിന്‍ഡീസിന് വേണ്ടിയിരുന്നത്. മൊഹമ്മദ് സിറാജ് എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ റണ്‍സൊന്നും നേടാന്‍ സാധിക്കാതിരുന്ന അകീല്‍ ഹൊസൈന്‍ രണ്ടാം പന്തില്‍ സിംഗിള്‍ നേടി സ്ട്രൈക്ക് മികച്ച ഫോമിലുള്ള ഷെപ്പാര്‍ഡിന് കൈമാറി. മൂന്നാം പന്തില്‍ ബൗണ്ടറി നേടികൊണ്ട് താരം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാലാം പന്തില്‍ ബാറ്റ്സ്മാനെ ഫോളോ ചെയ്ത് സിറാജ് പന്തെറിയുകയും ലെഗ് ബൈയിലൂടെ രണ്ട് റണ്‍സ് വിന്‍ഡീസ് നേടുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബാറ്റ്സ്മാനെ ഫോളോ ചെയ്യാനുള്ള സിറാജിന്റെ ശ്രമം പരാജയപെടുകയും ലെഗ് സ്റ്റപിന് വെളിയില്‍ പോവുകയും ചെയ്തു. ബൗണ്ടറിയാകുമെന്ന് കരുതിയെങ്കിലും തക്ക സമയത്ത് സൂപ്പര്‍മാന്‍ ഡൈവിലൂടെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പന്ത് തടുത്തിടുകയായിരുന്നു. ആ പന്ത് ബൗണ്ടറിയായെങ്കില്‍ അനായാസം വിജയം നേടുവാന്‍ വിന്‍ഡീസിന് സാധിക്കുമായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 97 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശിഖാര്‍ ധവാന്‍, 64 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍, 54 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ എന്നിവരുടെ മികവിലാണ് മികച്ച സ്കോര്‍ നേടിയത്. മറുപടി ബാറ്റിങില്‍ 309 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിന്‍ഡീസിന് നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 75 റണ്‍സ് നേടിയ കെയ്ല്‍ മെയേഴ്സ്, 54 റണ്‍സ് നേടിയ ബ്രാന്‍ഡന്‍ കിങ്, 46 റണ്‍സ് നേടിയ ബ്രൂക്സ്, 25 പന്തില്‍ 39 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പാര്‍ഡ് എന്നിവരാണ് വിന്‍ഡീസിന് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, യുസ്വെന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.