പാല്‍ വണ്ടിയില്‍ അമ്പത് ലക്ഷം രൂപയുടെ മദ്യം കടത്താൻ ശ്രമം:കഴക്കൂട്ടം സ്വദേശി ഉൾപ്പടെ രണ്ടുപേർ പിടിയിൽ,തിരുവനന്തപുരത്തേക്ക് വൻതോതിൽ വിദേശ മദ്യം എത്തുന്നുവെന്ന് പോലീസ്

തിരുവനന്തപുരം :ജില്ലയിൽ വന്‍ മദ്യവേട്ട. പാല്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച അമ്പത് ലക്ഷം രൂപ വിലമതിക്കുന്ന വിദേശ മദ്യം പിടികൂടി. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണക്കാലത്ത് വില്‍പന നടത്താന്‍ മാഹിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ചേറ്റുവ പാലത്തിന് സമീപത്ത് വച്ചാണ് മാഹിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന വിദേശ മദ്യം പിടികൂടിയത്. തിരുവനന്തപുരം ഭാഗത്തേക്ക് വന്‍തോതില്‍ വിദേശ മദ്യം കടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്‍പിയുടെ സ്പെഷ്യല്‍ സ്ക്വാഡും വാടാനപ്പള്ളി പൊലീസുമാണ് സംയുക്ത പരിശോധന നടത്തിയത്. വിഘ്നേശ്വര മില്‍ക്ക് വാന്‍ എന്ന വണ്ടിയിലാണ് വിവിധ ബ്രാന്‍റുകളുടെ 3,600 ലിറ്റര്‍ വിദേശ മദ്യം കടത്തിയിരുന്നത്.

Advertisements

സംഭവത്തിൽ രണ്ടുപേരെ പിടികൂടി. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സജി, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് എന്നിവരാണ് പിടിയിലായത്. ഓണക്കാല വില്‍പനയ്ക്കായി മാഹിയില്‍ നിന്ന് മദ്യം കടത്തുകയായിരുന്നെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം. മദ്യം ആരില്‍ നിന്ന് വാങ്ങി, ആര്‍ക്കൊക്കെ എത്തിക്കുന്നു തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles