കൊച്ചി: കെ.എസ്.ആർ.ടി.സി ഡീസൽ ക്ഷാമത്തിൽ ജില്ലയും പ്രതിസന്ധിയിലേക്ക്. ആകെ 422 സർവീസുകളിൽ വിവിധ ഡിപ്പോകളിലായി 63എണ്ണം ഇന്നലെ റദ്ദാക്കി. വെള്ളിയാഴ്ച 27 സർവീസുകളേ വെട്ടിക്കുറച്ചിരുന്നുള്ളു. ഇന്ന് വൈകിട്ടാകുമ്പോഴേക്ക്
130ലേറ ബസുകൾ റദ്ദാക്കേണ്ടി വരുമെന്ന് അധികൃതർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എറണാകുളം ഡിപ്പോയിൽ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ മുടക്കമില്ലാതെ സർവീസ് നടന്നത്. വെള്ളിയാഴ്ച 19,000ലിറ്ററും ഇന്നലെ 4,500ലിറ്ററും ഡീസലെത്തി. ഇനി ആകെ 20,00ലിറ്റർ മാത്രമാണ് സ്റ്റോക്കുള്ളത്. ആലുവ, പെരുമ്പാവൂർ,പറവൂർ, കോതമംഗലം, മൂവാറ്റുപുഴ ഡിപ്പോകളിലൊന്നും ഇന്നലെ രാത്രിവരെ ഡീസലെത്തിയില്ല. മറ്റ് പമ്പുകളിൽ നിന്ന് ഡീസൽ അടിക്കുന്ന പിറവത്തെയും കൂത്താട്ടുകുളത്തെയും ബസുകൾക്ക് ഡീസലുകൾ ലഭ്യമല്ല. പല ഡിപ്പോകളിലെയും ബസുകൾ സ്വകാര്യ പമ്പുകളിൽ നിന്നാണ് ഇന്ധനം നിറച്ചത്.
ആലുവ
12 ഓർഡിനറി റദ്ദാക്കി. 44 സർവീസുകൾക്കായി 5,000ലേറെ ലിറ്റർ ഡീസൽ പ്രതിദിനം വേണ്ടിവരുന്ന ഇവിടെ ഇന്നലെ ഉച്ചകഴിഞ്ഞപ്പോൾ സ്റ്റോക്ക് തീർന്നു. ലോഡ് എത്തിയതുമില്ല. മറ്റ് ഡിപ്പോകളിൽ നിന്ന് എത്തുന്ന ബസുകളും ഇവിടെ നിന്ന് ഇന്ധനമടിക്കുന്നുണ്ട്. മൂന്നാർ മേഖലയിലേക്ക് പോകേണ്ട ബസുകൾക്ക് പലതിനും ഡീസൽ നൽകാനുമായില്ല. ഇന്നും കൂടി സ്റ്റോക്ക് എത്തിയില്ലെങ്കിൽ മലയോരമേഖലകളിലേക്കുള്ള ബസുകൾ ഇവിടെ കുടുങ്ങും.
അങ്കമാലി
34 സർവീസിൽ 14 എണ്ണം റദ്ദാക്കി. 6,000ലിറ്റർ ഡീസൽ ഇന്നലെ രാവിലെ എത്തിയെങ്കിലും വൈകിട്ടോടെ തീർന്നു. ശരാശരി 5,000- 7,000 ലിറ്റർ ഡീസൽ ഇവിടെ വേണം.
പറവൂർ
40ൽ 14 ഓർഡിനറി സർവീസുകൾ റദ്ദാക്കി. തിരക്കുള്ള സർവീസുകളാണിവ. പ്രതിദിനം 5,000ലിറ്റർ വേണ്ട ഇവിടെ ഇന്നലെ രാവിലെ മുതൽ ഡീസലില്ല. മൂന്ന് ദിവസമായി പ്രതിസന്ധിയിലാണ്.
പെരുമ്പാവൂർ
പെരുമ്പാവൂരിലെ ബസുകൾ മറ്റ് ഡിപ്പോകളിൽ നിന്ന് ഡീസലടിച്ചതിനാൽ അഞ്ച് സർവീസുകളെ റദ്ദാക്കിയുള്ളു. എ.സി ബസുൾപ്പെടെയുള്ള വണ്ടികളാണ് റദ്ദാക്കിയത്. പ്രതിദിനം 5,000ലിറ്ററാണ് ഇവിടെ വേണ്ടത്.
പിറവം, കൂത്താട്ടുകുളം (പമ്പുകളില്ല)
പിറവത്ത് ആകെയുള്ള 30ൽ ആറും കൂത്താട്ടുകുളത്ത് ആകെയുള്ള 21ൽ നാലും സർവീസുകൾ റദ്ദാക്കി. പിറവത്തെ ബസുകൾ പാല, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് കൂത്താട്ടുകുളത്തെ ബസുകൾ കോട്ടയം, പാലാ, എറണാകുളം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുമാണ് സാധാരണ ഇന്ധനം നിറക്കുന്നത്. ഇന്നലെ പലവണ്ടികൾക്കും ഇവിടങ്ങളിൽ നിന്ന് ഇന്ധനം ലഭിക്കാതിരുന്നതോടെയാണ് സർവീസ് റദ്ദാക്കിയത്.
കോതമംഗലം
സാധാരണ 4,500ലിറ്റർ ഡീസൽ പ്രതിദിനം വേണം. ഇന്നലെ രാവിലെ മുതൽ സ്റ്റോക്ക് ഇല്ല. സ്വകാര്യ പമ്പിൽ നിന്നാണ് ഇന്ധനമടിച്ചത്. ആകെയുള്ള 38ൽ രണ്ട് ഓർഡിനറി സർവീസുകളാണ് റദ്ദാക്കിയത്. ഇന്ന് കൂടുതൽ വാഹനങ്ങൾ റദ്ദാക്കും.
മൂവാറ്റുപുഴ
എട്ട് ഓർഡിനറി സർവീസും രണ്ട് ഫാസ്റ്റ് പാസഞ്ചറുമാണ് ഇന്നലെ റദ്ദാക്കിയത്. ഡീസൽ എത്തിയിട്ടില്ല. സ്റ്റോക്ക് ഇന്നലെ രാവിലെ തീർന്നു. 5,000ലിറ്ററിനടുത്താണ് പ്രതിദിനം വേണ്ടത്.