കണ്ണൂര്‍: കൂത്തുപറമ്ബ് പാനുണ്ടയില്‍ സിപിഎമ്മുകാരുടെ മര്‍ദമേറ്റ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു.കണ്ണൂര്‍ പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷാണ് മരിച്ചത്. മര്‍ദ്ദനമേറ്റ് ആശുപത്രിയിലെത്തിയ ജിംനേഷ് കുഴഞ്ഞുവീണിരുന്നു. ഉടന്‍ മരണം സംഭവിക്കുകായായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ഗുരുദക്ഷിണയും കഴിഞ്ഞ് മടങ്ങുകയായിരുന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകരെ ഇന്നലെയാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എ.ആദര്‍ശ്, പി.വി ജിഷ്ണു, ടി.അക്ഷയ്, കെ.പി ആദര്‍ശ് എന്നിവര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.പരിക്കേറ്റ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അക്ഷയ് ടി.യുടെ വീടിന് നേരെ അക്രമമുണ്ടായി. പിണറായി പെനാങ്കിമെട്ടയിലെ അക്ഷയുടെ വീടാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചത്. ഗുരുദക്ഷിണ ഉത്സവത്തിനായി തയ്യാറാക്കിയ കൊടിതോരണങ്ങള്‍ നശിപ്പിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചത്. പരിക്കേറ്റവരെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് സന്ദര്‍ശിച്ചിരുന്നു.