കൊച്ചി: എറണാകുളം നഗരമധ്യത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. എറണാകുളം ടൗൺഹാളിനു സമീപം ബുധനാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. കൊല്ലം സ്വദേശി എഡിസൺ (40) ആണ് മരിച്ചതെന്ന് സെൻട്രൽ പോലീസ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന മുളവുകാട് സ്വദേശിക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
നോർത്ത് മേൽപാലത്തിനു താഴെയുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും. പരസ്പരം പരിചയമുള്ളവരല്ലെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൈയിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. സംഭവശേഷം താമസിക്കുന്ന ലോഡ്ജിലേക്ക് ഓടിക്കയറിയ പ്രതി സാധനങ്ങളുമെടുത്ത് രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് മുറി പരിശോധിച്ചപ്പോൾ ലഭിച്ച ആധാർകാർഡിൽ നിന്ന് പ്രതിയുടെ വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.