വൈക്കം: വൈക്കത്തു നിന്നും ആരംഭിച്ച രാമപുരം നാലമ്പല ദർശനത്തിനായുള്ള കെ എസ് ആർ ടി സി യുടെ സ്പെഷ്യൽ ട്രിപ്പിന് മികച്ച പ്രതികരണം. വൈക്കം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് രാവിലെ ഏഴിന് പുറപ്പെട്ട നാലമ്പല ദർശന യാത്രാ ബസിൽ കഴിഞ്ഞ രണ്ടു ദിവസവും ഭക്തരുടെ നല്ല തിരക്കായിരുന്നു. കഴിഞ്ഞ ദിവസം സി.കെ. ആശ എം എൽ എ യാണ് നാലമ്പലദർശന യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. രാമപുരം ശ്രീരാമ ക്ഷേത്രം , കുടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം , അമനകര ഭരതസ്വാമി ക്ഷേത്രം , മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവ സന്ദർശിച്ച് തിരിച്ച് രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ എത്തി അവിടെ നിന്നും വൈക്കത്ത് ഉച്ചയ്ക്ക് ഒന്നിന് സമാപിക്കുന്ന രീതിയിലാണ് നാലമ്പലദർശനം ഒരുക്കിയിരിക്കുന്നത്. ഭക്തർക്ക് ദർശനം നടത്തുന്നതിനും പ്രസാദം വാങ്ങുന്നതിനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തജന ഗ്രൂപ്പുകൾക്കും മറ്റു സംഘടനകൾക്കും പ്രത്യേകം ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ബുക്കിംഗിനായി രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ 9995987321എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് വൈക്കം എ ടി ഒ അറിയിച്ചു.