കോട്ടയം: എംജി സര്‍വകലാശാലയിലെ സമരത്തില്‍ വിദ്യാര്‍ത്ഥിനിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് ജില്ലാ ഭരണകൂടം. കളക്ടര്‍ സമരപ്പന്തലില്‍ വരണമെന്ന ആവശ്യമാണ് ഗവേഷക വിദ്യാര്‍ത്ഥിനി ദീപ ആവശ്യപ്പെടുന്നത്. നിരാഹാരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ദീപയുടെ ആരോഗ്യ നില മോശമാണ്. ഇന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍, ശബരീനാഥന് എന്നിവര്‍ സമരപ്പന്തലില്‍ എത്തി ദീപയെ സന്ദര്‍ശിച്ചു.
നാനോ സയന്‍സസില്‍ ഗവേഷക വിദ്യാര്‍ത്ഥി ആയ ദീപയ്ക്ക് കോടതി ഉത്തരവുണ്ടായിട്ടും നാനോ സയന്‍സസ് ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കാളരിക്കല് ജാതിയുടെ പേരില്‍ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി. ഇതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം തുടങ്ങിയപ്പോള്‍ ദീപയെ ചര്‍ച്ചയ്ക്ക് വിളിച്ച വിസി സാബു തോമസ് ഗവേഷണത്തിന് സൗകര്യം ഒരുക്കാമെന്നും താന്‍ ദീപയുടെ ഗൈഡ് സ്ഥാനം ഏറ്റെടുക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കണം എന്ന ആവശ്യത്തില്‍ ദീപ ഉറച്ചു നില്‍ക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി നിയമ പോരാട്ടത്തില്‍ ആണ് ദീപ. ഏതാനു ദിവസങ്ങളായി നിരാഹാര സമരത്തില്‍ ആയിരുന്ന ദീപയ്ക്ക് കോട്ടയം താഹിസില്‍ദാര്‍ ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറാന്‍ തയ്യാറായത്. ചികിത്സയ്ക്ക് ശേഷം ദീപ സമര പന്തലിലേക്ക് മടങ്ങി. ഇന്റര്‍നാഷണല്‍ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ ദീപ എംഫില്‍ പ്രവേശനം നേടി. അന്നുമുതല്‍ താന്‍ അനുഭവിച്ചത് കടുത്ത ജാതി വിവേചനമെന്ന് ദീപ പറയുന്നു. 2 ദളിത് വിദ്യാര്‍ത്ഥികളും ദീപയ്ക്കൊപ്പം എംഫിലില്‍ പ്രവേശനം നേടിയെങ്കിലും നിന്ദ്യമായ വിവേചനം സഹിക്കാതെ ആ രണ്ട് പേര് കോഴ്സ് ഉപേക്ഷിച്ചു. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും സര്‍വകലാശാല അധികൃതര്‍ ആവുന്നത്ര ദീപയെ ദ്രോഹിച്ചു.
2012ല്‍ പൂര്‍ത്തിയാക്കിയ എംഫിലിന്റെ സര്‍ട്ടിഫിക്കറ്റ് പല കാരണങ്ങള്‍ നിരത്തി താമസിപ്പിച്ചു. ഒടുവില്‍ ദീപയ്ക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടിയത് 2015ലാണ്. 2015ല്‍ ദീപയുടെ പരാതി പരിശോധിക്കാന്‍ രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അടങ്ങുന്ന സമിതിയെ സര്‍വകാശാല നിയോഗിച്ചിരുന്നു. ഡോ എന്‍ ജയകുമാറും ശ്രീമതി ഇന്ദു കെഎസും അടങ്ങുന്ന സമിതി കണ്ടെത്തിയത് ഗുരുതരമായ കാര്യങ്ങളാണ്. ഒരു സര്‍വകാലശാലയില്‍ നടക്കാന്‍ പാടില്ലാത്തത്.2018 ഡിസംബറിലും 2019ലെ ഫെബ്രുവരിയിലും മാര്‍ച്ചിലുമൊക്കെയായി ദീപയ്ക്ക് അനുകൂലമായ കോടതി ഉത്തരവുകളുണ്ടായി. ആരോപണ വിധേയനായ അധ്യാപകനെ നേരിട്ട് വിളിച്ച് ഹൈക്കോടതി ശാസിച്ചു. ഇല്ലാത്ത കോടതി ഉത്തരവിന്റെ പേരില്‍ ഇപ്പോഴും ആരോപണ വിധേയനെ, ജാതി വിവേചനത്തിന് നേതൃത്വം നല്കിയ ആളെ സംരക്ഷിക്കുകയാണ് സര്‍വകലാശാലയെന്ന് ദീപ പറയുന്നു.