ആർ.കെ
ന്നാ താൻ കേസ് കൊട്
സിനിമയും അതിന്റെ രാഷ്ട്രീയവും.. സിനിമയ്ക്കു പുറത്തെ രാഷ്ട്രീയവും സംഭാഷണവും പോലും വിവാദമാകുന്ന കാലമാണ്. വിവാദത്തിന് സിനിമയുടെ വിജയത്തിൽ മാർക്കറ്റുണ്ടെന്ന് തന്നെയാണ് ഇപ്പോഴത്തെ പല സിനിമകളുടെയും വിജയ പരാജയങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. താരസമ്പന്നവും, ആക്ഷൻ രംഗങ്ങളാൽ ആവശ്യത്തിലധികം ആവേശം ജനിപ്പിക്കുന്നതുമായ കടുവ ചർച്ചയായത് ഇല്ലാതായ ഒരു ഡയലോഗിന്റെ പേരിലായിരുന്നു. സിനിമ എന്നത് ഒന്നോ രണ്ടോ പേരുടെ മനസിൽ വരുന്ന ആശയം മാത്രമാണ്. ആ ആശയം അവർക്ക് കിട്ടുന്നത് സമൂഹത്തിൽ നിന്നു തന്നെയാണ്. ആ സമൂഹത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഈ സിനിമയിലും ഉണ്ടാകും. അതു കൊണ്ടു തന്നെ റോഡിലെ കുഴി സിനിമയിൽ വന്നാൽ, അത് നാട്ടിലെ ഭരണക്കാരുടെ എല്ലൊടിക്കുന്ന മരണക്കുഴിയാകും. അതെ ഇത് തന്നെയാണ് ന്നാ താൻ കേസുകൊട് പറയാതെ പറയുന്നത്.. റോഡിൽ കുഴിച്ച കുഴിയിൽ വീണ രാഷ്ട്രീയക്കാരുടെ കഥകളാണ് ന്ന താൻ കേസ് കൊട് പറയുന്നത്.
കടുവയിൽ വിവാദമായത് ഒരു ഡയലോഗാണെങ്കിൽ, ആ ഡയലോഗില്ലാതെ മുന്നോട് പോകാത്ത ആ സിനിമയിലെ ഡയലോഗിനെ വെട്ടിമാറ്റിയാണ് ഇപ്പോൾ ആ സിനിമയിറങ്ങിയിരിക്കുന്നത്. എന്നാൽ, റോഡിലെ കുഴിയേക്കാൾ ഉപരി പോസ്റ്ററിലെ കുഴിയാണ് ന്നാ താൻ കേസ് കൊട് സിനിമയെ കുരുക്കിലാക്കിയത്. പല പത്രങ്ങളിൽ പല കാലത്ത് വന്ന വാർത്തകൾ വെട്ടിക്കൊരുത്തു കൂട്ടി വച്ച് ഒരു കഥയുണ്ടാക്കി, ആർക്കും സിനിമയാക്കാവൂന്ന ഒരു സബ്ജക്ട്. പക്ഷേ, അത് ചെയ്യാനുള്ള ധൈര്യം, അതിന്റെ മേക്കിംങ് കാലത്തെയും സമയത്തെയും കൃത്യമായ കൂട്ടി യോജിപ്പിച്ച രീതി.. അത് തന്നെയാണ് ന്നാ താൻ കേസ് കൊട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു കള്ളൻ സമൂഹത്തിൽ എല്ലാക്കാലത്തും കള്ളൻ തന്നെയാകും. അത് സ്വന്തം കുടുംബത്തിലായാൽ പോലും. എന്നതാണ് കുഴിയേക്കാൾ ഉപരി സിനിമ പറയുന്നത്. ആദ്യം കള്ളനായപ്പോൾ അവനോട് സമൂഹം ചോദിക്കാതിരുന്ന ആ ചോദ്യം, ഇന്നും ഒരു കള്ളനോടും ആരും ചോദിക്കുന്നില്ല. ആദ്യ മോഷണത്തിൽ ഒരു പക്ഷേ ആ കള്ളനോട് ആരെങ്കിലും ആ ചോദ്യം ചോദിച്ചിരുന്നെങ്കിൽ, അവന്റെ മറുപടിയ്ക്ക് അവർ ഉത്തരം നൽകിയിരുന്നെങ്കിൽ, ആ കള്ളൻ ഉണ്ടാകുമായിരുന്നില്ല. കള്ളന്മാർ ഉണ്ടാകുമായിരുന്നില്ല. കള്ളന്മാരെ ഉണ്ടാക്കുന്ന ഫാക്ടറികൾ ആ ചോദ്യമില്ലാത്ത ഉത്തരങ്ങളാകുന്നു.
നമ്മുടെ റോഡിലെ കുഴിയുടെ ഉത്തരവാദി മന്ത്രിയാകുന്നത് എങ്ങിനെ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ന്നാ താൻ കേസ് കൊട്. അത് ഏതെങ്കിലും ഒരു മന്ത്രിയെ ഉദ്ദേശിച്ചല്ല. നമ്മുടെ സംവിധാനങ്ങളിൽ നടക്കുന്ന അഴിമതിയും കൊള്ളയും കണ്ടിട്ടും മിണ്ടാതെ മൗനത്തിലിരിക്കുന്ന വിദ്വാന്മാർക്കുള്ള കൊട്ട് തന്നെയാണ്. തെളിവായി കുണ്ടി തന്നെ കോടതിയിൽ ഹാജരാക്കിയിട്ടും, ഒരു കേസിന്റെ നീളവും, വിധി പറയാനുള്ള സമയവും എത്രത്തോളം നീണ്ടു പോകുന്നു എന്നതും, ലോകത്തിലെ ഏറ്റവും വലിയ അലസനെന്നു തോന്നിപ്പിക്കുന്ന മജിസ്ട്രേറ്റും ചൂണ്ടിക്കാട്ടുന്നത് നമ്മുടെ നിയമസംവിധാനത്തിലെ പോരായ്മകളെ തന്നെയാണ്.
ന്നാ താൻ കേസ് കൊട് – അത് ഒരു ഭീഷണിയാണ്. തന്റെ വസ്തു കയ്യേറിയത് ചോദിക്കാൻ ചെന്നാൽ. ബി.എം.ഡബ്യു കാർ ഓട്ടോറിക്ഷയിൽ മുട്ടിയാൽ. റോഡിലെ കുഴിയെപ്പറ്റി കോടീശ്വരനായ കരാറുകാരനോട് ചോദിച്ചാൽ കിട്ടുന്ന മറുപടി. കേസ് കൊടുക്കില്ലെന്ന ഉറപ്പും കൊടുത്താൽ തന്നെ ജയിക്കില്ലെന്നും, ജയിച്ചാലും തോറ്റാലും കയറിയിറങ്ങി നടക്കേണ്ടി വരുമെന്ന ഭീഷണിയും സാധാരണക്കാരനെ കോടതികളിൽ നിന്ന് അകറ്റുന്നു. അതേ.. ഇത് വെറുമൊരു കുഴിയുണ്ടാക്കിയ കഥയല്ല. ഇത് അത് തന്നെയാണ് ഒരു സംവിധായകന്റെ പ്രതിഷേധം.. സമൂഹത്തോടുള്ള പ്രതിഷേധം, സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രതിഷേധം.