കോട്ടയം: വർഷങ്ങളായുള്ള കടബാധ്യത മറികടന്നതിന്റെ ആശ്വാസത്തിലാണ് ഏറ്റുമാനൂർ കട്ടച്ചിറ പറയൻകുന്നേൽ ബിജു ദേവസ്യ. വീട് പുനർനിർമിക്കാനാണ് ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നാലു വർഷം മുമ്പ് ബിജുവിന്റെ അച്ഛൻ രണ്ടു ലക്ഷം രൂപ വായ്പയെടുത്തത്. എന്നാൽ 2019 ൽ അച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെ തിരിച്ചടവ് മുടങ്ങി. ബിജുവിന് കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
കോവിഡ് പ്രതിസന്ധി വന്നതോടെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഇരട്ടിയായി. അമ്മയുടെ ചികിത്സയ്ക്കും സഹോദരിയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ചെലവിനുമായി കഷ്ടപ്പെടുമ്പോഴാണ് അദാലത്തിലേക്ക് അപേക്ഷ സമർപ്പിച്ചത്. ബിജുവിന് റിസ്‌ക് ഫണ്ട് ധനസഹായമായി 1.50 ലക്ഷം രൂപയാണ് അനുവദിച്ചത്. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ബിജുവിന് തുക കൈമാറി.