ഭൂമി തിരികെ നൽകാം,എടുക്ക് പതിനായിരം! തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങിക്കുന്നതിനിടെ റവന്യു ഉദ്യോഗസ്ഥന്‍ വിജിലന്‍ പിടിയിൽ

തിരുവനന്തപുരം :കൈക്കൂലി വാങ്ങിക്കുന്നതിനിടെ റവന്യു ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയില്‍. തിരുവനന്തപുരം താലൂക്ക് സര്‍വേയര്‍ ഗിരീഷിനെയാണ് പതിനായിരം രൂപയുമായി പിടിച്ചത്.ചിറയിന്‍കീഴ് സ്വദേശി അബ്ദുല്‍ വാഹിദിന് മുരുക്കുംപുഴയിലുള്ള രണ്ടേക്കര്‍ പുരയിടത്തില്‍ പകുതി ഇയാള്‍ ഗള്‍ഫിലായിരുന്നപ്പോള്‍ പരേതയായ സഹോദരിയുടെ മകന്റെ പേരിലേക്ക് ബന്ധുക്കള്‍ മാറ്റിയിരുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ചായിരുന്നു ഇത്. ഗള്‍ഫില്‍ നിന്നെത്തിയ അബ്ദുല്‍ വാഹിദ് ഈ ഭൂമി ഭൂമി തിരികെ ലഭിക്കാന്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.തുടര്‍ന്ന് കലക്ടര്‍ താലൂക്ക് സര്‍വേയറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പലതവണ വാഹിദ് ഗിരീഷിനെ കണ്ടെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം ഗിരീഷ് പതിനായിരം രൂപ ആവശ്യപ്പെട്ടു. ഇക്കാര്യം അബ്ദുല്‍ വാഹിദ് വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ എസ്പി കെ ഇ ബൈജുവിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി എം പ്രസാദ്, സിഐ സിയാഹുല്‍ ഹഖ് എന്നിവരുടെ നേതൃത്വത്തിലാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഗിരീഷിനെ പിടികൂടിയത്.എസ്‌ഐ ഗോപകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രവീണ്‍, കൃഷ്ണകുമാര്‍, ജയന്‍, ജയകുമാര്‍, നിസാമുദീന്‍, അജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സാജന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം അറിയിച്ചു.

Advertisements

Hot Topics

Related Articles