സ്പോർട്സ് ഡെസ്ക്ക് : ഇത്രമാത്രം വൈകാരികമായ തലത്തിൽ ഒരു മലയാളി ക്രിക്കറ്റ് ആരാധകനും അടുത്തിടെയായി ഒരു ക്രിക്കറ്റ് മത്സരം കണ്ടു കാണാൻ വഴിയില്ല. വലിയൊരു പ്രതീക്ഷയുടെ സ്വപ്നവും പേറി യാകണം ഓരോ ആളും ആ മത്സരം കണ്ടിട്ടുണ്ടാവുക. ഇന്ത്യ വെസ്റ്റിൻഡീസ് രണ്ടാം ഏകദിനം കണ്ടിരുന്നവർ അനുഭവിച്ചിരുന്നത് അത്രമാത്രം വൈകാരിക ഹൃദയ ഭാവത്തോടെ ആയിരിക്കും എന്നതിൽ സംശയമുണ്ടാകില്ല.
ഒന്നാം ഏകദിനത്തിൽ രക്ഷകരായ ധവാനും , ഗില്ലും നിലയുറപ്പിക്കാതെ മടങ്ങുന്നു. പിന്നാലെയെത്തിയ അയ്യർ പിടിച്ചു നിന്നെങ്കിലും സൂര്യ കുമാറും വേഗം ടീം ജേഴ്സി അഴിച്ചു മാറ്റാൻ വിധിക്കപ്പെട്ട് മടങ്ങുന്നു. ഇനി വരേണ്ടത് അവനാണ് ചരിത്ര കഥകളിലെ നായക കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധം സഞ്ജുവിന്റെ പ്രവേശനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിവിന് വിപരീതമായി പതിയെ താളം കണ്ടെത്തി നിലയുറപ്പിച്ച് അവൻ മുന്നേറി. കൂടുതൽ അക്രമകാരിയാകാതെ എന്നാൽ ബോളുകൾ പാഴാക്കാതെ സ്ട്രൈക്ക് റേറ്റ് താഴെ വീഴാതെ അവൻ കളം നിറഞ്ഞു.
പക്ഷേ പെട്ടന്നാണ് എല്ലാം മാറി മറിഞ്ഞത്. അയ്യർ മടങ്ങി. എന്നാലും അയ്യർക്ക് പിന്നാലെ എത്തിയ ഹൂഡക്കൊപ്പം അവൻ മുന്നേറി.അര സെഞ്ചുറിയും തികച്ച് സഞ്ജു മുന്നേറുമ്പോൾ ആരാധകരുടെ മനസ്സിൽ അറിയാതെയെങ്കിലും ആരോ മന്ത്രിച്ചിരിക്കാം …… ഇന്ന് വിജയ ശില്പി സഞ്ജു തന്നെയെന്ന്.
എന്നാൽ വിധി വീണ്ടും സഞ്ജുവിന് വിനയായി. ഒപ്പം കളിച്ചു തെളിഞ്ഞ പഴയ സുഹൃത്തിന്റെ അറിയാതെയുണ്ടായ പിഴവ് . ഓടിയെത്താൻ പറ്റാതെ ജീവിത വിജയത്തിന്റെ ഫിനിഷിംഗ് ക്രീസിന് മുന്നിൽ അവൻ വീണൊടുങ്ങി. റൺ കണ്ടെത്താൻ കഴിയാത്ത ഷോട്ടിൽ ആദ്യം ക്രീസ് വിട്ടിറങ്ങിയത് ഹൂഡയായിരുന്നു. പക്ഷേ സ്വാർത്ഥ താല്പര്യങ്ങൾ ലേശവുമില്ലാതെ ആ തനി നാടൻ മലയാളി പയ്യൻ തന്റെ വിക്കറ്റ് സുഹൃത്തിന് വേണ്ടി വലിച്ചെറിഞ്ഞു.
മത്സരം ഫോളോ ചെയ്ത ഒരോ മലയാളിയും നിറകണ്ണുകളോടെയാകാം ആ നിമിഷത്തെ അഭിസംബോദന ചെയ്തത്. സെഞ്ചുറി നേടി ടീമിലെ താരമാകുമെന്ന് കരുതിയ പ്രിയപെട്ടവന്റെ വിടവാങ്ങൽ. പക്ഷേ യാഥാർത്ഥ്യം മറ്റൊന്നാണ് ഇതാണ് ക്രിക്കറ്റ് ഇതുകൊണ്ട് കൂടിയാണ് അത് ജെന്റിൽമാൻസ് ഗെയിം ആകുന്നതും. സ്വന്തം നേട്ടത്തിനപ്പുറമായി അപരന്റെ നഷ്ടം കാണുവാനുള്ള മനസ്സ് . ഒരു പക്ഷേ സഞ്ജു തിരിച്ച് ക്രീസിൽ കയറിയിരുന്നുവെങ്കിൽ ഈ ലോകം മുഴുവനവനെ കുറ്റപ്പെടുത്തിയേനെ .
സ്വന്തം കരിയർ നോക്കി കളിക്കുന്നവൻ എന്ന് പഴി പറഞ്ഞേനേ. പക്ഷേ അവൻ അങ്ങനെയായിരുന്നില്ല. ഒരു വേള നല്ല ഫോമിൽ കളിച്ച് സെഞ്ചുറി നേടുവാനും ഹീറോ ആകുവാനും കഴിയുമായിരുന്ന മത്സരത്തിനെ അവൻ ഒറ്റ നിമിഷത്തെ തീരുമാനം കൊണ്ടവൻ മാറ്റി എഴുതി. വിമർശനങ്ങൾ ഏറെ ഇനിയുമേൽക്കേണ്ടി വരുമെങ്കിലും പ്രിയ സുഹൃത്തിനായി അവൻ വഴി മാറി. അല്ലെങ്കിലും കരിയർ നോക്കാതെ തനിക്ക് മുൻപിൽ എത്തുന്ന പന്തുകൾ വലിച്ചടിക്കാൻ മാത്രം ശീലിച്ച അയാൾക്ക് എങ്ങിനെയാണ് മറ്റൊരാളെ തന്റെ നേട്ടത്തിനായി വലിച്ചെറിഞ്ഞു കൊടുക്കുവാൻ കഴിയുക.
മലയാള നാടിന് രണ്ടാമത് ഒന്ന് ആലോചിക്കാതെ അഭിമാനമായി വിളിച്ചു പറയുവാൻ ആ പേര് ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്. എന്നാലും ഒരു പ്രതീക്ഷ അയാൾ ബാക്കിയാക്കുന്നുണ്ട് ഒരു നാൾ അടർത്തിമാറ്റുവാൻ കഴിയാത്ത അഭിവാദ്യ ഘടകമായി ഇന്ത്യൻ നിരയിൽ ഒരു മലയാളി ഉണ്ടാകുമെന്ന പ്രതീക്ഷ.
ലൂസിഫർ സിനിമയിൽ ടൊവിനോ തോമസ് അവതരിപ്പിച്ച ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ വീരോജ്വല രംഗ പ്രവേശം പോലെ. സഞ്ജുവും ബാറ്റു കൊണ്ട് വിളിച്ചു പറയുകയാണ്
” എനിക്ക് ശ്രദ്ധിച്ച് ബാറ്റ് ചെയ്യാനുമറിയാം വേണ്ടി വന്നാൽ അർധസെഞ്ചുറി നേടാനുമറിയാം , നിർണ്ണായക മത്സരത്തിൽ നോക്കി കളിക്കാനുമറിയാം , ബോൾ കണ്ടാൽ അടിച്ചപ്പുറത്തിടാനുമറിയാം “
പ്രിയപ്പെട്ട സഞ്ജു ഒന്നു മാത്രം നിങ്ങൾ ജയിക്കും .ജയിക്കുന്ന ഒരു ദിനം ഉറപ്പായുമെത്തും നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളാണ് നിങ്ങൾ ………