ചെന്നൈ:ആദ്യമായി ഒരു നൂറുരൂപ സമ്പാദിച്ചത് എങ്ങനെയെന്ന് ചോദിച്ചാൽ എനിക്ക് ഓർമയില്ല. പക്ഷേ, ആദ്യകാലത്ത് എന്റെ കൂടെ അഭിനയിച്ച സഹതാരത്തിന് നിർമാതാവ് കൊടുത്തത് ഒരു കോടിയുടെ ചെക്കാണ്. എന്റെ കൺമുന്നിൽവെച്ചാണ് ആ ചെക്ക് നൽകിയത്. എനിക്ക് ലഭിച്ചത് 3 ലക്ഷം. അതും മുഴുവനായി ലഭിച്ചിട്ടില്ല. എന്നാൽ ഒരിക്കൽ ആ നിർമാതാവ് അദ്ദേഹത്തിന്റെ കൈയാൽ ഒരു കോടി രൂപ പ്രതിഫലം എനിക്കും നൽകുമെന്ന് പറഞ്ഞിരുന്നു. അന്ന് അത് വെറുതെ പറഞ്ഞതായിരുന്നു. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം അതേ നിർമാതാവ് എനിക്ക് ഒരു കോടിയുടെ ചെക്ക് നൽകി. ഒരു നടന്റെ മകനായതിനാലാണ് എന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് കരുതരുത്. എന്തെങ്കിലും നേടണം എങ്കിൽ ലക്ഷ്യബോധം വേണം. അത് നിങ്ങളുടെ മനസ്സിൽ വളർത്തിയെടുക്കണം. അങ്ങനെയെങ്കിൽ അത് തീർച്ചയായും സംഭവിച്ചിരിക്കും.
തമിഴിലെ അറിയപ്പെടുന്ന നടനായ ശിവകുമാറിന്റെയും ലക്ഷ്മിയുടെയും മകനായ ശരവണൻ ശിവകുമാർ ബി.കോം. പൂർത്തിയാക്കിയതിന് ശേഷം ഒരു ഗാർമന്റ് എക്‌സ്‌പോർട്ടിങ് കമ്പനിയിൽ ജോലി നോൽക്കുന്നു. തന്റെ പിതാവിന്റെ പേര് കമ്പനിയിലെ ഉടമയ്ക്ക് മുന്നിൽ വെളിപ്പെടുത്താതെയായിരുന്നു ശരവണൻ അവിടെ ജോലി നോക്കിയത്. എന്നാൽ, ഉടമ ആ സത്യം കണ്ടുപിടിച്ചു. പിന്നീട് ശരവണൻ ജോലി അധികകാലം തുടർന്നില്ല. വസന്ത് സംവിധാനം ചെയ്ത ‘ആസൈ’ എന്ന ചിത്രത്തിലാണ് സൂര്യയ്ക്ക് ആദ്യമായി അഭിനയിക്കാൻ അവസരം ലഭിച്ചത്. അഭിനയിക്കാനുള്ള ആത്മവിശ്വാസമില്ലാത്തതിനാൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1997-ൽ സംവിധായകൻ മണിരത്‌നം നിർമിച്ച ‘നേർക്കുനേർ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. വിജയ് ആയിരുന്നു ചിത്രത്തിലെ നായകൻ. മണിരത്‌നമാണ് ശരവണനെ സൂര്യയാക്കി മാറ്റിയത്. എന്നാൽ, സിനിമ പുറത്തിറങ്ങിയപ്പോൾ പരിഹാസങ്ങൾ ഏറ്റുവാങ്ങാനിയിരുന്നു സൂര്യയുടെ വിധി. അഭിനയിക്കാൻ അറിയില്ലെന്നും നൃത്തം ചെയ്യാൻ കഴിവില്ലെന്നും തുടങ്ങിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നു സൂര്യയ്ക്ക്. പിന്നീട് വേഷമിട്ട ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെ സൂര്യയുടെ കരിയർ അവസാനിച്ചുവെന്ന് പലരും വിധിയെഴുതി. 1999-ൽ പുറത്തിറങ്ങിയ ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന ചിത്രമാണ് സിനിമാജീവിതത്തിൽ വഴിത്തിരിവായത്. വസന്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ജ്യോതികയായിരുന്നു നായിക. ചിത്രത്തിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു.
ബാല സംവിധാനം ചെയ്ത 2001-ൽ പുറത്തിറങ്ങിയ ‘നന്ദ’യിലൂടെ മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം സൂര്യയെ തേടിയെത്തി. ‘ഉന്നൈ നിനത്ത്’, ‘ശ്രീ’, ‘മൗനം പേസിയതേ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരു നടനെന്ന നിലയിൽ അദ്ദേഹം തന്റേതായ വഴിവെട്ടി. ഗൗതം മേനോൻ സംവിധാനം ചെയ്ത ‘കാക്ക കാക്ക’ എന്ന ആക്ഷൻ ത്രില്ലർ പോലീസ് വേഷം സൂര്യയെ താരപദവിയിലേക്കുയർത്തിയ ചിത്രമായിരുന്നു. ബാലയുടെ സംവിധാനത്തിൽ വിക്രം നായകനായ ‘പിതാമഗനി’ലെ ശക്തി എന്ന കഥാപാത്രമായെത്തിയപ്പോൾ ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ അസാമാന്യ പ്രകടനത്തിന് പ്രേക്ഷകർ സാക്ഷിയായി. മണിരത്‌നം സംവിധാനം ചെയ്ത ‘ആയുത എഴുത്തി’ലെ മൈക്കിൾ വസന്ത് എന്ന കഥാപാത്രവും മികച്ച അഭിപ്രായം നേടി.
എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത ‘ഗജിനി’യിലൂടെയായിരുന്നു സൂര്യ എന്ന ബ്രാൻഡ് പിറവിയെടുത്തത്. ‘ഗജിനി’ വലിയ വിജയമാവുകയും സൂര്യയുടെ താരമൂല്യം കൂത്തനെ ഉയരുകയും ചെയ്തു. തമിഴ്‌നാട്ടിൽ മാത്രമല്ല ,അന്യസംസ്ഥാനങ്ങളിലും ‘ഗജിനി’ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ‘സില്ലെൻട്ര് ഒരു കാതൽ’, ‘വാരണം ആയിരം’, ‘അയൻ’, ‘രക്തചരിത്ര’, ‘ഏഴാം അറിവ്’ തുടങ്ങിയ ചിത്രങ്ങൾ ഗംഭീര വിജയങ്ങളായി. ‘സിങ്കം’ രണ്ടാം ഭാഗം മുതലാണ് സൂര്യയുടെ കരിയറിന് തിരിച്ചടിയുണ്ടാകുന്നത്. സിനിമ വിജയമായിരുന്നുവെങ്കിലും സൂര്യയെന്ന നടനെ സ്‌നേഹിച്ച പ്രേക്ഷകർക്ക് അതൊരു വലിയ നിരാശയായിരുന്നു. പിന്നീട് റിലീസ് ചെയ്ത ‘അൻജാൻ’, മാസ്’, ‘താന സേർന്ത കൂട്ടം’, ’24’, ‘എൻ.ജി.കെ.’, ‘കാപ്പൻ’ തുടങ്ങിയ ചിത്രങ്ങളിൽ ചിലത് വാണിജ്യപരമായി വിജയിച്ചുവെച്ചുവെങ്കിലും ഒട്ടേറെ വിമർശനങ്ങൾക്കും വഴിവെച്ചു.
നല്ല വിമർശനങ്ങളെ ഒരിക്കലും അവഗണിക്കുന്ന സ്വഭാവം സൂര്യയ്ക്കുണ്ടായിരുന്നില്ല. ഒരു നടനെന്ന നിലയിൽ താൻ അൽപ്പം കൂടി ജാഗ്രത കാണിക്കണമെന്ന് സൂര്യയ്ക്ക് തോന്നി തുടങ്ങിയിരുന്നു. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സുധ കൊങ്കര ഒരുക്കിയ ‘സൂരറൈ പോട്രി’ൽ നെടുമാരൻ എന്ന കഥാപാത്രമായി സൂര്യ അഭിനയിക്കുകയായിരുന്നില്ല, അക്ഷരാർഥത്തിൽ ജീവിക്കുകയായിരുന്നു. ഇരുപത്തിയഞ്ചു വർഷം നീണ്ട കരിയറിൽ ഒടുവിൽ സൂര്യയെ തേടി ദേശീയ പുരസ്‌കാരം തേടിയെത്തിയത് അർഹിക്കുന്ന അംഗീകാരമായിരുന്നു. അതും നാൽപത്തിയേഴാം പിറന്നാളിന്റെ തലേദിനത്തിൽ. ഈ അവസരത്തിൽ തന്നെ എടുത്തുപറയേണ്ടതാണ്.
2021-ൽ പുറത്തിറങ്ങിയ ‘ജയ് ഭീം’ എന്ന ചിത്രം. ഇത്രയും ചർച്ച ചെയ്യപ്പെട്ട ഒരു സിനിമ ഇന്ത്യയിൽ ഈ സമീപകാലത്തുണ്ടായിട്ടില്ല. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിഭാഷകൻ ചന്ദ്രു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തമിഴ്‌നാട്ടിലെ ഒരു ആദിവാസി യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ഗംഭീര പ്രതികരണമാണ് നേടിയത്.
കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്ര’മായിരുന്നു സൂര്യയുടേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ അവസാനഭാഗത്ത് വെറും അഞ്ചു മിനിറ്റു മാത്രം പ്രത്യക്ഷപ്പെട്ട റോളക്‌സ് എന്ന വില്ലനെ ഹർഷാരവങ്ങളോടെയാണ് തിയേറ്ററുകളിൽ വരവേറ്റത്.
വർഷങ്ങൾക്ക് മുൻപ് സൂര്യ ഒരു കോളേജ് കാമ്പസിൽ നടത്തിയ പ്രസംഗം ഇതോടൊപ്പം ചേർക്കുന്നു.”ഒരു നടന്റെ മകനായതിനാലാണ് എന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് കരുതരുത്. എന്തെങ്കിലും നേടണം എങ്കിൽ ലക്ഷ്യബോധം വേണം. അത് നിങ്ങളുടെ മനസ്സിൽ വളർത്തിയെടുക്കണം. അങ്ങനെയെങ്കിൽ അത് തീർച്ചയായും സംഭവിച്ചിരിക്കും.” 1995-ൽ ബികോം കഴിഞ്ഞ് കോളേജിൽനിന്ന് ഇറങ്ങുമ്പോൾ ശരവണനായിരുന്ന ഞാൻ ഇപ്പോൾ നിങ്ങളുടെ മുന്നിലുള്ള സൂര്യയായി മാറുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. നടനാകണമെന്ന് ആഗ്രഹിച്ചല്ല സിനിമയിൽ എത്തിയത്. വളരെ പെട്ടന്നുള്ള ഒരു തീരുമാനത്തിന്റെ പുറത്താണ് അഭിനയം ജീവിതമായി എടുത്തത്. നിങ്ങൾ ജീവിതത്തിൽ വിശ്വസിക്കൂ. എന്തെങ്കിലും സർപ്രൈസുകൾ നിങ്ങൾക്ക് ജീവിതം തന്ന് കൊണ്ടിരിക്കും. അത് എന്താണെന്ന് ഒരിക്കലും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുകയില്ല. ഒരോ നിമിഷവും ആസ്വദിച്ച് ജീവിക്കുക എന്നതാണ് ഏക വഴി.
”ജീവിതത്തിൽ മൂന്നുകാര്യങ്ങൾ നിർബന്ധമായും പാലിക്കണം. ഒന്നാമത്തേത് സത്യസന്ധത. എന്ത് കാര്യത്തിലും സത്യസന്ധത ഉണ്ടായിരിക്കണം, അത് പഠനത്തിലായാലും പ്രണയബന്ധങ്ങളിലായാലും. രണ്ടാമത്തെ കാര്യം ശുഭാപ്തി വിശ്വസാത്തോടെയിരിക്കാനുള്ള കഴിവ്. മൂന്നാമത്തേത് ജീവിത ലക്ഷ്യം. രജനി സാർ പറഞ്ഞൊരു കാര്യം ഞാൻ ഇപ്പോഴും മനസ്സിൽ കൊണ്ടു നടക്കുന്നു. ജീവിതത്തിൽ എല്ലാവർക്കും രക്ഷപ്പെടാൻ ഒരവസരം ലഭിക്കും. ആ നിമിഷം തിരിച്ചറിഞ്ഞ് നിങ്ങൾ തന്നെ അത് ഉപയോഗിക്കുക. അത് കൈവിട്ടു കളഞ്ഞാൽ പിന്നീട് ആ അവസരം വീണ്ടും വന്നുകൊള്ളണമെന്നില്ല. ജീവിതത്തിലെ നിർണായകമായ തീരുമാനങ്ങൾ സ്വയം എടുക്കാൻ ശ്രമിക്കുക. അത് മനസ്സിരുത്തി ചിന്തിക്കുക. തീർച്ചയായും നിങ്ങൾക്ക് പ്രതിഫലം ലഭിക്കും”