സ്പോട്സ് ഡെസ്ക്
മുംബൈ : ഓരോ ഇന്നിങ്‌സിനു മുമ്പും ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തിയിരുന്ന തയ്യാറെടുപ്പ് കേട്ടാല്‍ ആരും അമ്പരന്നു പോവുമെന്നതില്‍ സംശയമില്ല.ഗെയിമിനോടു എത്ര മാത്രം ആത്മസമര്‍പ്പണമാണ് അദ്ദേഹത്തിനുണ്ടായിരുന്നത് എന്ന് തെളിയിച്ച സംഭവമായിരുന്നു സിഡ്‌നി ടെസ്റ്റിലെ ഗംഭീര ഇന്നിങ്‌സിനു മുമ്പ് നടത്തിയിരുന്ന തയ്യാെറടുപ്പുകള്‍. ഓസ്‌ട്രേലിയക്കെതിരേ 2003-04ലെ സിഡ്‌നി ടെസ്റ്റില്‍ സച്ചിന്‍ പുറത്താവാതെ അടിച്ചെടുത്തത് 241 റണ്‍സായിരുന്നു. 436 ബോളുകളില്‍ നിന്നായിരുന്നു ഇത്.
മുന്‍ ടീമംഗങ്ങളായിരുന്ന സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരോടൊപ്പം ഒരു ഷോയില്‍ സംസാരിക്കവെയാണ് സച്ചിന്‍ തന്റെ തയ്യാറെടുപ്പിനെക്കുറിച്ച് ഒരിക്കല്‍ വെളിപ്പെടുത്തിയത്.
അതേപ്പറ്റി സച്ചിൻ പറയുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദാദയായിരുന്നു (സൗരവ് ഗാംഗുലി) അന്നു എന്റെ റൂം പാര്‍ട്‌നര്‍. അദ്ദേഹം മുറിയില്‍ കിടന്നുറങ്ങവെ ഞാന്‍ കണ്ണാടിക്കു മുന്നില്‍ ബാറ്റിങ് പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നു. കാരണം അടുത്ത ദിവസം എനിക്കു ബാറ്റ് ചെയ്യാന്‍ ഇറങ്ങാനുള്ളതാണ്. രാത്രി 2.30 മണിയോളം എന്റെ പരിശീലനം തുടര്‍ന്നു.അടുത്ത ദിവസം എങ്ങനെയായിരിക്കണം കളിക്കേണ്ടത് എന്നതിനക്കുറിച്ച് ഞാന്‍ ആലോചിച്ചു കൊണ്ടേയിരുന്നു. പക്ഷെ ദാദ അപ്പോള്‍ ഉറക്കമില്ലാതെ എന്നെ നോക്കി ശബ്ദുമുണ്ടാക്കാതെ കിടക്കുകയായിരുന്നുവെന്ന് താന്‍ അപ്പോള്‍ തിരിച്ചറിഞ്ഞില്ലെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞിരുന്നു. ഇതു കേട്ടപ്പോള്‍ ഗാംഗുലിയടക്കം ഷോയില്‍ പങ്കെടുത്ത എല്ലാവരും ചിരിക്കുകയും ചെയ്തു.
സച്ചിന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ സൗരവ് ഗാംഗുലി ഇടയ്ക്കു കയറി ഇതിനോടു പ്രതികരിക്കുകയും ചെയ്തു. മുറിയിലെ എല്ലാ ലൈറ്റുകളും ഇട്ടു വച്ച് ഒരാള്‍ ഇങ്ങനെ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നാല്‍ നിങ്ങള്‍ക്കു എങ്ങനെയാണ് ഉറങ്ങാന്‍ സാധിക്കുക. കണ്ണടച്ചു കിടന്ന് സച്ചിന്‍ ഉറങ്ങുന്നതു വരെ കാത്തിരിക്കുകയല്ലാതെ വേറെ എന്തു ചെയ്യാന്‍ കഴിയുമെന്നും ഗാംഗുലി ചിരിയോടെ ചോദിക്കുകയും ചെയ്തു. തലേദിവസം ഏറെ വൈകി കിടന്നതിനാല്‍ രാവിലെ ബാറ്റ് ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ തനിക്കു നന്നായി ഉറക്കം വന്നിരുന്നതായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തി. എനിക്കു നന്നായി ഉറക്കം വരുന്നു. കുറച്ചു സമയം ഉറങ്ങട്ടെയെന്നു ഞാന്‍ ദാദയോടു പറഞ്ഞു. ഡ്രസിങ് റൂമിനുള്ളില്‍ ഒരു വലിയ ഡൈനിങ് ടേബിളുണ്ടായിരുന്നു. അവിടെ നിന്നു കളിയും കാണാന്‍ സാധിക്കുമായിരുന്നു.
ഈ ടേബിളിനു മുകളില്‍ ഞാന്‍ അര മണിക്കൂറോളം കിടന്നുറങ്ങി. എന്തെങ്കിലും സംഭവിച്ചാല്‍ പറയണമെന്ന് അറിയിച്ചായിരുന്നു ഞാന്‍ ഉറങ്ങിയത്. കളിക്കളത്തില്‍ എന്തെങ്കിലും സ്‌പെഷ്യലായി ചെയ്യണമെങ്കില്‍ വിശ്രമം ആവശ്യമാണെന്നു തനിക്കു അന്നു തോന്നിയിരുന്നതായും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. സിഡ്‌നി ടെസ്റ്റില്‍ അന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇന്നിങ്‌സ് വളരെ സ്‌പെഷ്യലായിരുന്നു. കാരണം അതിനു മുമ്പുള്ള ഇന്നിങ്‌സുകളില്‍ ഓഫ് സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകളില്‍ കവര്‍ ഡ്രൈവിനു ശ്രമിച്ച് അദ്ദേഹം പല തവണ പുറത്തായിരുന്നു. ഈ കാരണത്താല്‍ തന്നെയായിരുന്നു തലേദിവസം കണ്ണാടിക്കു മുന്നില്‍ സച്ചിന്‍ മണിക്കൂറുകളോളം പരിശീലനം നടത്തിയത്.
613 മിനിറ്റുകള്‍ ക്രീസില്‍ ചെലവഴിച്ചാണ് അദ്ദേഹം അന്നു 241 റണ്‍സടിച്ചത്. 436 ബോളുകളില്‍ 33 ബൗണ്ടറികളടിക്കുകയും ചെയ്തു. എന്നാല്‍ ഇവയില്‍ ഒരു കവര്‍ഡ്രൈവ് പോലുമില്ലായിരുന്നുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.